മോദി സര്‍ക്കാര്‍ അധികാരത്തിലെത്താനുള്ള സാധ്യത കുറവാണ്! പുതിയ ഭരണകൂടവുമായുള്ള ബന്ധമേ ഗുണം ചെയ്യൂ; റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേയ്ക്കുള്ള ക്ഷണം ട്രംപ് നിരസിച്ചതിന് കാരണമായി വിലയിരുത്തുന്നതിതൊക്കെ

റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഇന്ത്യയില്‍ എത്തണമെന്ന മോദി സര്‍ക്കാരിന്റെ ക്ഷണം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരസിച്ചു കഴിഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് അതുസംബന്ധിച്ച അറിയിപ്പും ലഭിച്ചു കഴിഞ്ഞു. ജനുവരിയില്‍ അമേരിക്കയില്‍ നടക്കാനിരിക്കുന്ന ചില രാഷ്ട്രീയ തിരക്കുകള്‍ കാരണമാണ് സന്ദര്‍ശനം വേണ്ടെന്ന് വച്ചതെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ചതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളെന്ന വിലയിരുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.

2019 മെയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമെന്നതും ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരില്ലെന്നും അതിനാല്‍ മോദി സര്‍ക്കാരിന്റെ അവസാന റിപ്പബ്ലിക് ദിന ചടങ്ങില്‍ യുഎസ് പ്രസിഡന്റ് പങ്കെടുക്കുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നുമുള്ള ഉപദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ട്രംപിന്റെ തീരുമാനമെന്നാണ് അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലുമുള്ള വിലയിരുത്തല്‍.

ഇനി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മാത്രം യുഎസ് പ്രസിഡന്റ് ഇന്ത്യയില്‍ എത്തിയാല്‍ മതിയെന്നാണ് അമേരിക്കന്‍ നിലപാടെന്നും സൂചനയുണ്ട്. പുതിയ ഭരണകൂടവുമായുള്ള ബന്ധം മാത്രമേ ഗുണം ചെയ്യുകയുള്ളൂ എന്നാണ് യുഎസ് ഭരണകൂടത്തിന്റെ വിലയിരുത്തല്‍.

അതേസമയം ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഉടന്‍ കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. എന്നാല്‍ അത് മോദിയുമായാണെന്നത് വ്യക്തമാക്കിയിട്ടുമില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായി യുഎസ് പ്രസിഡന്റിനെ രാജ്യത്തെത്തിച്ച് അന്തസുയര്‍ത്താം എന്ന ബിജെപിയുടെ മോഹമാണ് ഇതോടെ പൊലിഞ്ഞിരിക്കുന്നത്. ഇനി മറ്റെന്തെങ്കിലും മാര്‍ഗം അന്വേഷിച്ചേ തീരൂ.

Related posts