ഇക്കാലത്ത് ഇങ്ങനെയും മനുഷ്യരുണ്ടോ! പെരുമഴയത്ത് ചക്രവണ്ടിയില്‍ അലയുന്ന യാചകനെ കുടചൂടിക്കുന്ന മാലാഖ; കാരുണ്യത്തിന്റെ നിറകുടമായ ആ സ്ത്രീയാരെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

സ്വന്തം ജീവിതം, സ്വന്തം കുടുംബം, സ്വന്തം ജോലി ഇവയെല്ലാം ഭംഗിയായി മുന്നോട്ടുകൊണ്ടുപോവാനുള്ള ധൃതി പിടിച്ച ഓട്ടത്തിലാണ് ആധുനിക ലോകത്തില്‍ ബഹുഭൂരിപക്ഷം ആളുകളും. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാനോ അവര്‍ക്ക് ആവശ്യമായ സഹായം ചെയ്യാന്‍ പോലുമോ ആര്‍ക്കും സമയമില്ല. അതിന് നിരവധി ഉദാഹരണങ്ങള്‍ അടുത്ത കാലങ്ങളില്‍ കേരളത്തില്‍ അരങ്ങേറുകയും ചെയ്തിരുന്നു. അപകടത്തില്‍ പെട്ട് വഴിയരികില്‍ കിടന്നവരെ തിരിഞ്ഞു നോക്കുകയോ ആശുപത്രിയില്‍ എത്തിക്കുകയോ പോലും ചെയ്യാന്‍ സന്നദ്ധരാകാത്തവരായി മലയാളി മാറിയിരിക്കുന്നു എന്ന് തെളിയിക്കുന്ന സംഭവങ്ങള്‍.

എന്നാല്‍ മലയാളിയുടെ ഈ മനോഭാവ മാറ്റം മനസാക്ഷിയുള്ളവരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഒരു സ്ത്രീയുടെ കാരുണ്യം നിറഞ്ഞ പ്രവര്‍ത്തി വൈറലായത്. പെരുമഴയത്ത് ചക്രവണ്ടിയില്‍ തെരുവില്‍ അലയുന്ന യാചകന്‍ മഴയില്‍ നനയാതിരിക്കാന്‍ സ്വന്തം കുട പങ്കിടുന്ന ഒരു സ്ത്രീ. തൊട്ടുമുന്നില്‍ ഒരാള്‍ മരിച്ച് വീണാല്‍ പോലും വേണ്ടത് ചെയ്യാന്‍ മടിച്ച് നില്‍ക്കുന്ന ആളുകള്‍ക്ക് മുന്നിലൂടെ തന്നെയാവണം ഈ സ്ത്രീ കുടയുയര്‍ത്തി കടന്ന് പോകുന്നത്.

ആ കരുണ നിറഞ്ഞ സ്ത്രീ ആരെന്നറിയാതെ സോഷ്യല്‍ മീഡിയില്‍ വ്യാപകമായി പ്രചരിക്കുകയാണ് ഈ വീഡിയോ. വളാഞ്ചേരി ടൗണില്‍ കണ്ട കാഴ്ചയാണിത്. വളാഞ്ചേരി സ്വദേശിയായ സയ്യിദ് നസീം ആണ് സിസിടിവിയില്‍ പതിഞ്ഞ ഈ വീഡിയോ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ലക്ഷക്കണക്കിനാളുകളാണ് വീഡിയോയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.

Related posts