പയ്യന്നൂര്‍: വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിനിടയില്‍ ഗുരുതര പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. കൊഴുമ്മല്‍ വരീക്കരയിലെ ഓട്ടോ ഡ്രൈവര്‍ സി.വി. സനല്‍കുമാറാണ് (46) മരിച്ചത്. പയ്യന്നൂര്‍ പൊലിസിന്റെ ഇന്‍ക്വിസ്റ്റിനും തുടര്‍ന്നുള്ള പോസ്റ്റുമോര്‍ട്ടത്തിനും ശേഷം മൃതദേഹം മലാപ് സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.
ഞായറാഴ്ച രാത്രി പത്തോടെ കൂക്കാനം മുത്തപ്പന് ക്ഷേത്രത്തിന് സമീപത്തെ വി.വി. പ്രഭാകരന്റെ വീട്ടിലാണ് സംഭവം. ഭര്‍ത്താവില്‍ നിന്നകന്നു കഴിയുന്ന പ്രഭാകരന്റെ മകളും താല്‍ക്കാലിക അധ്യാപികയുമായ പ്രജിഷ (37) യും രണ്ടുമക്കളും എവി സ്മാരക സ്കൂളിലെ പാചക തൊഴിലാളിയായ പ്രഭാകരന്റെ ഭാര്യ പത്മിനി (56) യുമാണ് വീട്ടിലുണ്ടായിരുന്നത്.
ഓട്ടോറിക്ഷയിലെത്തിയ സനല്‍ കൈയില്‍ പെട്രോളുമായി വീടിനകത്തു കയറി അമ്മയുടെയും മകളുടേയും ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നീട് തീപിടിച്ച ശരീരവുമായി പുറത്തേക്കോടിയ സനല്‍ തൊട്ടടുത്ത പറമ്പില്‍ വീണുകിടക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലിസാണ് ഇയാളെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കേളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതര പൊള്ളലേറ്റ് തീവൃപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റിയിയിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. മക്കള്‍: ഘനശ്യാം, നിദാസ.
സഹോദരങ്ങള്‍: അനില്‍കുമാര്‍, സുനില്‍കുമാര്‍.
ഭാര്യയെയും ഭാര്യാമാതാവിനെയും തീകൊളുത്തിയശേഷം സനല്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇരുവരുടെ ഉച്ചത്തിലുള്ള കരച്ചില് കേട്ടെത്തിയവരാണ് തീയണച്ച ഉടന്‍ അമ്മയെയും മകളെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ കുടുംബനാഥന് വി.വി. പ്രഭാകരനും നിസാര പൊള്ളലേറ്റിരുന്നു.
സംഭവത്തിനെതിരെ വി.വി. പ്രഭാകരന് നല്കിയ പരാതിയില്‍ പ്രജിഷയുടെ ഭര്‍ത്താവ് സനലിനെതിരെ പയ്യന്നൂര്‍ പൊലിസ് കേസെടുത്തിരുന്നു. ഭര്‍ത്താവ് സനലില്‍ നിന്നും വിവാഹമോചനമാവശ്യപ്പെട്ട് പ്രജിഷ കേസ് കൊടുത്തതിന്റെ വിരോധമാണ് കൊലപാതക ശ്രമത്തിന് കാരണമെന്നാണ് പരാതിയിലുള്ളത്. സനല്‍ കൂക്കാനത്തെത്തിയ ഓട്ടോറിക്ഷയും കന്നാസിലുണ്ടായിരുന്ന പെട്രോളും പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
