കാര്‍ഷിക പദ്ധതി ആനുകൂല്യം ഇനി ജാതിക്കൃഷിക്കും

jathiകൊച്ചി: തദ്ദേശസ്ഥാപനങ്ങളിലെ കാര്‍ഷിക പദ്ധതികളുടെ ആനുകൂല്യം ലഭിക്കാവുന്ന മൈക്രോ സെക്ടറല്‍ കോഡ് (ഫിനാന്‍സ് കോഡ്) ഇനി ജാതിക്കൃഷിക്കും. ജാതിക്കൃഷിയുടെയും കര്‍ഷകരുടെയും പ്രോത്സാഹനത്തിനു ഫണ്ട് വകയിരുത്താനും പദ്ധതികള്‍ ആവിഷ്കരിക്കാനും സബ്‌സിഡി ആനുകൂല്യങ്ങള്‍ നല്‍കാനും തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി.

മൈക്രോ സെക്ടറല്‍ കോഡിന്റെ ഭാഗമായുള്ള മൈക്രോ ഹെഡ് അനുവദിക്കാന്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷനു (ഐകെഎം) നിര്‍ദേശം നല്‍കിയതായും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി എ.കെ. മോഹനകുമാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലേക്കും അയച്ചിട്ടുണ്ട്.

നിലവില്‍ വാഴ, തെങ്ങ്, നെല്ല് തുടങ്ങി ഏതാനും ഇനങ്ങള്‍ മാത്രമാണു മൈക്രോ സെക്ടറല്‍ കോഡില്‍ ഉള്‍പ്പെട്ടിരുന്നത്. ജാതിക്കൃഷി ധാരാളമായുള്ള മേഖലകളില്‍ ഈ വിളകള്‍ക്കൊപ്പം ജാതിയെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി തയാറാക്കിയാലും ഫണ്ട് അനുവദിക്കുന്നതിനു തടസമുണ്ടായിരുന്നു. ഈ തടസമാണ് ഇപ്പോള്‍ മാറുന്നത്.

ജാതിമരങ്ങള്‍ക്ക് ഉണ്ടാകുന്ന ഫംഗസ് ബാധയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മാര്‍ഗങ്ങളും പവര്‍ സ്‌പ്രേ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും സാധാരണക്കാരനു ലഭ്യമാക്കുന്നതിന് ഇനി തദ്ദേശ സ്ഥാപനങ്ങള്‍ക്കു സ്വതന്ത്രമായി തീരുമാനമെടുക്കാനാകും. സര്‍ക്കാര്‍ ആരംഭിക്കാനുദ്ദേശിക്കുന്ന അഗ്രോ പാര്‍ക്കുകളില്‍ ജാതിയില്‍നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ വിപണനം നടത്താനും സാധിക്കും.

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ, മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിയുടെ ഭാഗമായി ജാതിത്തോട്ടങ്ങള്‍ക്കു ഹെക്ടര്‍ ഒന്നിന് 20,000 രൂപ ധനസഹായം ലഭിക്കും. കീടനിയന്ത്രണത്തിനും കൃഷിനാശത്തിനും നേരിട്ടും ഇന്‍ഷ്വറന്‍സ് പദ്ധതിപ്രകാരവും ജാതിക്കര്‍ഷകര്‍ക്കു വിവിധ സഹായങ്ങള്‍ നിലവില്‍ കൃഷിവകുപ്പ് ലഭ്യമാക്കുന്നുണ്ട്.

ജാതിക്കര്‍ഷകര്‍ക്കു പഞ്ചായത്ത് വഴി ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്ന തരത്തില്‍ മൈക്രോ സെക്ടറല്‍ കോഡില്‍ ജാതിക്കൃഷിയെകൂടി ഉള്‍പ്പെടുത്താന്‍ തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെടുമെന്നു കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ നേരത്തേ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ജാതിക്കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി ചൂണ്ടിക്കാട്ടി അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍ അവതരിപ്പിച്ച സബ്മിഷനു മറുപടിയായാണു മന്ത്രി ഇക്കാര്യം അറിയിച്ചത്.

മൈക്രോ സെക്ടറല്‍ കോഡിന്റെ പട്ടികയില്‍ ജാതിക്കൃഷിയെയും ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ ആയിരക്കണക്കിനു ജാതിക്കര്‍ഷകര്‍ക്ക് ആശ്വാസകരമാണെന്നു റോജി എം. ജോണ്‍ എംഎല്‍എ പറഞ്ഞു. സംസ്ഥാനത്താകെ 19,627 ഹെക്ടര്‍ സ്ഥലത്ത് ജാതിക്കൃഷിയുണ്ടെന്നാണു കൃഷിവകുപ്പിന്റെ കണക്ക്.

മധ്യകേരളത്തിലാണു കര്‍ഷകര്‍ ഏറെയും. അങ്കമാലി, കാലടി മേഖലയാണു ജാതിക്കയുടെ പ്രധാന വിപണി.

സിജോ പൈനാടത്ത്

Related posts