പോലീസുകാരനെന്തും ആകാമോ? ആരോരുമില്ലാത്ത വീട്ടില്‍വച്ചു താലികെട്ടി, കൈയിലുള്ളതെല്ലാം അടിച്ചുമാറ്റി, കടുത്തുരുത്തിയില്‍ പോലീസുകാരനെതിരേ യുവതിയുടെ പരാതി ഇങ്ങനെ

kകടുത്തുരുത്തി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കൂടെ താമസിപ്പിച്ചു നാലര വര്‍ഷക്കാലം പീഡിപ്പിച്ച പോലീസുകാരനെതിരേ യുവതിയുടെ പരാതി. മലപ്പുറം എംഎസ്പിയിലെ പോലീസുകാരനായ കോട്ടയം കോതനല്ലൂര്‍ സ്വദേശിയായ പോലീസുകാരനെതിരേയാണ് കണ്ണൂര്‍ സ്വദേശിനി കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കിയത്. പണവും മാനവും തട്ടിയെടുത്തശേഷം കടന്നുകളഞ്ഞ പോലീസുകാരന്‍ മറ്റൊരു യുവതിയെ വിവാഹം കഴിക്കാന്‍ ശ്രമിക്കുന്നെന്ന വിവരമറിഞ്ഞ യുവതി കടുത്തുരുത്തിയിലെത്തി പത്രസമ്മേളനം നടത്തിയാണ് താന്‍ ചതിക്കപ്പെട്ട വിവരവും പരാതിയെക്കുറിച്ചും പറഞ്ഞത്. യുവതിയുടെ പേരില്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ വിറ്റും പണയപ്പെടുത്തിയും സ്വരൂപിച്ച അഞ്ചരലക്ഷം രൂപയും പതിനേഴര പവന്‍ സ്വര്‍ണവും തട്ടിയെടുത്തതായും യുവതി നല്‍കിയ പരാതിയില്‍ ആരോപണമുണ്ട്. മലപ്പുറം എംഎസ്പിയില്‍ ജോലി ചെയ്യുന്ന പോലീസുകാരന്‍ ഫോണിലൂടെയാണ് യുവതിയുമായി പരിചയത്തിലാകുന്നത്.

ചെറുപ്പത്തിലേ മാതാപിതാക്കള്‍ മരിച്ച യുവതി ഭര്‍ത്താവിനു വേറേ ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന് ആദ്യ വിവാഹം വേര്‍പെടുത്തി രണ്ട് കുട്ടികളുമായി ജീവിക്കുന്ന വിവരം മനസിലാക്കിയാണ് പോലീസുകാരന്‍ വിവാഹവാഗ്ദാനം നല്‍കി ഒപ്പം കൂടിയത്. വിവാഹം ചെയ്താല്‍ മാത്രമേ കൂടെ താമസിക്കാന്‍ സമ്മതിക്കൂവെന്നു പറഞ്ഞ യുവതിയെ പുന്നക്കുളങ്ങരയില്‍ ഒരു വീട്ടില്‍വച്ചു പോലീസുകാരന്‍ താലികെട്ടിയതായും യുവതി രാഷ്ട്രദീപികഡോട്ട്‌കോമിനോട് പറഞ്ഞു. നിസഹായാവസ്ഥയില്‍ യുവതി പോലീസുകാരന്റെ വാക്കുകളെ വിശ്വസിച്ചു കൂടെ താമസിക്കുകയായിരുന്നു.

സഹോദരിയുടെ വിവാഹം കഴിഞ്ഞാലുടന്‍ വീട്ടുകാരറിഞ്ഞു വിവാഹം കഴിക്കാമെന്നായിരുന്നു യുവതിയെ ഇയാള്‍ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. ഇതിനിടെയില്‍ യുവതിയുടെ പേരില്‍ കണ്ണൂര്‍ പാളയത്തു വളപ്പിലുണ്ടായിരുന്ന പത്ത് സെന്റ് സ്ഥലം വില്‍ക്കുകയും ഒമ്പതര സെന്റ് സ്ഥലം പണയപ്പെടുത്തി അഞ്ചര ലക്ഷം രൂപ ഇയാള്‍ കൈക്കലാക്കുകയും ചെയ്തു. യുവതിയുടെയും മകളുടേയും സ്വര്‍ണവും വാങ്ങിയെടുത്ത് ഇയാള്‍ വിറ്റതായും യുവതി പറഞ്ഞു.

ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് താന്‍ ജപ്തി ഭീഷണിയിലാണെന്നും യുവതി പറഞ്ഞു. ഇരുവരും ഒരുമിച്ചു ജീവിക്കുന്നതിനിടെയിലാണ് യുവാവ് മറ്റൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്നത്. ഇതിനെ ചൊല്ലി ഇരുവരും വാക്ക് തര്‍ക്കമുണ്ടായപ്പോള്‍, പോലീസുകാരന്‍ തന്നെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊല്ലാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. അമ്മയെ മര്‍ദിക്കുന്നതു കണ്ട് ഓടിച്ചെന്ന മകനെ ഇയാള്‍ കഴുത്തിന് കുത്തിപിടിച്ചു കൊല്ലാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് നിരന്തരം യുവതിയെ മാനസികമായും ശാരീരികമായും ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

യുവതി പരാതി നല്‍കിയതിനെത്തുടര്‍ന്ന് ജോലിയില്‍നിന്നും അവധിയെടുത്തു പോലീസുകാരന്‍ മുങ്ങി നടക്കുകയാണെന്നും യുവതി പറഞ്ഞു. ശാരീരികവും മാനസികവുമായ പീഡനവും വധഭീഷണിയും ഉണ്ടായതോടെയാണ് യുവതി ജില്ലാ പോലീസ് മേധാവിക്കും മലപ്പുറം എംഎസ്പി കമാന്‍ഡന്റിനും പരാതി നല്‍കിയത്. ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസുകാരനെതിരെ കേസ് എടുത്തതായും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നുമാണ് തളിപ്പറമ്പ് സിഐ പ്രേമചന്ദ്രന്‍ തന്നോട് പറഞ്ഞതെന്നും യുവതി പറഞ്ഞു.

Related posts