കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിൽ മാധ്യമപ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് വൈസ് ചാൻസലർ. മാധ്യമപ്രവർത്തകരെ സർവകലാശാലയിൽനിന്ന് വിലക്കാനോ വാർത്താശേഖരണം തടയാനോ തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്നും സർവകലാശാല വ്യക്തമാക്കി.
സർവകലാശാലയിലെ മാധ്യമപ്രവർത്തകരുടെ പ്രവേശനവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഉത്തരവിനെത്തുടർന്നാണ് വിശദീകരണം. സർവകലാശാലയുടെയോ വൈസ് ചാൻസലറുടെയോ അറിവോ അനുമതിയോ ഇല്ലാതെ ചില ദൃശ്യമാധ്യമങ്ങൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സിൻഡിക്കറ്റ് ഹാൾ ഉൾപ്പെടെയുള്ള ഓഫീസുകളിൽ പ്രവേശിച്ച് ദൃശ്യങ്ങളും പ്രതികരണങ്ങളും ശേഖരിച്ചിരുന്നു.
ഇത്തരത്തിൽ പ്രതികരണങ്ങൾ ശേഖരിക്കുന്നത് അക്കാദമിക് അന്തരീക്ഷത്തെയും പരീക്ഷാ-പഠന പ്രവർത്തനങ്ങളെയും സുരക്ഷയെയും ബാധിക്കും. ഈ സാഹചര്യത്തിലാണ് പ്രവേശനവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താൻ രജിസ്ട്രാർക്ക് കുറിപ്പ് നൽകിയത്. പുറത്തുനിന്നുള്ള സന്ദർശകർക്ക് ഏർപ്പെടുത്തിയിട്ടുള്ളതുപോലെ പ്രവേശനം സുതാര്യവും സുരക്ഷിതവുമാക്കുന്നതിനുള്ള ക്രമീകരണം മാത്രമാണിതെന്നും സർവകലാശാല വ്യക്തമാക്കി.
മാധ്യമപ്രവർത്തകർക്ക് പതിവുപോലെ സർവകലാശാലയിലെത്തി വാർത്തകൾ ശേഖരിക്കാം. ഇതിനായി മുൻകൂട്ടി പബ്ലിക് റിലേഷൻസ് ഓഫീസറെ അറിയിക്കണം. പിആർഒ വഴി ബന്ധപ്പെട്ട അധികാരിയുടെ അറിവും അനുമതിയും ഉറപ്പാക്കി പ്രവേശിക്കാം. ആവശ്യമായ എല്ലാ സഹായങ്ങളും പിആർഒ ഓഫീസ് മുഖേന ലഭ്യമാക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു.
