ചാത്തന്നൂർ: കെ എസ് ആർടിസിയുടെ ബാങ്ക് കൺസോർഷ്യത്തിന്റെ കടം തീരാൻ 2038 വരെ കാത്തിരിക്കണം. കടമെടുത്ത തുകയുടെ എട്ട് ഇരട്ടിയിലധികം ഇതുവരെ പലിശയായി അടച്ചു കഴിഞ്ഞു. ഇനിയും ബാക്കി കടം അവസാനത്തെ ആഡിറ്റ് അനുസരിച്ച് 2787.58 കോടിയാണ്. കടം തീരും വരെ ജീവനക്കാരുടെ ഡി എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്ന് മാനേജ്മെന്റ് വൃത്തങ്ങൾ.
2008 -ലാണ് കെഎസ്ആർടിസി ബാങ്കുകളിൽ നിന്നും 300 കോടി കടമെടുത്തത്. എന്നാൽ 20 17- 18 വരെ ഒരു ചില്ലിക്കാശും അടച്ചില്ല. ഒടുവിൽ ബാങ്ക് കൺസോർഷ്യം കടവും പലിശയും ഉൾപ്പെടെ 3600 കോടിയായി നിജപ്പെടുത്തി. 2018 – 19 മുതൽ കെഎസ്ആർടി സി ദിവസം 1. 19 കോടി വീതം എസ്ബിഐയിൽ അടച്ചു കൊണ്ടിരിക്കയാണ്.
മാസം 36 കോടിയോളം ബാങ്ക് കൺസോർഷ്യത്തിന് അടച്ചു കൊണ്ടിരിക്കയാണെന്ന് ഫിനാൻഷ്യൻ കൺട്രോളറും എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ. ഷാജി പറഞ്ഞു. ഇതു വരെ പലിശയിനത്തിൽ2314 . 61 കോടിയാണ് അടച്ചത്. കടം എടുത്തതിന്റെ എട്ടിരട്ടിയിലധികം ഇതിനകം പലിശയായി അടയ്ക്കേണ്ടി വന്നു.
ബാങ്ക് കൺസോർഷ്യത്തിന്റെ കടം 2038 മാർച്ചിൽ മാത്രമേ തീരുകയുള്ളൂ എന്ന് വിവരവാകാശ നിയമപ്രകാരം കെഎസ്ആർടിസി വ്യക്തമാക്കി. മാസം 36 കോടി വീതം അടച്ചു കൊണ്ടിരിക്കുന്നതിനാൽ കടം തീരാൻ ഇത്രയധികം കാല താമസമുണ്ടാകും. കടം നീണ്ടു പോകുന്നതിനാൽ ജീവനക്കാരുടെ ശമ്പളമൊഴികെയുള്ള ആനുകൂല്യങ്ങളും കൊടുക്കാൻ കഴിയില്ലെന്ന നിലപാടാണ് മാനേജ്മെന്റിന്.
ജീവനക്കാർക്ക് 37 ശതമാനം ഡിഎ ആണ് കുടിശികയുള്ളത്. ഇത് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാനേ കഴിയില്ലെന്നാണ് കെഎസ്ആർടിസിയുടെ നയം.വർഷങ്ങൾക്ക് മുമ്പ് വിരമിച്ച ജീവനക്കാരിൽ 2023 മാർച്ച് വരെയുള്ളവർക്ക് എല്ലാ ആനുകൂല്യങ്ങളും കൊടുത്തു കഴിഞ്ഞു. 2024 മാർച്ച് വരെയുള്ളവർക്ക് പിഎഫ് ആനുകൂല്യം വിതരണം ചെയ്തിട്ടുണ്ട്.
കെ എസ്ആർടി സി വമ്പൻ വരുമാനം നേടുമ്പോഴും ജീവനക്കാർ ഡി എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കായി കാത്തിരിക്കണം. 2025 മാർച്ച് വരെ ആഡിറ്റ് ചെയ്ത കടമാണ് 2,787.58 കോടി. അതിന് ശേഷവും മാസം തോറും 36 കോടി വീതം അടച്ചു കൊണ്ടിരിക്കയാണ്.
- പ്രദീപ് ചാത്തന്നൂർ
