കെഎസ്ആര്‍ടിസിയില്‍ ട്രെയിനിംഗിനെത്തിയ സ്ത്രീകളുടെ ചെരുപ്പുകള്‍ മോഷ്ടിച്ച്, ഓടയില്‍ തള്ളി ജീവനക്കാരുടെ പ്രതിഷേധം! ലക്ഷ്യം ടിക്കറ്റ് കൗണ്ടറുകളില്‍ കുടുംബശ്രീക്കാരെ നിയോഗിക്കുന്നത് തടയല്‍

കെഎസ്ആര്‍ടിയില്‍ ജോലിക്കെത്താനൊരുങ്ങുന്ന കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെ ഓടിക്കാനായി ജീവനക്കാരുടെ വ്യത്യസ്തമായ പ്രതിഷേധം. ട്രെയിനിംഗിനെത്തിയ വനിതകളുടെ ചെരിപ്പ് മോഷ്ടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.

കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡുകളിലെ ടിക്കറ്റ് കൗണ്ടറുകളില്‍ ജോലിക്കെത്തുന്ന കുടുംബശ്രീക്കാരെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ നടത്തുന്ന പ്രതിഷേധത്തിനിടെയാണ് കുടുംബശ്രീ വനിതകളുടെ ചെരുപ്പുകള്‍ കാണാതായത്. വ്യാഴാഴ്ച സിറ്റി ഗാരേജിലെ ട്രെയിനിങ് സെന്ററില്‍ പരിശീലനം കഴിഞ്ഞിറങ്ങിയ സ്ത്രീകള്‍ക്കാണ് ചെരുപ്പുകള്‍ നഷ്ടമായത്.

പരിശീലന ഹാളിനു പുറത്തിട്ടിരുന്ന ചെരുപ്പുകളാണ് അപ്രത്യക്ഷമായത്. കുടുബശ്രീപ്രവര്‍ത്തകര്‍ പരിശീലനത്തിന് എത്തിയപ്പോള്‍മുതല്‍ പ്രതിഷേധമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പരിശീലനം ആരംഭിക്കാന്‍ കഴിഞ്ഞില്ല. പ്രതിഷേധക്കാര്‍ പിരിഞ്ഞശേഷം ഉച്ചയോടെ പരിശീലനം തുടങ്ങി. ഇതറിഞ്ഞെത്തിയവര്‍ പുറത്തുകിടന്ന ചെരുപ്പുകള്‍ എടുത്തുമാറ്റി.

പുറത്തിറങ്ങിയ സ്ത്രീകള്‍ സുരക്ഷാജീവനക്കാരോടൊപ്പം നടത്തിയ പരിശോധനയില്‍ സമീപത്തെ ഓടയില്‍നിന്നു ചെരുപ്പുകള്‍ കണ്ടെത്തി. വള്ളികള്‍ പൊട്ടിച്ച് ഉപയോഗിക്കാന്‍ കഴിയാത്ത വിധത്തിലാക്കി ചെരുപ്പുകള്‍ ഉപേക്ഷിക്കുകയായിരുന്നു.

ഉച്ചയ്ക്കുശേഷം രണ്ടാമത്തെ ബാച്ച് പരിശീലനത്തിന് കയറിയപ്പോള്‍ കംപ്യൂട്ടറുകളുടെ ഇന്റര്‍നെറ്റ് വിച്ഛേദിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. ഇതോടെ പരിശീലനം മുടങ്ങി. എം.ഡി. ടോമിന്‍ തച്ചങ്കരിക്ക് അധികൃതര്‍ പരാതി നല്‍കി. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.

കുടുംബശ്രീക്ക് കൗണ്ടര്‍ കൈമാറുന്നതിനെതിരേ സംയുക്തസമരസമിതി പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ബസില്‍ ഡ്യൂട്ടി ചെയ്യാന്‍ താത്പര്യമില്ലാത്ത തൊഴിലാളി നേതാക്കളുടെ ഇഷ്ടയിടമാണ് ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍. ഇവിടെ ഡ്യൂട്ടിയിലുള്ളവരെക്കുറിച്ച് യാത്രക്കാര്‍ക്കും പരാതികളേറെയായിരുന്നു.

കൃത്യമായി ടിക്കറ്റും ബാക്കിയും കൊടുക്കാത്ത നിരവധി സംഭവങ്ങളുണ്ട്. ജീവനക്കാരുടെ പുനര്‍വിന്യാസത്തിന്റെ ഭാഗമായി കൗണ്ടറുകളിലെ നേതാക്കളെ അടുത്തിടെ ബസില്‍ നിയോഗിച്ചിരുന്നു. ഇവരെ മാറ്റി പഴയതാവളം തിരച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നേതാക്കള്‍. കൗണ്ടറുകള്‍ കുടുംബശ്രീക്കു കൈമാറിയാല്‍ ഇതിനുള്ള അവസരം നഷ്ടമാകും. ഇതാണ് പ്രതിഷേധം ശക്തമാക്കുന്നതിന് കാരണം.

Related posts