പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ അമ്പലത്തില്‍ നിന്ന് നാമജപം, അസ്വസ്ഥനായ മുഖ്യമന്ത്രി ഇതെന്താണെന്ന് നേതാക്കളോട്, അമ്പലത്തിലെ ഉച്ചഭാഷിണിയുടെ ഫ്യൂസൂരി സിപിഎം നേതാക്കള്‍, പ്രതിഷേധവുമായി വിശ്വാസികള്‍, തിരുവനന്തപുരത്ത് നടന്നതിങ്ങനെ

മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് കാട്ടക്കടയില്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ദൃശ്യങ്ങള്‍ വലിയ വിവാദത്തിന് വഴിയൊരുക്കുന്നു. പ്രചാരണത്തിനിടെ തൊട്ടടുത്ത അമ്പലത്തില്‍ നിന്ന് നാമജപം ഉയര്‍ന്നതോടെ പിണറായി അസ്വസ്ഥനാകുകയും പാര്‍ട്ടിക്കാരോട് എന്താണ് സംഭവമെന്ന് ക്ഷുഭിതനായി അന്വേഷിക്കുകയും ചെയ്തു. ഇതോടെ വേദിയിലുണ്ടായിരുന്ന ഐ.ബി സതീഷ് എംഎല്‍എ, വി.ശിവന്‍ കുട്ടി എന്നിവര്‍ അമ്പലത്തിലെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതോടെ നാമജപവും മുടങ്ങി. സംഭവത്തിന്റെ വീഡിയോ വലിയതോതില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ആറ്റിങ്ങലിലെ ഇടതു സ്ഥാനാര്‍ഥി എ സമ്പത്തിന്റെ പ്രചരണാര്‍ത്ഥം കാട്ടാക്കടയില്‍ പ്രചാരണത്തിനായി എത്തിയതായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹം പ്രസംഗിക്കുമ്പോള്‍ പരിസരപ്രദേശത്തെ ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണിയില്‍ നിന്ന് ശബ്ദം ഉയര്‍ന്നു തുടര്‍ന്ന് പ്രസംഗം നിര്‍ത്തിയ മുഖ്യമന്ത്രി എന്താണ് സംഭവം എന്ന് അന്വേഷിച്ചു.

മുഖ്യമന്ത്രി അസ്വസ്ഥനായതോടെ വേദിയില്‍ നിന്ന് ഇറങ്ങിവന്ന ഐ.ബി സതീഷ് എം.എല്‍.എ, വി.ശിവന്‍ കുട്ടി എന്നിവരും മറ്റ് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഉച്ചഭാഷിണിയുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകനെ പാര്‍ട്ടി പ്രവര്‍ത്തകര്‍ തടയുകയും ചെയ്തു.

Related posts