മഹാവീര കര്‍ണ്ണന്റെ ഹൈലൈറ്റ് ‘കുരുക്ഷേത്ര യുദ്ധം’ ! ബ്രഹ്മാണ്ഡചിത്രം കര്‍ണനെക്കുറിച്ചുള്ള ആദ്യ വിവരങ്ങള്‍ പുറത്തുവിട്ട് ആര്‍ എസ് വിമല്‍; 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ ഇങ്ങനെ…

ചിയാന്‍ വിക്രമിനെ നായകനാക്കി ആര്‍എസ് വിമല്‍ സംവിധാനം ചെയ്യുന്ന ‘മഹാവീര കര്‍ണ്ണ’ ചിത്രീകരണം ആരംഭിച്ചു.ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയില്‍ ഇപ്പോള്‍ നടന്നു വരുന്ന ഷൂട്ടിംഗില്‍ ചിത്രീകരിക്കുന്നത് കുരുക്ഷേത്ര യുദ്ധത്തിലെ രംഗങ്ങളാണ്. സംവിധായകന്‍ ആര്‍ എസ് വിമലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.”ചിത്രത്തിലെ ഹൈലൈറ്റുകളില്‍ ഒന്നായ, മുപ്പതു മിനിറ്റോളം വരുന്ന കുരുക്ഷേത്ര യുദ്ധരംഗങ്ങളാണ് ഞങ്ങള്‍ ചിത്രീകരിച്ചു തുടങ്ങിയത്. കര്‍ണ്ണനായി എത്തുന്ന വിക്രം രണഭൂമിയിലേക്ക് ഒരു രഥത്തില്‍ എത്തുന്ന ഭാഗങ്ങള്‍ എടുത്തു. ചിത്രത്തിന് വേണ്ടിയുള്ള വിക്രമിന്റെ ‘ബീഫ്മഡ് അപ്പ്’ ലുക്ക് തത്കാലം സസ്‌പെന്‍സായി വച്ചിരിക്കുകയാണ്. പതിനെട്ടു ദിവസത്തെ ഷെഡ്യൂളാണ് ഇപ്പോള്‍ നടക്കുന്നത്,” സംവിധായകന്‍ പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മഹാവീര കര്‍ണ്ണ’ന്റെ മോഷന്‍ പോസ്റ്റര്‍ ഉടന്‍ പുറത്തു വരുമെന്നും മറ്റ് അഭിനേതാക്കളെ ആ സമയം പ്രഖ്യാപിക്കും എന്നും വിമല്‍ കൂട്ടിച്ചേര്‍ത്തു. ‘ബാഹുബലി: ദ കണ്‍ക്ലൂഷന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനെക്കാളും വലിയ ബജറ്റിലാണ് ‘മഹാവീര്‍ കര്‍ണന്‍’ ഒരുങ്ങുന്നത്. ‘ബാഹുബ’ലിയുടെ രണ്ടാം ഭാഗത്തിന് 250 കോടി രൂപയായിരുന്നു ചെലവ് വന്നിരുന്നതെങ്കില്‍ ഈ ഇതിഹാസചിത്രത്തിന്റെ ബജറ്റ് 300 കോടി രൂപയാണ്.

ഹോളിവുഡിലെ പ്രഗത്ഭരായ ടെക്‌നീഷന്‍മാരും ചിത്രത്തിന്റെ അണിയറയിലുണ്ട്. ‘ഗെയിം ഓഫ് ത്രോണ്‍സി’നു പിറകില്‍ പ്രവര്‍ത്തിച്ച ടെക്‌നീഷന്‍മാരും ഈ ചിത്രത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ഇന്ത്യയിലെയും വിദേശത്തെയും സ്റ്റുഡിയോകളിലായി ചിത്രീകരിക്കുന്ന ചിത്രം മികച്ച ദൃശ്യാനുഭവമാക്കി മാറ്റാനാണ് അണിയറക്കാരുടെ ശ്രമം. ഡിസംബര്‍ ആദ്യ ആഴ്ചയില്‍ ചിത്രവുമായി ബന്ധപ്പെട്ട് പ്രത്യേക പൂജകള്‍ തിരുവനന്തപുരത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ നടന്നിരുന്നു.

സുരേഷ് ഗോപി, ഇന്ദ്രന്‍സ്, ബി ഉണ്ണികൃഷ്ണന്‍ തുടങ്ങിയ നിരവധി താരങ്ങളും പൂജയ്ക്ക് സാക്ഷിയായിരുന്നു. സിനിമയില്‍ ഉപയോഗിക്കാന്‍ പോകുന്ന അമ്പലമണിയാണ് പൂജയ്ക്ക് വെചച്ചത്. റാമോജി ഫിലിം സിറ്റിയില്‍ സിനിമയ്ക്കായി നിര്‍മ്മിക്കുന്ന മുപ്പതടിയുള്ള രഥം അലങ്കരിക്കാന്‍ ആണ് ഈ മണി ഉപയോഗിക്കുക എന്നും വാര്‍ത്തകളുണ്ടായിരുന്നു. കുന്തിയുടെ മകനായ കര്‍ണ്ണന്റെ വീക്ഷണകോണില്‍ നിന്നുമുള്ള മഹാഭാരത ആഖ്യാനമാണ് ‘മഹാവീര കര്‍ണ്ണ’ ലക്ഷ്യമിടുന്നത്. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള യുണൈറ്റ് ഫിലിം കിംഗ്ടമാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2020 പകുതിയോടെ ‘മഹാവീര്‍ കര്‍ണ്ണ’ തിയേറ്ററുകളിലെത്തും.

Related posts