കോട്ടയം: നിയമസഭാ മണ്ഡലങ്ങളുടെ പകുതിയോളം വിസ്തൃതമാണ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ പലതും. എംഎല്‍എമാര്‍ക്ക് ലക്ഷത്തിനടുത്ത് ഓണറേറിയവും പെന്‍ഷനും പലതരം ആനുകൂല്യങ്ങളും കിട്ടും. എല്‍എല്‍എക്ക് രണ്ട് സ്റ്റാഫിനെയും നിയമിക്കാം. ഓടിനടന്ന് നിരവധി ചടങ്ങുകളില്‍ ദിവസവും പങ്കെടുക്കേണ്ട ജില്ലാ പഞ്ചായത്ത് മെംബര്ക്കുള്ള പ്രതിഫലം മാസം 9800 രൂപ. ബസ്, ഓട്ടോക്കൂലി പോലും തികയില്ല ഈ തുക കൈപ്പറ്റിയാല്‍.
സംസ്ഥാനത്ത് പത്തു വര്‍ഷമായി തദ്ദേശ പ്രതിനിധികളുടെ വേതനം പുതുക്കിയിട്ട്. താഴെത്തട്ടിലുള്ള അനവധി നിരവധി സങ്കീര്‍ണ ജനകീയപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടവരാണിവര്‍. രാത്രിയിലും പകലും മഴയത്തും വേനലിലും വിളിപ്പുറത്തുണ്ടാകണം. അപകട ദുരന്ത വേളകളില്‍ രക്ഷാപ്രവര്ത്തകരാകണം.
ജോലിയില്‍നിന്ന് അവധിയെടുത്തും ജോലിതന്നെ രാജിവച്ചും വന്നവരാണ് തദ്ദേശ പ്രതിനിധികളില്‍ പലരും. ഗ്രാമപഞ്ചായത്ത് മെംബര്ക്കുള്ള ഓണറേറിയം 8000, നഗരസഭാ കൗണ്‍സിലര്‍ക്ക് 8600. കൈക്കാശ് ഏറ്റവും പോകുന്നത് ഗ്രാമപഞ്ചായത്ത് മെംബര്‍ക്കാണ്. മരണം, സംസ്കാരം, ചികിത്സ, പഠനം തുടങ്ങി ആത്മഹത്യയോ കൊലപാതകമോ വാര്‍ഡില്‍ സംഭവിച്ചാല്‍ മെംബര്‍ എത്താതെ നടപടിയില്ല.

ഇതിനൊപ്പം അതിരുതര്‍ക്കം, കുടുംബപ്രശ്നം തുടങ്ങി പലതിലും മധ്യസ്ഥത വഹിക്കണം. ഒരൊറ്റ ദിവസം പോലെ വീട്ടില്‍ വെറുതെയിരിക്കാനോ സ്വന്തം കാര്യം നടത്താനോ പറ്റാത്ത വിധം തിരക്കിന്റെ ലോകത്താണ് ഗ്രാമപഞ്ചായത്ത് മെംബര്‍മാരുടെ അഞ്ചു വര്‍ഷത്തെ ജീവിതം.
നേരേ ചൊവ്വേ ജനസേവനം ചെയ്താല്‍ മാസം മിനിമം 25,000 രൂപ പഞ്ചായത്ത് മെംബറുടെ പോക്കറ്റില്‍നിന്നു ചോരുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.കൂടാതെ എല്ലാവര്ക്കും പദവി അനുസരിച്ച് 200 രൂപ മുതല്‍ സിറ്റിംഗ് ഫീസുമുണ്ടാകും. മാസം പരമാവധി അഞ്ച് സിറ്റിംഗ് എന്നു നിബന്ധനയുണ്ട്.
