ഒപ്പം മലകയറിയ ബിന്ദു സുഖിക്കുമ്പോള്‍ കനകദുര്‍ഗയ്ക്ക് ഇത് കഷ്ടകാലം ! വീട്ടില്‍ കയറാന്‍ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമായില്ല; ഒരാവേശത്തിന് ശബരിമലയില്‍ കയറിയ കനകദുര്‍ഗയുടെ ഇപ്പോഴത്തെ ജീവിതം കയ്യാലപ്പുറത്തെ തേങ്ങപോലെ…

മലപ്പുറം: ശബരിമലയില്‍ പ്രവേശിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ബിന്ദുവും കനകദുര്‍ഗയും മലകയറിയത് ഒരുമിച്ചായിരുന്നെങ്കിലും ഇരുവരുടെയും ഇന്നത്തെ ജീവിതം രണ്ടു തട്ടിലാണ്. സര്‍ക്കാരിന്റെ തലോടലേറ്റ് ബിന്ദു സുഖിക്കുമ്പോള്‍ കനകദുര്‍ഗയുടെ അവസ്്ഥ മറിച്ചാണ്. ബിന്ദുവിനു വേണ്ടി സര്‍ക്കാര്‍ ചട്ടങ്ങള്‍ മാറ്റി മറിയ്ക്കുമ്പോള്‍ ഭര്‍ത്താവിന്റെ വീട്ടില്‍പോലും കനകദുര്‍ഗയ്ക്ക് കയറാനാകുന്നില്ല.

പെരുന്തല്‍മണ്ണയിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തിലാണ് കനകദുര്‍ഗ ഇപ്പോള്‍ കഴിയുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ കയറാന്‍ സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ തീരുമാനമാകാത്തതിനെത്തുടര്‍ന്നാണ് ഇത്. ഭര്‍ത്തൃവീട്ടില്‍ കയറാന്‍ അനുവദിക്കണം, കുട്ടിയെ കൂടെ വിടണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നല്‍കിയ ഹര്‍ജി ഇന്നലെ കോടതി പരിഗണിച്ചില്ല. കനകദുര്‍ഗയുടെ അഭിഭാഷക ഹാജരാകാത്തതിനെത്തുടര്‍ന്ന് മാറ്റിയ കേസ് ഇന്നു പരിഗണിച്ചേക്കും.

പെരിന്തല്‍മണ്ണ കോടതിയില്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം പുലാമന്തോള്‍ ഗ്രാമന്യായാലയത്തിന്റെ പരിഗണനയ്ക്കു വിട്ടിരുന്നു. അവിടെ ജഡ്ജി ഇല്ലാതിരുന്നതിനാല്‍ ചുമതലയുള്ള തിരൂര്‍ കോടതിയില്‍ ഇന്നലെ കേസ് പരിഗണിക്കുമെന്നാണ് കരുതിയത്. കേസ് പരിഗണനയ്ക്കു വന്നില്ലെന്നാണു കനകദുര്‍ഗയുടെ ബന്ധുക്കള്‍ നല്‍കുന്ന വിവരം. ഭര്‍ത്താവും കുടുംബാംഗങ്ങളും വീട്ടില്‍ കയറ്റില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് കേസിനും മറ്റും കാരണം. തിങ്കളാഴ്ച രാത്രി ആണ് കനക ദുര്‍ഗയെ പൊലീസ് പെരിന്തല്‍മണ്ണയിലെ വണ്‍ സ്റ്റോപ് സെന്ററിലേക്ക് മാറ്റിയത്. അങ്ങാടിപ്പുറത്തെ വീട്ടില്‍ കയറ്റാന്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി തയാറാകാത്തതിനെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി.

കോടതി നിര്‍ദ്ദേശിച്ചാല്‍ എങ്ങനെയും കനകദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. കൃഷ്ണനുണ്ണിയും കുട്ടികളും കൃഷ്‌നനുണ്ണിയുടെ അമ്മ സുമതിയും അങ്ങാടിപ്പുറത്തെ വീട്ടില്‍ നിന്നും താമസം മാറ്റി. കനക ദുര്‍ഗയെ വീട്ടില്‍ പ്രവേശിപ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചാല്‍ നിയമപരമായി നേരിടാന്‍ ആണ് ഇവരുടെയും തീരുമാനം. കനകദുര്‍ഗ സുമതിയമ്മയെ ദേഹോപദ്രവം ഏല്‍പ്പിച്ചുവെന്ന പരാതി ഇപ്പോഴും നില നില്‍ക്കുന്നുണ്ട്. അമ്മയെ സംരക്ഷിക്കാന്‍ മറ്റാരും ഇല്ലെന്നും ഈ സാഹചര്യത്തില്‍ കനകദുര്‍ഗയെ ഒപ്പം താമസിപ്പിക്കാന്‍ സാധിക്കില്ലെന്നും ആണ് കൃഷ്ണനുണ്ണിയുടെ നിലപാട്.

ഭര്‍ത്തൃമാതാവില്‍ നിന്നു മര്‍ദ്ദനമേറ്റുവെന്നു പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു കനകദുര്‍ഗ. ചൊവ്വാഴ്ച തിരികെ എത്തിയപ്പോള്‍ ഭര്‍ത്തൃകുടുംബം ഇവരെ പുറത്താക്കിയതെന്നാണ് ആരോപണം. പൊലീസ് സുരക്ഷയില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററിലാണ് കനകദുര്‍ഗ്ഗ ഇപ്പോള്‍ കഴിയുന്നത്. ശബരിമല ദര്‍ശനം കഴിഞ്ഞയാഴ്ച പുലര്‍ച്ചെ വീട്ടിലത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്ന് പരാതി. സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിയിയിലേക്കും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു.പിന്നീട് കനകദുര്‍ഗയുടെ പരാതിയെത്തുടര്‍ന്ന് 341 ,324 വകുപ്പ് പ്രകാരം തടഞ്ഞുനിര്‍ത്തിയതിനും മര്‍ദ്ദിച്ചതിനും ഭര്‍തൃമാതാവിനെതിരേ പൊലീസ് കേസെടുത്തിരുന്നു.

Related posts