തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷൻ പദവികളുടെ വീതംവെപ്പിലും അധികാര പങ്കാളിത്തത്തിലും മുസ്ലിം ലീഗിന് മാത്രമാണ് പരിഗണന ലഭിക്കുന്നതെന്നും കോൺഗ്രസിലെ ഗ്രൂപ്പുകൾ അവഗണിക്കപ്പെടുകയാണെന്നും കെപിസിസി യോഗത്തിലടക്കം വിമർശനം.
കോൺഗ്രസുകാർക്ക് ലഭിക്കേണ്ട പദവികൾ പോലും, അമിത പരിഗണന ലഭിക്കുന്ന ലീഗിൽ നിന്നാണ് അറിയുന്നതെന്നും ഭാരവാഹി യോഗത്തിൽ വിമർശനമുയർന്നു. ഭരണം മാറി ആറ് മാസമായിട്ടും ബോർഡ്-കോർപ്പറേഷൻ പദവികളിൽ സിപിഎം നേതാക്കൾ തന്നെ തുടരുന്നത് ഭരണമാറ്റത്തിന്റെ പ്രതീതി ഇല്ലാതാക്കുന്നുവെന്നും ചില മന്ത്രിമാരുടെ ജില്ലാ സന്ദർശനങ്ങൾ പോലും പ്രാദേശിക നേതാക്കളെ അറിയിക്കുന്നില്ലെന്നും യോഗത്തിൽ പരാതി ഉയർന്നു.
മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിസ്ഥാനങ്ങളും ആറ് ബോർഡ്-കോർപ്പറേഷൻ പദവികളും ലഭിച്ചതിനെ ചൊല്ലി മുന്നണിക്കുള്ളിൽ ചർച്ചകൾ നടന്നിരുന്നു. ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പല തീരുമാനങ്ങളും എടുക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികളും ചില സാമുദായിക നേതാക്കളും ആരോപിക്കുന്നുമുണ്ട്.
ഇനിയും അവഗണന സഹിക്കേണ്ടതില്ലെന്ന പൊതുവികാരമാണ് എ ഗ്രൂപ്പിനുള്ളത്. പദവി വിഭജന ചർച്ചകളിൽ ഗ്രൂപ്പ് പ്രതിനിധിയെ ഉൾപ്പെടുത്തുന്നതടക്കമുള്ള ആവശ്യങ്ങളവർ ശക്തമാക്കുമെന്നാണ് സൂചന.
കോൺഗ്രസിൽ സജീവമാകാൻ എ ഗ്രൂപ്പ് യോഗം
തിരുവനന്തപുരം: അധികാരത്തിലേറി ആറുമാസത്തിലേക്കു കടക്കുന്പോഴും എ ഗ്രൂപ്പിലെ സീനിയർ നേതാക്കൾ ഉൾപ്പടെ അവഗണിക്കപ്പെടുന്ന സാഹചര്യത്തിൽ പാർട്ടിയെ വീണ്ടും കൈപ്പിടിയിലാക്കാൻ എ ഗ്രൂപ്പ് തീരുമാനം. നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം മാനിക്കാതെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും കൂടിയാലോചനകളില്ലെന്നും ആരോപിച്ച് തിരുവനന്തപുരത്ത് ഗ്രൂപ്പ് നേതാക്കളുടെ യോഗം ചേർന്നു. സർക്കാരിന്റെ പല തീരുമാനങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്ന പരാതിയാണ് സീനിയർ നേതാക്കൾ ഉൾപ്പടെ പങ്കുവയ്ക്കുന്നത്.
പാർട്ടി സംവിധാനത്തിൽ പൂർണമായും എ ഗ്രൂപ്പ് നേതാക്കൾ അവഗണിക്കപ്പെടുന്നതിന്റെ അമർഷം മുഖ്യമന്ത്രിയുടെയും കെപിസിസി പ്രസിഡന്റിന്റെ മുന്നിലും എ ഗ്രൂപ്പ് പങ്കുവച്ചുകഴിഞ്ഞു. കെപിസിസി ഭാരവാഹികൾ ഉൾപ്പടെയുള്ള നേതാക്കൾ മന്ത്രിസഭയിലുണ്ടെങ്കിലും തീരുമാനങ്ങൾ മുഖ്യമന്ത്രി ഒറ്റയ്ക്ക് എടുക്കുന്നുവെന്ന ആരോപണം ശക്തമാക്കുകയാണ് എ ഗ്രൂപ്പ്. എ ഗ്രൂപ്പിൽ നേതാക്കള്‍ അടുത്തകാലത്ത് ഇതുപോലെ ഒന്നിച്ചൊരു നീക്കം നടത്തിയിട്ടില്ല. പഴയതുപോലെ ശക്തി സമാഹരിക്കാനുള്ള ശ്രമത്തിലാണ് ഗ്രൂപ്പ്.
ആറു മാസമായിട്ടും ബോർഡ്-കോർപറേഷൻ വിഭജനം പൂർണമാകാത്തതിൽ യോഗത്തിൽ കടുത്ത അതൃപ്തി ഉയർന്നു. ബോര്‍ഡ്-കോർപറേഷൻ വിഭജന ചര്‍ച്ചകളിൽ പങ്കെടുപ്പിക്കാത്തതിലും കടുത്ത അതൃപ്തിയുണ്ട്. ബോർഡ്-കോർപറേഷൻ വിഭജനത്തിൽ ഏതൊക്കെ ഘടകക്ഷികൾക്ക് ഏതെല്ലാം സ്ഥാനമാനങ്ങൾ വാഗ്ദാനം ചെയ്തെന്നോ കോൺഗ്രസിന് എന്തൊക്കെയാണ് ലഭിക്കുന്നതെന്നോ സംബന്ധിച്ച ധാരണ മുതിർന്ന നേതാക്കൾക്കുപോലുമില്ല.
ബോര്‍ഡ്-കോർപറേഷൻ വിഭജനത്തിൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരാണ് ക്ലിഫ് ഹൗസിൽ ചർച്ച നടത്തിയത്. എ ഗ്രൂപ്പിൽനിന്ന് ആരെയും ചർച്ചയ്ക്കു വിളിച്ചില്ലെന്നാണ് പരാതി.
അവഗണന തുടരെ ഉണ്ടാകുന്നു എന്നാണ് എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും തീരുമാനമെടുക്കുന്ന ചർച്ചകളിൽ രമേശ് ചെന്നിത്തലയെ പങ്കെടുപ്പിക്കുന്നതിലും എ ഗ്രൂപ്പിന് നീരസമുണ്ട്. രമേശിനെ ചർച്ചകളിൽ പങ്കെടുപ്പിച്ചാൽ എ ഗ്രൂപ്പ് പ്രതിനിധിയെയും ആ ചർച്ചകളുടെ ഭാഗമാക്കണം. എ ഗ്രൂപ്പ് ഭിന്നിച്ചു നിൽക്കുന്നുവെന്ന് വരുത്തിതീർത്ത് അത്തരം അവസരം തട്ടിക്കളയാൻ സമ്മതിപ്പിക്കരുതെന്നും യോഗത്തിൽ പൊതു അഭിപ്രായമുണ്ടായി. ഇക്കാര്യവും മുഖ്യമന്ത്രിയോട് നേതാക്കൾ സംസാരിച്ചു. വരുംദിവസങ്ങളിൽ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരെ നേരിൽക്കണ്ട് പരാതി അറിയിക്കാനാണ് എ ഗ്രൂപ്പ് നേതാക്കളുടെ നീക്കം. ഇതേസമയം ഗ്രൂപ്പ് യോഗമൊന്നും ചേർന്നിട്ടില്ലെന്ന പതിവു പ്രതികരണങ്ങളാണ് നേതാക്കൾ നടത്തിയത്.
