ജയലളിതയുടെ നില അതീവഗുരുതരം: കെഎസ്ആര്‍ടിസി തമിഴ്‌നാട്ടിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു; കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു

jayalalithaഎം.സുരേഷ്ബാബു
തിരുവനന്തപുരം: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയിലായ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രത. ക്രമസമാധാന പ്രശ്‌നങ്ങള്‍  ഉണ്ടാകാതിരിക്കാന്‍ സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളോടും ജാഗ്രത പാലിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.

തമിഴ്‌നാട്ടിലെ വലിയൊരു വിഭാഗം കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. കൂടാതെ വിവിധ മേഖലകളില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നുണ്ട്. വൈകാരികമായ ഒരു പ്രതികരണം ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണമെന്നും ഡിജിപി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള- തമിഴ്‌നാട് അതിര്‍ത്തികളില്‍ സുരക്ഷാ സന്നാഹത്തിന്റെ ഭാഗമായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

ചെക്ക് പോസ്റ്റുകളിലും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടക സര്‍ക്കാരിന്റെ ബസ്സുകള്‍ക്ക് നേരെ തമിഴ്‌നാട്ടില്‍ കല്ലേറ് നടന്നിരുന്നു.  കേരളത്തില്‍ നിന്നും കന്യാകുമാരി, കോയമ്പത്തൂര്‍, ഊട്ടി ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ്സുകള്‍ സര്‍വീസ് നിര്‍ത്തിവച്ചു. ചുരുക്കത്തില്‍ കെഎസ്ആര്‍ടിസിയുടെ ഒരു ബസ്സും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തമിഴ്‌നാട്ടിലേക്ക് സര്‍വീസ് നടത്തരുതെന്നാണ് കെഎസ്ആര്‍ടിസി  ഡിപ്പോകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

അതേ സമയം തമിഴ്‌നാട്- കര്‍ണാടക- കേരള അതിര്‍ത്തിയായ വയനാട് ചെക്ക് പോസ്റ്റ് പ്രദേശത്തും സുരക്ഷാ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജയലളിതയുടെ ആരോഗ്യസ്ഥിതി ഗുരുതരമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടിലെ മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരും യൂണിഫോമില്‍ അതാത് പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് തമിഴ്‌നാട് ഡിജിപി ഇന്നലെ രാത്രിയില്‍ തമിഴ്‌നാട്ടിലെ  പോലീസ് സ്റ്റേഷനുകളില്‍ വയര്‍ലെസ് സന്ദേശം നല്‍കിയിരുന്നു.

ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി പോലീസിന്റെ നിയന്ത്രണത്തിലാണ്. തമിഴ്‌നാട് ജനത അപ്പോളോ ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് പോലീസ് സുരക്ഷാ വര്‍ധിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാനപ്പെട്ട ജംഗ്ഷനുകളിലും ജനത്തിരക്കേറിയ സ്ഥലങ്ങളിലും പോലീസ് നിയന്ത്രണത്തിലാണ്. ജനങ്ങളുടെ ഭാഗത്ത് നിന്നും വൈകാരിക പ്രതികരണമുണ്ടാകുന്നത് ചെറുക്കാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്.

കര്‍ണാടക അതിര്‍ത്തിയിലും ജാഗ്രതാനിര്‍ദേശം
ബംഗളൂരു: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടര്‍ന്ന്  കര്‍ണാടക അതിര്‍ത്തിയും ജാഗ്രതാ നിര്‍ദേശം നല്‍കി.  ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയൊരുക്കാന്‍ എസ്പിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കി.  അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ക്കു നേരെ തമിഴ്‌നാട്ടിലെ ചിലയിടങ്ങളില്‍ കല്ലേറുണ്ടായ സാഹചര്യ ത്തിലാണ്.

അപ്പോളോ ആശുപത്രിവളപ്പില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു
ചെന്നൈ: കുമാരി ജെ. ജയലളിതയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചതിനെ തുടര്‍ന്ന് അപ്പോളോ ആശുപത്രിക്കു മുന്നിലേക്ക് എഡിഎംകെ പ്രവര്‍ത്തകരും ജനങ്ങളും ഒഴുകിയെത്തുകയാണ്. ഇതെ തുടര്‍ന്ന് ആശുപത്രി പരിസരത്ത് അര്‍ധ സൈനിക വിഭാഗത്തെ വിന്യസിച്ചു. മഹാരാഷ്ട്രയില്‍നിന്നും ചെന്നൈയില്‍ തിരിച്ചെത്തിയ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ടെലിഫോണിലൂടെ സംസാരിച്ചു. പത്തു മിനിറ്റോളം സംസാരിച്ച അദ്ദേഹം ജയലളിതയുടെ ആരോഗ്യവിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

തമിഴ്‌നാട് സര്‍ക്കാരിലെ മന്ത്രിമാരും ഉന്നതഉദ്യോഗസ്ഥരും അപ്പോളോ ആസ്പത്രിയിലെത്തിയിട്ടുണ്ട്. ചെന്നൈ ആശുപത്രിക്കു മുന്നില്‍ തമിഴ്‌നാട് പോലീസിന്റെ വന്‍സംഘവും നിലയുറപ്പിച്ചിട്ടുണ്ട്. മുഴുവന്‍ പോലീസ് ഉദ്യോഗസ്ഥരോടും ജോലിക്കെത്താനും നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കാനുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഡോക്ടര്‍മാര്‍ തീവ്രശ്രമത്തില്‍
ചെന്നൈ: ഹൃദയാഘാതം മൂലം അപ്പോളോ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന്‍ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ തീവ്രശ്രമത്തില്‍. കൃത്രിമ ഉപകരണങ്ങളുടെ സഹായ ത്തോടെയാണ് ജയലളിതയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്ന തെന്നാണ് വിവരം. ലണ്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍ ഡോ. റിച്ചാര്‍ഡ് ബെയ്‌ലിയുടെ സഹായം തേടിയതായും അപ്പോളോ ആശു പത്രി അധികൃതര്‍ അറിയിച്ചു. അദ്ദേഹമാണ് ലണ്ടനില്‍നിന്ന് അപ്പോളോയിലെ ജയലളിതയെ ചികിത്സിക്കുന്ന ഹൃദ്രോഗ വിദഗ്ധരുടേയും പള്‍മനോള ജിസ്റ്റുകളുടേയും പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്.

എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു
ചെന്നൈ: മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതില്‍ മനംനൊന്ത് എഡിഎംകെ പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. ചെന്നൈയിലെ എഡിഎംകെ ആസ്ഥാനത്തിനു മുന്നിലാണ് പ്രവര്‍ത്തകന്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച വാര്‍ത്ത ടെലിവിഷനില്‍ കാണുന്നതിനിടെ പാര്‍ട്ടി പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു. കടലൂര്‍ ജില്ലയിലാണ് എഐഡിഎംകെ പ്രവര്‍ത്തകനാണ് മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത് യന്ത്രസഹായത്താല്‍; ടിവി കാണുന്നതിനിടെ എഐഎഡിഎംകെ പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു

Related posts