നത്തിംഗ് ഈസ് ഇപോസിബിള്‍ ! ചൊവ്വയാത്ര സാധ്യമെന്ന് തെളിയിച്ച് നാസയുടെ ചെറുസാറ്റലൈറ്റുകള്‍; ഇനി ഏതൊരു മനുഷ്യനും ചൊവ്വായാത്ര സ്വപ്‌നം കാണാം…

ഭൂമിയ്ക്കു പുറത്ത് മനുഷ്യനൊരു വാസസ്ഥലം എന്ന നിലയ്ക്കാണ് ചൊവ്വ ഗവേഷണങ്ങള്‍ ഇപ്പോള്‍ പുരോഗമിക്കുന്നത്. എന്നിരുന്നാലും ചൊവ്വയാത്ര ഒരിക്കലും നടക്കില്ലെന്നു കരുതുന്ന ഒരു വിഭാഗം ആളുകളും നമ്മുടെ സമൂഹത്തിലുണ്ട്. ചൊവ്വ യാത്രികര്‍ക്ക് വാനോളം പ്രതീക്ഷ നല്‍കുന്ന വിവരമാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഗ്രഹാന്തര യാത്ര അസാധ്യമായ കാര്യമല്ലെന്നു തെളിയിച്ച ശേഷമാണ് നാസയുടെ ചെറു സാറ്റലൈറ്റുകള്‍ ബഹിരാകാശത്ത് അപ്രതീക്ഷമായത്.

കഴിഞ്ഞ വര്‍ഷം നാസയുടെ പര്യവേഷണ വാഹനമായ ഇന്‍സൈറ്റിനൊപ്പം വിക്ഷേപിക്കപ്പെട്ട മാര്‍ക്കോ സാറ്റ്ലൈറ്റുകളാണ് ചരിത്രനേട്ടം കൈവരിച്ചത്. ലക്ഷ്യം പൂര്‍ത്തീകരിച്ച ശേഷമാണ് ഇവ നിശബ്ദമായതെന്നതിനാല്‍ ഈ ദൗത്യം വിജയകരമായാണ് നാസ കണക്കാക്കുന്നത്. മാര്‍ക്കോ സാറ്റലൈറ്റുകള്‍ക്ക് സയന്‍സ് ഫിക്ഷന്‍ സിനിമയിലെ ഇവ, വാള്‍ ഇ എന്നീ പേരുകളാണ് നല്‍കിയിരുന്നത്. കൈവെള്ളയില്‍ ഒതുങ്ങുന്ന ക്യൂബ്സാറ്റുകളുടെ പരിഷ്‌കരിച്ച രൂപമാണ് മാര്‍ക്കോ സാറ്റ്ലൈറ്റുകള്‍. നേരത്തെ ഇത്തരം സാറ്റ്ലൈറ്റുകള്‍ ഭൂമിക്ക് ചുറ്റും കറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് ഭൂമിയുടെ പരിധി വിട്ടു പോകുന്നത്. ഇത്ര ദൂരത്തില്‍ പോകുമ്പോഴും ഇവയ്ക്ക് പ്രവര്‍ത്തിക്കാനാകുമോ എന്നതായിരുന്നു ഉറ്റുനോക്കിയിരുന്നത്.

കഴിഞ്ഞ വര്‍ഷം മെയ് അഞ്ചിനാണ് ഇന്‍സൈറ്റിനൊപ്പം ഈ കുഞ്ഞന്‍ സാറ്റ്ലൈറ്റുകളും ചൊവ്വയിലേക്ക് തിരിച്ചത്. നവംബര്‍ 26 മുതല്‍ ചൊവ്വയില്‍ ഇന്‍സൈറ്റ് ഇറങ്ങാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതോടെ ഇന്‍സൈറ്റില്‍ നിന്നും വിട്ടുമാറി ഇവ നിരീക്ഷിക്കുകയായിരുന്നു. മാര്‍ക്കോ സാറ്റ്ലൈറ്റുകളില്‍ നിന്നും ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങുന്നതിന്റെ ആകാശദൃശ്യം നാസക്ക് ലഭിക്കുകയും ചെയ്തിരുന്നു. പ്രതീക്ഷിച്ചതിലും വേഗത്തില്‍ കൃത്യതയോടെ ഈ ദൗത്യം നിര്‍വഹിക്കാന്‍ ഇവക്കായി.

ഗ്രഹാന്തര യാത്രകളിലും ഇത്തരം കുഞ്ഞന്‍ സാറ്റ്ലൈറ്റുകളെ ഉപയോഗിക്കാനാകുമെന്ന് തെളിയിച്ചാണ് ഇവയും വാള്‍ ഇയും വിടപറഞ്ഞത്. ഇന്‍സൈറ്റ് ചൊവ്വയിലിറങ്ങിയ ശേഷം സൂര്യന് ചുറ്റും കറങ്ങുകയായിരുന്നു മാര്‍ക്കോ സാറ്റ്ലൈറ്റുകള്‍. ഡിസംബര്‍ അവസാനത്തോടെ ഇവയുമായുള്ള ബന്ധം നഷ്ടമായി. ഇപ്പോഴും എന്താണ് ഇതിന് പിന്നിലെ വ്യക്തമായ കാരണമെന്ന് നാസക്ക് തിരിച്ചറിയാനായിട്ടില്ല.

കോസ്മിക് തരംഗങ്ങളുടെ പ്രവര്‍ത്തനമാണ് സാറ്റലൈറ്റിന്റെ തകര്‍ച്ചയ്ക്കു പിന്നിലെന്നതാണ് ഒരു നിഗമനം. ഇന്ധനം തീര്‍ന്ന് പ്രവര്‍ത്തനം നിലച്ചതാവാമെന്നും നിഗമനമുണ്ട്. ഭൂമിക്ക് നേരെ റേഡിയോ ആന്റിന നിയന്ത്രിച്ചു നിര്‍ത്തുന്നതിന് സഹായിച്ചിരുന്നത് ഈ കുഞ്ഞന്‍ റോക്കറ്റുകളുടെ പ്രവര്‍ത്തനമായിരുന്നു. സൂര്യനില്‍ നിന്നും ഏറെ ദൂരെ പോയാല്‍ ബന്ധം നഷ്ടപ്പെടാനും സാധ്യതയുണ്ട്. അങ്ങനെയാണ് സംഭവിച്ചതെങ്കില്‍ ഇവയും വാള്‍ ഇയുമായി ഭാവിയില്‍ ബന്ധപ്പെടാന്‍ സാധിച്ചേക്കാം. ഓരോ മാര്‍കോ സാറ്റ്ലൈറ്റിനും സെന്‍സറുകളുടെ സഹായത്തില്‍ സൂര്യന്റെ ദിശനിര്‍ണ്ണയിച്ച് സോളാര്‍ പാനലുകള്‍ അഭിമുഖമായി വെക്കാനുള്ള സാങ്കേതികവിദ്യയുണ്ട്. ഈ സെന്‍സറുകള്‍ക്ക് സൂര്യനെ കണ്ടെത്താനായില്ലെങ്കില്‍ ഊര്‍ജ്ജം ലഭിക്കില്ല. എന്നാല്‍ ഭാവിയില്‍ സൂര്യന്റെ കൂടുതല്‍ അടുത്തേക്ക് ഇവയെത്തിയാല്‍ സൂര്യപ്രകാശത്തിലൂടെ ഊര്‍ജ്ജം ലഭിക്കുകയും ഇവ ഉറക്കത്തില്‍ നിന്നും ഉണരാനും സാധ്യതയുണ്ട്.

ഇനി ഈ കുഞ്ഞന്‍ സാറ്റലൈറ്റുകള്‍ എന്നെന്നേക്കുമായി കണ്ണടച്ചാലും നാസ ഈ ദൗത്യത്തെ വന്‍ വിജയമായാണ് കണക്കാക്കുന്നത്. താരതമ്യേന ചെറിയ ചിലവിലാണ് ഈ മാര്‍കോ സാറ്റ്ലൈറ്റുകള്‍ തങ്ങളുടെ പ്രാധാന്യത്തെ തെളിയിച്ചത്. 18.5 ദശലക്ഷം ഡോളറാണ് ഇവയുടെ ദൗത്യത്തിനായി ചെലവായത്. ഇന്‍സൈറ്റ് ചൊവ്വാ ദൗത്യത്തിന്റെ ആകെ ചിലവ് 830 ദശലക്ഷം ഡോളറായിരുന്നു. ഭാവിയില്‍ ഇത്തരം ബഹിരാകാശ ദൗത്യങ്ങളില്‍ കുഞ്ഞന്‍ സാറ്റ്ലൈറ്റുകളെ പരീക്ഷിക്കാനുള്ള സാധ്യതയാണ് ഇതോടെ വര്‍ധിച്ചിരിക്കുന്നത്.

Related posts