പതിനെട്ടു വര്‍ഷം നീണ്ട കരിയറില്‍ ട്രാന്‍സ്ഫര്‍ വാങ്ങിക്കൂട്ടിയത് 41 തവണ; രാഷ്ട്രീയക്കാരെ മര്യാദ പഠിപ്പിക്കാന്‍ ശ്രമിച്ചതിനുള്ള സമ്മാനം; രൂപ മൗദ്ഗില്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ സംഭവബഹുലമായ ജീവിതം ഇങ്ങനെ…

രൂപ ഡി മൗദ്ഗില്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥയെ നമ്മള്‍ നമിക്കണം. കാരണം പതിനെട്ടു വര്‍ഷം നീണ്ട കരിയറിനിടയില്‍ ഇവര്‍ നേരിട്ട വെല്ലുവിളികളും അവയുടെ അതിജീവനവും പുതുതലമുറയ്ക്ക് ഒരു പാഠമാണ്. നമ്മെ മുന്നോട്ട് നയിക്കേണ്ടത് ആര്‍ക്കുമുന്നിലും അടിയറവ് വെക്കാത്ത മനസ്സും വിശ്വാസവും മാത്രമായിരിക്കണമെന്ന് ഇവര്‍ ബീയിങ് യു എന്ന ഫേസ്ബുക്ക് പേജില്‍ പങ്കു വച്ച കുറിപ്പിലൂടെ ഓര്‍മിപ്പിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…

എന്റെ എട്ടാമത്തെ വയസില്‍ തന്നെ എന്റെ താത്പര്യം സിവില്‍ സര്‍വീസില്‍ ആണെന്ന് ഞാന്‍ മനസിലാക്കിയിരുന്നു. അതിന് ഞാന്‍ ഒരു മാറ്റവും വരുത്തിയില്ല. 2000ത്തില്‍ യുപിഎസ്‌സി പരീക്ഷയില്‍ 43ാം റാങ്ക് ലഭിച്ചപ്പോഴും എനിക്കറിയാമായിരുന്നു ഞാന്‍ ഐപിഎസിലാണ് ചേരാന്‍ ആഗ്രഹിക്കുന്നത് എന്ന്.

എന്റെ പതിനെട്ട് വര്‍ഷം നീണ്ട കരിയറില്‍ എന്നെ 41 തവണയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. പക്ഷേ എന്റെ സീനിയര്‍ ഉദ്യോഗസ്ഥരും എനിക്ക് മുന്‍പേ ഉണ്ടായവരും അവഗണിക്കുന്ന ‘ഡേര്‍ട്ടി ജോബ്’ ചെയ്യുന്നത് ഞാന്‍ തുടരുന്നു. പലരും ചോദിച്ചിട്ടുണ്ട് എവിടെ നിന്നാണ് ഇതിനുള്ള ഒരു ധൈര്യം വരുന്നത് എന്ന്. കുട്ടി ആയിരുന്നപ്പോള്‍ പോലും ഞാന്‍ ഭയമില്ലാത്തവളും ശരിക്ക് വേണ്ടി നിലകൊള്ളുന്നവളും ആയിരുന്നു. ഇതുവരെയും എന്നെ മുന്നോട്ട് നയിച്ചത് അതാണ്. എന്റെ പ്രവര്‍ത്തികളുടെ അനന്തരഫലം എന്തായാലും എന്നെ അത് ബാധിക്കുന്ന തന്നെയില്ല.

2004ല്‍ ധര്‍വാഡിലെ പോലീസ് ഹെഡായി ചുമതലയേറ്റ് ഒരു മാസത്തിനുള്ളിലാണ് മുന്‍ എംപിയെ അറസ്റ്റ് ചെയ്യാന്‍ നിയോഗിക്കപ്പെടുന്നത്. 2008ലാണ് ജനങ്ങളുടെ വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പ്രസംഗിച്ചതിന് ഒരു ശക്തനായ രാഷ്ട്രീയക്കാരനെ ഞാന്‍ അറസ്റ്റ് ചെയ്യുന്നത്. അയാളുടെ പ്രസംഗം പൊതുമുതല്‍ നശിപ്പിക്കുന്നതിലേക്ക് വരെ എത്തിയിരുന്നു. 2013ല്‍ ബെംഗളുരു സിറ്റി ആംഡ് റിസര്‍വ് ഡിസിപി ആയിരുന്ന സമയത്ത് 82 രാഷ്ട്രീയ നേതാക്കളില്‍ നിന്നും 216 അനധികൃത ഗണ്‍മാന്‍മാരെയും അന്നത്തെ കര്‍ണാടക മുഖ്യമന്ത്രിയില്‍ നിന്നും എട്ട് എസ്‌യുവികളും ഞാന്‍ പിന്‍വലിച്ചു. ഡി.ഐ.ജിയെന്ന നിലയില്‍ ഏറ്റവും ചുരുങ്ങിയ കാലം ഞാന്‍ സേവനം ചെയ്തത് 2017 ലാണ്.

17 ദിവസത്തിനുള്ളില്‍ അവരെന്നെ സ്ഥലം മാറ്റി. ആ സമയത്ത് ഒരു കുറ്റവാളിക്ക് പ്രത്യേക സൗകര്യങ്ങള്‍ നല്‍കിയിരുന്നത് ഞാന്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഒരു സ്വകാര്യ മുറി മുതല്‍, സാധാരണരീതിയിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനുള്ള സ്വാതന്ത്ര്യം ഉള്‍പ്പടെ കുറ്റവാളിക്ക് നല്‍കിയിരുന്ന ആഡംബര സൗകര്യങ്ങള്‍ അവസാനമില്ലാത്തതായിരുന്നു. എനിക്കെതിരെ 50 കോടി രൂപയുടെ അപകീര്‍ത്തി കേസ് പോലും വന്നു. പൊതുജനങ്ങളെ സേവിക്കാന്‍ ഇറങ്ങുമ്പോള്‍ ഇത്തരത്തിലുള്ള ഭീഷണിയും രാഷ്ടീയ പകപോക്കലും വെറും തൊഴില്‍ അപകടങ്ങള്‍ മാത്രമായി മാറും.

2003ലാണ് ഞാന്‍ വിവാഹം കഴിക്കുന്നത്. 2013 വരെ എനിക്കും ഭര്‍ത്താവിനും വിവിധ ഇടങ്ങളിലാണ് പോസ്റ്റിങ് ലഭിച്ചുകൊണ്ടിരുന്നത്. എന്റെ സജീവമായ കൃത്യനിര്‍വഹണത്തിനിടയില്‍ പലപ്പോഴും കുഞ്ഞുങ്ങളുടെ പഠനകാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കാനോ, അവര്‍ക്ക് വേണ്ടി മര്യാദക്ക് ഭക്ഷണം പാകം ചെയ്യാനോ എനിക്ക് സമയം ലഭിക്കാറില്ല. ആദ്യത്തെ മൂന്ന് വര്‍ഷങ്ങള്‍ എന്റെ കുട്ടി ഗ്രാമത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഒരു സ്‌കൂളിലാണ് പോയിരുന്നത്. ഞാന്‍ കരുതി എല്ലാത്തരത്തിലുള്ള അനുഭവങ്ങള്‍ നല്ലതാണെന്ന്. ഇത്തരത്തിലുള്ള അനുഭവങ്ങളാണ് ആളുകളെ കരുത്തരാക്കുക എന്ന്.

ഞാന്‍ ഒരു അമ്മയാകാനും ഭാര്യയാകാനും മകളാകാനും സഹോദരിയാകാനും സുഹൃത്താകാനും എല്ലാം ശ്രമിക്കുന്നുണ്ട്. പക്ഷേ എല്ലാപ്പോഴും ആദ്യം ഒരു പൊതുജനസേവകനാകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മാത്രമല്ല എല്ലായ്‌പ്പോഴുംശരിയായ കാര്യങ്ങള്‍ മാത്രമേ ഞാന്‍ ചെയ്യൂ. എന്റെ മക്കള്‍ക്ക് മാതൃകയാകാന്‍ മാത്രമല്ല എന്റെ സഹപ്രവര്‍ത്തകര്‍ക്കും രാജ്യത്തെ ജനങ്ങള്‍ക്കും മാതൃകയാകുന്നതിന് വേണ്ടി കൂടി.

ഞാന്‍ എന്റെ ജോലിയെ വല്ലാതെ സ്‌നേഹിക്കുന്നു. അത് ശരിയായ രീതിയിലാണ് ചെയ്യുന്നതെന്ന് ഉറപ്പിക്കാറുമുണ്ട്. സത്യസന്ധവും സുതാര്യവും പ്രതിജ്ഞാബദ്ധവുമാണ് അത്. ഇന്ന് എന്റെ പല പ്രവര്‍ത്തികളും ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട് എന്ന് അറിയുമ്പോള്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. വെല്ലുവിളികള്‍ക്ക് ഞങ്ങള്‍ സ്ത്രീകളെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങള്‍ കരുത്ത് സ്വയം സംഭരിക്കും, ഞങ്ങളില്‍ വിശ്വസിക്കും അവസാനം വരെ ഞങ്ങളുടെ സ്വപ്നത്തെ പിന്തുടരും. ശക്തിയോടെ ഇവിടെ നിലകൊള്ളുകയും ചെയ്യും.

Related posts