പതിനേഴാമത്തെ കാറ്റിനൊപ്പം പറഞ്ഞയച്ച സിനിമയിലെ ഗന്ധര്‍വനെപ്പോലെ മരണം പത്മരാജന്‍ മുന്നില്‍കണ്ടിരുന്നു ! 28 വര്‍ഷത്തിനു ശേഷം ഗന്ധര്‍വന്‍ നിതീഷ് ഭരദ്വാജിന്റെ വെളിപ്പെടുത്തല്‍…

മലയാളികള്‍ സ്‌നേഹപൂര്‍വം പപ്പേട്ടന്‍ എന്നു വിളിച്ചിരുന്ന പത്മരാജന്‍ മരിച്ചിട്ട് വര്‍ഷം 28 വര്‍ഷം കഴിഞ്ഞെങ്കിലും ഇന്നും സിനിമാപ്രേമികളുടെ മനസ്സില്‍ പപ്പേട്ടന്റെ ഓര്‍മകള്‍ മരിച്ചിട്ടില്ല. ആ ഓര്‍മകളുമായാണ് മലയാളികള്‍ ഏറെ സ്‌നേഹിച്ച ‘ഗന്ധര്‍വന്‍’ കൊച്ചിയില്‍ എത്തിയിരിക്കുന്നത്. ഇരുപത്തിയെട്ടുവര്‍ഷം മുന്‍പിറങ്ങിയ ഞാന്‍ ഗന്ധര്‍വന്‍ എന്ന പത്മരാജന്‍ സിനിമയിലെ ഗന്ധര്‍വനായി വേഷമിട്ട നിതീഷ് ഭരദ്വാജ് ആണ് നീണ്ട ഇടവേളയ്ക്കുശേഷം കേരളത്തിലെത്തിയത്. പത്മരാജനെ അടിസ്ഥാനമാക്കി കൊച്ചിയില്‍ തുടങ്ങിയ പപ്പേട്ടന്‍സ് കഫേയില്‍ അതിഥിയായിരുന്നു നിതീഷിന്റെ വരവ്.

കൊല്ലംകാരന്‍ ശബരി കൊച്ചിയില്‍ തുടങ്ങിയ പപ്പേട്ടന്‍സ് കഫേയിലേക്ക് ഇരുള്‍വീണ സമയത്തായിരുന്നു നിതീഷ് ഭരദ്വാജിന്റെ വരവ്. മണ്‍മറഞ്ഞ് ഇരുപത്തിയെട്ട് വര്‍ഷത്തിനിപ്പുറവും പത്മരാജന്‍ പലര്‍ക്കും പ്രചോദനമാകുന്നതില്‍ അതിശയമില്ലെന്ന് നിതീഷ് മാധ്യമങ്ങളോട് പറഞ്ഞു. മഹാഭാരതം ടെലിവിഷന്‍ സീരീസില്‍ ശ്രീകൃഷ്ണനായി വേഷമിട്ടതിന് പിന്നാലെയെത്തിയ ഗന്ധര്‍വന്റെ വേഷം ആദ്യം തള്ളിക്കളഞ്ഞെങ്കിലും പിന്നീട് പത്മരാജനെന്ന പ്രതിഭയെ മനസിലാക്കിയപ്പോള്‍ സ്വീകരിക്കുകയായിരുന്നുവെന്ന് നിതീഷ് പറയുന്നു.

പതിനേഴാമത്തെ കാറ്റിനൊപ്പം പറഞ്ഞയച്ച സിനിമയിലെ ഗന്ധര്‍വനെപ്പോലെ മരണം പത്മരാജന്‍ മുന്നില്‍കണ്ടിരുന്നുവെന്ന് നിതീഷ് പറയുന്നു. മുതുകുളത്തെ തറവാട്ടില്‍ പുരുഷന്മാര്‍ക്ക് നാല്‍പത്തിയഞ്ചിനപ്പുറം ആയുസ്സില്ലെന്ന പത്മരാജന്റെ വാക്കുകളും നിതീഷ് ഓര്‍ത്തെടുത്തു. മോഹന്‍ലാലിനും തനിക്കുമായി പത്മരാജന്‍ കരുതിവച്ചിരുന്ന ഒരു സിനിമയെക്കുറിച്ചുകൂടി പറഞ്ഞായിരുന്നു നിതീഷിന്റെ മടക്കം. പത്മരാജനെക്കുറിച്ചുള്ള ഓര്‍മകള്‍ക്ക് ചൂടൂപകരാന്‍ പപ്പേട്ടന്‍ കഫേ കാരണമാവട്ടെയെന്ന് നമുക്ക് ആശംസിക്കാം.

Related posts