കോഴിക്കോട്: മലാപ്പറമ്പ് പെണ്‍വാണിഭ കേസിലെ പ്രതികളായ രണ്ടു പോലീസുകാര്‍ ഒളികേന്ദ്രത്തില്നിന്നു പിടിയിലലായി. കോഴിക്കോട് സിറ്റി ജില്ലാ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഡ്രൈവര്‍മാരായ പൈരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ കെ. ഷൈജിത്ത്, സിപിഒ പടനിലം സ്വദേശി കെ. സനിത്ത് എന്നിവരെയാണ് നടക്കാവ് ഇന്‍സ്പെക്ടര്‍ എന്‍. പ്രതീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
താമരശേരിയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവരെ പുലര്‍ച്ചെ മൂന്നേ കാലിനാണ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട്ടെത്തിച്ച രണ്ടു പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരികയാണ്. കേസിലെ മുഖ്യപ്രതി ബിന്ദുവിന്റെ ഭര്‍ത്താവിന്റെ കാറിലാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. സ
നിത്തിനെ ഒളിവില്‍ താമസിപ്പിച്ച കുന്ദമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു രാഷട്രീയനേതാവിന്റെ വീട്ടില്‍ ഇന്നലെ പോലീസ് സംഘം എത്തിയിരുന്നു. പോലീസ് എത്തുമ്പോഴേക്കും ഇയാള്‍ കടന്നുകളഞ്ഞു. ഇതേതുടര്‍ന്ന് വീട്ടുടമയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരുന്നത്. പ്രതികളെ ഒളിപ്പിച്ചതിന് ഇയാള്‍ക്കെതിരേ കേസ് വരുമെന്ന സാഹചര്യത്തിലാണ് പ്രതികള്‍ ഒളിവില്‍ കഴിയുന്ന കേന്ദ്രത്തെക്കുറിച്ച് പോലീസിനു വ്യക്തമായ വിവരം ലഭിച്ചത്.
താമരശേരിയിലാണ് കഴിയുന്നതെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പുലര്‍ച്ചെയോടെ അന്വേഷണസംഘം വീടു വളയുകയായിരുന്നു. രണ്ടുപേരെയും കൈയോടെ പിടികൂടി സംഘം കോഴിക്കോട്ടേക്കു മടങ്ങി. അനാശാസ്യ കേന്ദ്രത്തിലെ മറ്റു പ്രതികള്‍ അറസ്റ്റിലായി ഒരാഴ്ച പിന്നിട്ടിട്ടും പോലീസുകാരെ കസറ്റഡിയില്‍ എടുക്കാന്‍ കഴിയാത്തത് സിറ്റിപോലീസിനു വന്‍ നാണക്കേടുണ്ടാക്കിയിരുന്നു.
മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ പോലീസ് ഇവര്‍ക്ക് ഒത്താശചെയ്യുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു. സമ്മര്‍ദം ശക്തമായ സാഹചര്യത്തിലാണ് പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്. പോലീസുകാര്‍ക്കെതിരേ കഴിഞ്ഞ ദിവസം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഷൈജിത്തിന്റെ പാസ്പോര്‍ട്ട് കഴിഞ്ഞ ദിവസം അയാളുടെ വീട്ടില്‍ റെയ്ഡ് നടത്തി പോലീസ് പിടിച്ചെടുത്തിരുന്നു. മലാപ്പറമ്പില്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്താണ് പോലീസുകാരുടെ നേതൃത്വത്തില്‍ അനാശാസ്യ കേന്ദ്രം നടത്തിവന്നിരുന്നത്. പ്രധാന പ്രതിയുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ പെണ്‍വാണിഭസംഘവുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ ലഭിച്ചത്.