നിശബ്ദത പാലിക്കാന്‍ യാചിച്ചെങ്കിലും അനുസരിക്കാതെ ബിജെപി പ്രവര്‍ത്തകര്‍! കേജരിവാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ കൂട്ടത്തോടെ ചുമച്ച ബിജെപിയിലെ ബാഡ് ബോയ്‌സിനെ ഒടുവില്‍ നിലയ്ക്ക് നിര്‍ത്തിയത് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

സ്‌കൂളുകളിലും കോളജുകളിലും വികൃതിപ്പയ്യന്മാര്‍ അഥവാ ബാക്ക് ബെഞ്ചേഴ്‌സ് ഒപ്പിക്കുന്ന ചില കുസൃതികള്‍ ഓര്‍മിപ്പിക്കുന്ന വിധത്തിലുള്ളതായിരുന്നു, ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഏതാനും ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്ന് നടത്തിയത്. മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ, കൂട്ടത്തോടെ ചുമച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പരിപാടി അലമ്പാക്കിയത്.

അവസാനം കുട്ടികളെ മര്യാദയ്ക്കിരുത്താന്‍ ഹെഡ്മാസ്റ്ററോ പ്രിന്‍സിപ്പളോ എത്തുന്നതുപോലെ കേജരിവാളിന്റെ രക്ഷയ്‌ക്കെത്തിയതാവട്ടെ, കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും. ഡല്‍ഹിയില്‍ സര്‍ക്കാര്‍ പരിപാടിയ്ക്കിടെയാണ് കൂട്ടത്തോടെ ചുമച്ച് കേജരിവാളിന്റെ പ്രസംഗം തടസപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ എത്തിയത്.

ക്ലീന്‍ യമുന പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് ഡല്‍ഹി ജല ബോര്‍ഡും ക്ലീന്‍ ഗംഗ നാഷണല്‍ മിഷനും സംഘടിപ്പിച്ച പരിപാടിയ്ക്കിടെയായിരുന്നു സംഭവം.

കേജരിവാള്‍ സ്ഥിരമായി ചുമയുണ്ടാവുന്നയാളാണ്. 2016ല്‍ അദ്ദേഹം സര്‍ജറിക്ക് വിധേയനാവുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലമുള്ളപ്പോള്‍ കൂടിയാണ് കേജരിവാളിന്റെ പ്രസംഗത്തിനിടെ ബിജെപി പ്രവര്‍ത്തകര്‍ സദസ്സിലിരുന്ന് കൂട്ടമായി ചുമച്ചത്.

നിശബ്ദരായി ഇരിക്കാന്‍ കേജരിവാള്‍ അപേക്ഷിച്ചെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ കൂട്ടാക്കിയില്ല, ചുമ തുടര്‍ന്നു. ഇതോടെ വേദിയിലുണ്ടായിരുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വിഷയത്തില്‍ ഇടപെടുകയും ശാന്തമായി ഇരിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയുമായിരുന്നു. ഇത് ഔദ്യോഗിക പരിപാടിയാണ് ബഹളമുണ്ടാ
ക്കരുതെന്നായിരുന്നു ഗഡ്കരി പറഞ്ഞത്.

പരിപാടിയ്ക്കിടെ കേജരിവാള്‍ നിതിന്‍ ഗഡ്കരിയെ പ്രശംസിച്ച് സംസാരിക്കാനും മറന്നില്ല. ‘എതിര്‍പാര്‍ട്ടിയിലുള്ള ആളാണെന്ന തോന്നല്‍ ഒരിക്കലുമുണ്ടായിട്ടില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ക്കു പോലും ഇത്ര സ്‌നേഹം കിട്ടിയിട്ടുണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും കേജരിവാള്‍ പറഞ്ഞു.

Related posts