കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ വിടുതല്‍ ഹര്‍ജി നല്കി. കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികളായ എ.സി. മൊയ്തീന് എംഎല്‍എ, കെ. രാധാകൃഷ്ണന് എംപി, എം.എം. വര്‍ഗീസ് എന്നിവരും സിപിഐഎമ്മും പിഎംഎല്‍എ കോടതിയില്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേസ് രാഷ്ട്രീയപ്രേരിതമാണ്. കേസുമായി ഒരു ബന്ധവുമില്ല. തങ്ങള്‍ കള്ളപ്പണ ഇടപാടിന്റെ ഭാഗമല്ലെന്നും വിചാരണ ചെയ്യാന്‍ മതിയായ തെളിവുകളില്ലെന്നുമാണ് പ്രതികളുടെ വാദം. വിചാരണയ്ക്ക് മുമ്പ് തന്നെ തങ്ങളെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം ജില്ലാ നേതൃത്വവും മൂന്ന് നേതാക്കളും വിടുതല്‍ ഹര്‍ജി നല്‍കിയത്.
നേരത്തെ നേതാക്കള്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്ന് വിലയിരുത്തിയ കോടതി വിചാരണ നേരിടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ ഇഡി സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി 83 പ്രതികള്‍ ആണുള്ളത്. 28 പ്രതികളുടെ അനുബന്ധ കുറ്റപത്രം ഇഡി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
അടുത്ത 23ന് കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്ന നടപടിയിലേക്ക് കടക്കാനിരിക്കവെയാണ് പ്രതികള്‍ വിടുതല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഒക്ടോബര്‍ 24ന് ഈ ഹര്‍ജി കലൂര്‍ പിഎംഎല്‍എ കോടതി പരിഗണിക്കും.
കരുവന്നൂര്‍ തട്ടിപ്പില്‍ 232 കോടിയുടെ തട്ടിപ്പും കള്ളപ്പണ ഇടപാടും നടന്നെന്നും ഇഡി കണ്ടെത്തിയിരുന്നു. പ്രതികളുടെ വിടുതല്‍ ഹര്‍ജിയെ കോടതിയില്‍ ഇഡി എതിര്‍ക്കും. കേസില്‍ എ.സി. മൊയ്തീന് 67-ാം പ്രതിയും സിപിഐഎം 68-ാം പ്രതിയും എം.എം. വര്‍ഗീസ് 69-ാം പ്രതിയും കെ. രാധാകൃഷ്ണന് 70-ാം പ്രതിയുമാണ്. പ്രതികള്‍ തട്ടിപ്പിലൂടെ 180 കോടി രൂപ സമ്പാദിച്ചെന്നാണ് ഇഡി കുറ്റപത്രത്തില്‍ പറയുന്നത്.
