ഒരേ യുവാവിനെ പ്രണയിച്ച് രണ്ടു യുവതികള്‍ ! ആരെ വിവാഹം കഴിക്കണമെന്ന് ടോസിട്ട് പഞ്ചായത്ത്; ഒടുവില്‍ സംഭവിച്ചതോ…

രണ്ടു പേര്‍ക്ക് ഒരേ ആളിനോടു പ്രണയം തോന്നുന്നത് അത്ര അപൂര്‍വമായ കാര്യമല്ല. ഇവിടെ രണ്ടു യുവതികളുടെ പ്രേമഭാജനമായിത്തീര്‍ന്ന ഒരു യുവാവാണ് വെട്ടിലായത്.

രണ്ട് പേര്‍ക്കും കാമുകനെ പിരിയാന്‍ കഴിയില്ലെന്നായി. ഒടുവില്‍ ആരെ വരിക്കണം എന്ന് തീരുമാനിച്ചത് ടോസിട്ട്. കര്‍ണാടകത്തിലാണ് സംഭവം. ടോസിട്ട് വിവാഹം നടത്തിയതും പഞ്ചായത്തിന്റെ കാര്‍മികത്വത്തില്‍.

27 കാരനായ യുവാവിനെ രണ്ട് പെണ്‍കുട്ടികള്‍ പ്രണയിച്ചതോടെയാണ് തീരുമാനത്തിലെത്താന്‍ പഞ്ചായത്തിന് ടോസ് ഇടേണ്ടി വന്നത്. കര്‍ണ്ണാടകയിലെ ഹാസന്‍ ജില്ലയിലെ സക്ലേഷ്പൂരിലാണ് സംഭവം.

ഒരു വര്‍ഷം മുമ്പ് സകലേഷ്പൂരിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള 27കാരനായ യുവാവ് അയല്‍ഗ്രാമത്തിലെ 20 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായതോടെയാണ് സംഭവങ്ങളുടെ തുടക്കം.

ഇടക്കിടെ ഇരുവരും ആരും അറിയാതെ സമാഗമിക്കുകയും ചെയ്തിരുന്നു. ആറുമാസം മുമ്പ്, അതേ ഗ്രാമത്തില്‍ നിന്നുള്ള അതേ പ്രായത്തിലുള്ള മറ്റൊരു പെണ്‍കുട്ടിയുമായി ഇയാള്‍ ബന്ധം സ്ഥാപിച്ചു.

ആരും അറിയാതെയുള്ള യാത്രകള്‍ ഇയാള്‍ ഇവിടെയും ആവര്‍ത്തിച്ചു. എന്നാല്‍ യുവാവിന്റെ ഒരു ബന്ധു പെണ്‍കുട്ടികളില്‍ ഒരാളുമായുള്ള ഇയാളുടെ ബന്ധം കണ്ടുപിടിച്ചു.

ഇക്കാര്യം വീട്ടുകാര്‍ ചോദ്യം ചെയ്തതോടെ താന്‍ പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും യുവാവ് പറഞ്ഞു.

എന്നാല്‍ വീട്ടുകാര്‍ ഇതിനെ എതിര്‍ക്കുകയും മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

പെണ്‍കുട്ടികളില്‍ ഒരാള്‍ ഇതിനെക്കുറിച്ച് അറിയുകയും പ്രണയത്തെക്കുറിച്ച് വീട്ടില്‍ പറയുകയും ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബം യുവാവിന്റെ വീട് സന്ദര്‍ശിക്കുകയും ബന്ധത്തെക്കുറിച്ച് വീട്ടുകാരെ അറിയിക്കുകയും ചെയ്തു.

ഇതിനിടയില്‍ മറ്റേ പെണ്‍കുട്ടിയും വിവരം അറിയുകയും അവളുടെ കുടുംബവും യുവാവിന്റെ വീട്ടില്‍ എത്തുകയും ചെയ്തു. തുടര്‍ന്നാണ് ത്രികോണ പ്രണയം പഞ്ചായത്തിന്റെ മുന്നില്‍ എത്തിയത്.

ഒരു മാസം മുമ്പ് പഞ്ചായത്ത് വിളിച്ചു ചേര്‍ത്തപ്പോള്‍ ആരെയാണ് വിവാഹം കഴിക്കേണ്ടതെന്ന് യുവാവിനോട് ചോദിച്ചിരുന്നു. വിഷയത്തില്‍ യുവതികള്‍ തമ്മില്‍ കടുത്ത തര്‍ക്കം ഉണ്ടായെങ്കിലും അയാള്‍ മൗനം പാലിച്ചു.

പ്രശ്നം പരിഹരിക്കാനാകാതെ പഞ്ചായത്ത് പിരിഞ്ഞു. വെള്ളിയാഴ്ച രണ്ടാമതും പഞ്ചായത്ത് ചേര്‍ന്നാണ് പ്രശ്നം പരിഹരിച്ചത്.

ഏത് പെണ്‍കുട്ടിയാണ് യുവാവ് വിവാഹം കഴിക്കേണ്ടതെന്ന് തീരുമാനിക്കാന്‍ പഞ്ചായത്ത് ഒരു നാണയം ടോസ് ചെയ്യാനും തീരുമാനിക്കുകയായിരുന്നു. അങ്ങനെ അത് ഒരു യുവതിയ്ക്ക് ലാഭവും മറ്റേ യുവതിയ്ക്ക് നഷ്ടവുമായി ഭവിച്ചു.

Related posts

Leave a Comment