മകന് വിവാഹം ആലോചിക്കാന്‍ സുഹൃത്ത് അയച്ച് തന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങളായിരുന്നു അത്! നിയമസഭയിലെ കള്ളത്തരം കയ്യോടെ പിടിച്ചപ്പോള്‍ എംഎല്‍എ നല്‍കിയ വിശദീകരണം ഇങ്ങനെ

നിയമസഭ നടക്കുമ്പോള്‍ സഭയില്‍ അലസരായി ഇരിക്കുന്ന എംഎല്‍എമാരെയും ഉറങ്ങുന്നവരെയും പരസ്പരം കൊച്ചു വര്‍ത്തമാനം പറയുന്നവരെയുമെല്ലാം കാണാറുണ്ട്. എന്നാല്‍ സഭയ്ക്കകത്ത് ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമില്ലാതിരുന്നിട്ടുകൂടി, സഭയിലിരുന്ന് ഫോണില്‍ സ്ത്രീയുടെ ചിത്രം കണ്ട ഒരു എംഎല്‍എയാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

കര്‍ണാടകയിലെ ബിഎസ്പി എംഎല്‍എയാണ് അനുവാദമില്ലാതിരുന്നിട്ടുകൂടി സഭയില്‍ ഫോണ്‍ ഉപയോഗിച്ച്, യുവതികളുടെ ചിത്രങ്ങള്‍ കണ്ടത്.

എം.എല്‍.എ. ഫോണില്‍ യുവതിയുടെ ചിത്രം കാണുന്നതിന്റെ വീഡിയോ ടി.വി. ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെയാണ് സംഭവം വിവാദമായത്. വിമര്‍ശനം ശക്തമായതോടെ എംഎല്‍എ നല്‍കിയ വിശദീകരണമാണ് പിന്നീട് ചര്‍ച്ചയായത്.

മകന് വിവാഹം ആലോചിക്കാന്‍ സുഹൃത്ത് അയച്ചു തന്ന യുവതിയുടെ ചിത്രമാണ് മൊബൈലില്‍ കണ്ടതെന്നും മാധ്യമങ്ങള്‍ അനാവശ്യമായി വിവാദമാക്കുകയാണെന്നും എം.എല്‍.എ. പറഞ്ഞു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച മഹേഷ്, നിയമസഭയ്ക്കകത്ത് ഫോണ്‍ കൊണ്ടുവന്നത് തെറ്റായിപ്പോയെന്നും പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെ.ഡി.എസുമായി ചേര്‍ന്ന് മത്സരിച്ച മഹേഷ് സഖ്യസര്‍ക്കാരില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു. ഉത്തര്‍പ്രദേശിന് പുറത്ത് ബി.എസ്.പി.യുടെ ഏക മന്ത്രിയായിരുന്ന ഇദ്ദേഹം ഒക്ടോബറില്‍ മന്ത്രിസ്ഥാനമൊഴിഞ്ഞിരുന്നു.

2014-ല്‍ ബി.ജെ.പി. എം.എല്‍.എ. പ്രഭു ചവാന്‍ നിയമസഭയ്ക്കകത്ത് പ്രിയങ്കാ ഗാന്ധിയുടെ ചിത്രം ഫോണില്‍ കണ്ടതും വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ചവാനെ ഒരുദിവസത്തേക്ക് സഭയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related posts