വാഷിംഗ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഇറാനെതിരായ സൈനിക നടപടികൾ വിപുലീകരിക്കുന്ന കാര്യത്തിൽ വൻ നീക്കങ്ങളുമായി അമേരിക്ക. ഇറാന്റെ തന്ത്രപ്രധാനമായ മേഖലകൾ ലക്ഷ്യമിട്ടുള്ള കരയുദ്ധം ഉൾപ്പെടെയുള്ള വിവിധ സൈനിക നീക്കങ്ങളാണ് അമേരിക്കയുടെ പരിഗണനയിൽ.
സംഘർഷം കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ സൈനിക നടപടികൾ സംബന്ധിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ചർച്ച നടത്തി. ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുന്നതും ആലോചനയിലുണ്ട്.
ഇതുകൂടാതെ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന ‘പിക്കാക്സ് മൗണ്ടൻ’ തുരങ്കത്തിന് നേരേ ആക്രമണം നടത്തുന്നതും ചർച്ചയായതായാണ് റിപ്പോർട്ടുകൾ. ഖാർഗ് ദ്വീപ് പിടിച്ചെടുത്താൽ ഇറാന്റെ എണ്ണ കയറ്റുമതിയുടെ നിയന്ത്രണം അമേരിക്കയുടെ കൈയിലെത്തും.
ഇതോടെ ഇറാനുമേൽ വലിയ സാമ്പത്തിക സമ്മർദം ചെലുത്താൻ അമേരിക്കയ്ക്ക് കഴിയും. അതേസമയം യുഎസ് സൈനികരുടെ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയും അമേരിക്കയ്ക്കുണ്ട്.
