ഉദ്ഘാടന ചടങ്ങിനിടെ വനിതാ മന്ത്രിയെ അപമാനിച്ച് ത്രിപുര മന്ത്രി! മോശമായി സ്പര്‍ശിക്കുന്നതിന്റെയും വനിതാ മന്ത്രി കൈ തട്ടി മാറ്റുന്നതിന്റെയും വീഡിയോ വൈറല്‍; നിഷേധിച്ച് മന്ത്രി മനോജ് കാന്തി ദേബ്

അഗര്‍ത്തലയിലെ റാലിയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ ഒരു ഉദ്ഘാടന ചടങ്ങില്‍ വേദിയില്‍ വച്ച് വനിതാ സഹപ്രവര്‍ത്തകയെ കടന്നുപിടിച്ച ത്രിപുര മന്ത്രിയ്ക്ക് വന്‍ വിമര്‍ശനം. മോദി ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ, മന്ത്രി മനോജ് കാന്തി ദേബാണ് സാമൂഹ്യക്ഷേമ, പൊതുവിദ്യാഭ്യാസ മന്ത്രി സാന്തന ചക്മയെ കയറിപ്പിടിച്ചത്.

കാമറക്കണ്ണുകളില്‍ പതിഞ്ഞ ഈ സംഭവം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് മന്ത്രിയ്ക്കു നേരെ ഉയരുന്നത്. എന്നാല്‍ ചെയ്ത പ്രവര്‍ത്തി ദൃശ്യങ്ങളില്‍ വളരെ വ്യക്തമാണെങ്കിലും സ്വയം ന്യായീകരിക്കാനും സംഭവം നിഷേധിക്കാനുമാണ് മന്ത്രി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന്റെയും സാന്നിധ്യത്തിലായിരുന്നു മന്ത്രി മനോജ് കാന്തി ദേബിന്റെ പ്രവൃത്തി. ചടങ്ങില്‍ പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനിടെ വേദിയുടെ വലതുവശത്തായി നില്‍ക്കുകയായിരുന്ന മനോജ് കാന്തി ദേബ് വനിതാ മന്ത്രിയെ മോശമായരീതിയില്‍ സ്പര്‍ശിക്കുകയായിരുന്നു. അപ്പോള്‍ തന്നെ വനിതാ മന്ത്രി കൈ തട്ടി മാറ്റുന്നുമുണ്ട്.

മന്ത്രി മനോജ് കാന്തി ദേബിനെതിരേ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വനിതാ മന്ത്രിയോട് മോശമായി പെരുമാറിയ മന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും മന്ത്രിയെ പുറത്താക്കണമെന്നും ഇടതുമുന്നണി കണ്‍വീനര്‍ ബിജന്‍ദാര്‍ ആവശ്യപ്പെട്ടു.

https://youtu.be/Dh4xWTMbNf4

Related posts