പാലക്കാട്: സർക്കാർ ജീവനക്കാരെ ഇത്രത്തോളം ദ്രോഹിച്ച ഒരു ഭരണകൂടം മുന്പ് ഉണ്ടായിട്ടില്ലെന്ന് എ ഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുന്നതോടെ ജീവനക്കാർക്കു ശാപമോക്ഷം ലഭിക്കുമെന്നും വേണുഗോപാൽ പറഞ്ഞു. കെജിഒയു സംസ്ഥാനസമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സംവിധാനങ്ങളെ നാടിന്റെ വളർച്ചയ്ക്കുവേണ്ടി ഉപയോഗിക്കുന്നതിനുപകരം രാഷ്ട്രീയലക്ഷ്യങ്ങൾക്കാണ് സർക്കാർ ഉപയോഗപ്പെടുത്തിയത്. സർക്കാർ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും തട്ടിയെടുത്ത ഭരണകാലയളവാണു കടന്നുപോയത്. സർക്കാരിന്റെ ധൂർത്തുകാരണം ഖജനാവിനുണ്ടായ ബാധ്യതയുടെ ഭാരം സർക്കാർ ജീവനക്കാർക്കുമേൽ അടിച്ചേൽപ്പിക്കുന്ന സ്ഥിതിയാണ്.
മെഡിസെപ്പ് പോലെയുള്ള പദ്ധതികൾകൊണ്ടു ജീവനക്കാർക്ക് യാതൊരു ഗുണവും ഇല്ലെന്നു മാത്രമല്ല, കൂടുതൽ ബാധ്യതകൾകൂടി സമ്മാനിക്കുകയാണ്. സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരോടു പ്രതികാരമനോഭാവമാണു ഭരണകൂടം വച്ചുപുലർത്തുന്നത്. ഇടത് അനുഭാവികളായ ജീവനക്കാർപോലും ഈ സർക്കാരിനെ പാഠം പഠിപ്പിക്കുവാൻ കരുതിയിരിക്കുകയാണെന്നും വേണുഗോപാൽ പറഞ്ഞു.
