മൂന്നരക്കോടി ജനങ്ങളുടെ നെഗറ്റീവ് എനര്‍ജി മാറ്റുന്നതിനു വേണ്ടി താങ്കള്‍ക്ക് അവിടെ നിന്നും എന്താണ് കിട്ടിയത്! മോഹന്‍ലാലിന് തുറന്ന കത്തുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

അടുത്തനാളുകളില്‍ മലയാളികള്‍ ചര്‍ച്ച ചെയ്ത ഒരു സംഭവമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്‍ മോഹന്‍ലാല്‍ നടത്തിയ കൂടിക്കാഴ്ച. തിരുവനന്തപുരത്തു നിന്ന് മോഹന്‍ലാലിനെ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചയാണ് നടന്നതെന്നാണ് പലരും അതിനെ വിലയിരുത്തിയത്. എന്നാല്‍ തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയാണ് താന്‍ നടത്തിയതെന്ന് പറഞ്ഞ് മോഹന്‍ലാല്‍ അത് നിഷേധിക്കുകയായിരുന്നു.

എന്നാല്‍ ഇക്കഴിഞ്ഞ ദിവസം താന്‍ എഴുതിയ ബ്ലോഗില്‍ വീണ്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയത്, കേരളത്തിലെ ബിജെപി വിരോധികള്‍ക്കും ഒപ്പം ഭൂരിഭാഗം വരുന്ന മോഹന്‍ലാല്‍ ആരാധകര്‍ക്കും സഹിച്ചില്ല. മോദിയില്‍ നിന്ന് പകര്‍ന്നു കിട്ടിയ പോസിറ്റീവ് എനര്‍ജി തന്നില്‍ നിന്ന് വിട്ടുപോകുന്നില്ലെന്നും രാജ്യം കണ്ട ഏറ്റവും ക്ഷമയുള്ള നേതാവാണ് മോദിയെന്നുമായിരുന്നു മോദിയെക്കുറിച്ച് പ്രധാനമായും മോഹന്‍ലാല്‍ പരാമര്‍ശിച്ചിരുന്നത്.

ബ്ലോഗ് വൈറലായതോടെ നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങി. ഇതിനെല്ലാം പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.ടി.ജി.സുനില്‍ മോഹന്‍ലാലിന് എഴുതിയ ഒരു തുറന്ന കത്താണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ഭരത് മോഹന്‍ലാലിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട മോഹന്‍ലാല്‍,
അങ്ങ് കേരളം കണ്ട ഒരു പക്ഷേ ഇന്ത്യ കണ്ട മഹാനടന്മാരില്‍ ഒരാളാണ്. അങ്ങയുടെ നടനവൈഭവത്തോടൊപ്പം തന്നെ അങ്ങയെ ഈ മഹാദേവസ്സിലേറ്റാന്‍ മലയാളികള്‍ വഹിച്ച പങ്ക് ചെറുതല്ല. അങ്ങ് കഴിഞ്ഞ ദിവസം നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ബ്ലോഗ് എഴുതിയത് ശ്രദ്ധിക്കപ്പെടാന്‍ ഇടയുണ്ടായി. മോദി ഇന്ത്യ കണ്ട ഏറ്റവും വലിയ ക്ഷമയോടു കൂടി പ്രശ്നങ്ങള്‍ കേള്‍ക്കുന്ന ആളാണെന്നും നരേന്ദ്രമോദിയെ കണ്ടതിന്റെ പോസിറ്റീവ് എനര്‍ജി ഇതു വരെ മാറിയില്ലെന്നും പറയുകയുണ്ടായി.

നരേന്ദ്രമോദിയെ കണ്ടപ്പോള്‍ കേരള ജനത അഭിമുഖീകരിക്കേണ്ടിവന്ന മഹാപ്രളയത്തെപ്പറ്റി സൂചിപ്പിക്കാനോ കേരളത്തിലെ പതിമൂന്നര ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാംപില്‍ അകപ്പെടുകയും കേരളത്തില്‍ 40,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായതും ശ്രദ്ധയില്‍പ്പെടുത്തിയോ ഇല്ലയോ എന്ന് എനിക്കറിയില്ല. അങ്ങയുടെ രാഷ്ട്രീയ മോഹം പൂവണിയാന്‍ വേണ്ടിയാണ് നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ച് ബ്ലോഗ് എഴുതിയത് എന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പ്രതീക്ഷ വെക്കുന്ന കേരളത്തിലെ തിരുവനന്തപുരം സീറ്റില്‍ അങ്ങയെ സംഘപരിവാരത്തിന്റെ സഹായത്തോടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി. ചരടുവലിക്കുന്ന നീക്കം ഇന്ന് രാഷ്ട്രീയപ്രവര്‍ത്തകരും മാധ്യമങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്.

കഴിഞ്ഞ മാസം പ്രളയത്തിനു ശേഷം പ്രധാനമന്ത്രിയെ കണ്ട് സഹായമഭ്യര്‍ത്ഥിക്കാന്‍ കേരളത്തിലെ മന്ത്രിമാരും എം.പിമാരുമടങ്ങുന്ന സംഘം അനുവാദം ചോദിച്ചപ്പോള്‍ അവര്‍ക്ക് അനുമതി നിഷേധിക്കുകയും അവരുടെ വാക്കുകള്‍ക്ക് കാതുകൊടുക്കാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രിയെയാണ് അങ്ങ് ഏറ്റവും നല്ല ശ്രോതാവെന്ന് വിളിച്ചത്.

അന്ന് കേരളത്തിലെ രാഷ്ട്രീയനേതാക്കളും ജനപ്രതിനിധികളും നരേന്ദ്രമോദിയോട് പറയാന്‍ പോയത് കേരളത്തിലെ 13.5 ലക്ഷം അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന എല്ലാം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിനില്‍ക്കുന്ന കേരള ജനതയുടെ നിസ്സഹായാവസ്ഥയ്ക്ക് ചെവി കൊടുക്കാതിരുന്നത്. അങ്ങനെയുള്ള നരേന്ദ്രമോദിയെയാണ് അങ്ങ് ഏറ്റവും നല്ല ശ്രോതാവെന്ന് വിശേഷിപ്പിച്ചത്.

അങ്ങയുടെ രാഷ്ട്രീയമോഹം പൂവണിയുകയോ പൂവണിയാതിരിക്കുകയോ ചെയ്യട്ടേ. പക്ഷ, കേരളത്തിലെ ജനങ്ങളാണ് അങ്ങയെ ഈ മഹാനടനത്തിന്റെ സിംഹാസനത്തില്‍ ഇരുത്തിയതെന്ന കാരണം അങ്ങ് വിസ്മരിക്കരുത്. രാഷ്ട്രീയമോഹങ്ങള്‍ക്കു വേണ്ടി ഇടതുപക്ഷത്തിന്റെ വക്താക്കളിലൊരാളാവുകയും കോണ്‍ഗ്രസിന്റെ നേതാക്കന്മാരെ ചാരി പിന്‍വാതിലൂടെ കേണല്‍ പദവി സ്വന്തമാക്കുകയും ചെയ്തു.

ഇനി അധികാരത്തിലേറാന്‍ വേണ്ടി സംഘപരിവാറിന്റെ പാളയത്തില്‍ പോകുന്നത് ഭൂര്‍ഷ്വമാണോ എന്ന് ചിന്തിക്കണം. മഹാനടനായ മോഹന്‍ലാലിനെ ജനങ്ങള്‍ നെഞ്ചിലേറ്റിയത് ഒരു കാലാകാരനായതുകൊണ്ടാണ്. അങ്ങയില്‍ നിന്നും ഒരു രാഷ്ട്രീയക്കാരനെയല്ല ജനങ്ങള്‍ക്ക് വേണ്ടത്.

പ്രളയം ബാധിച്ച കേരളത്തിന്റെ പുനരുദ്ധാരണത്തിനു വേണ്ടി റോഡുകളുടെയും പാലങ്ങളുടെയും പണി നാഷണല്‍ ഹൈവേ അതോറിട്ടി ഏറ്റെടുക്കുമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കേരളത്തിലെ ജനപ്രതിനിധികള്‍ക്ക് പ്രധാനമന്ത്രിയെ കാണാന്‍ അവസരം കിട്ടാത്ത സന്ദര്‍ഭത്തിലും താങ്കള്‍ക്ക് കിട്ടിയ അവസരത്തില്‍ താങ്കള്‍ക്ക് ചോദിക്കാമായിരുന്നു കേരളത്തിലെ പാലങ്ങളുടെയും റോഡുകളുടെയും പണി എന്നു തീര്‍ക്കുമെന്ന്.

താങ്കളൊരു യഥാര്‍ത്ഥ ജനപ്രതിനിധി ആകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ക്കു വേണ്ടി നല്ലതു ചെയ്യാന്‍ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്.

കേരളത്തിലെ ജനങ്ങളുടെ പുനരുദ്ധാരണത്തിനു വേണ്ടി ജനപ്രതിനിധികളും രാഷ്ട്രീയഭേദമന്യേ ഒന്നായി ലോകം മുഴുവനുമുള്ള സന്മനസ്സുള്ളവരുടെ സഹായത്തിനു വേണ്ടി പോകുമ്പോള്‍ പ്രധാനമന്ത്രി നമുക്ക് കിട്ടിയ സഹായങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടായത്.

താങ്കള്‍ക്ക് അതിനെക്കുറിച്ചും ചോദിക്കാമായിരുന്നു. താങ്കള്‍ പ്രധാനമന്ത്രിയെ അനുമോദിച്ച് പറയുമ്പോള്‍ 13. 5 ലക്ഷം ജനങ്ങള്‍ അവരുടെ സമ്പാദ്യവും കിടപ്പാടവും പോയി അഭയാര്‍ത്ഥി ക്യാംപുകളില്‍ കഴിയേണ്ടി വന്നപ്പോള്‍ അവര്‍ക്ക് സര്‍ക്കാര്‍ ഏതു രീതിയിലുള്ള പുനരുദ്ധാരണ പാക്കേജാണ് നടപ്പാക്കാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പറയാമായിരുന്നു.

താങ്കള്‍ ഒരു കാര്യം മനസ്സിലാക്കണം. താങ്കളുടെ അഭിനയമികവിന്റെ പേരിലാണ് താങ്കള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസില്‍ സന്ദര്‍ശനം കിട്ടിയത്. താങ്കളെ അഭിനയപ്രതിഭയാക്കിയത് ഇവിടുത്തെ പ്രേക്ഷകരാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാനാണ് ജനപ്രതിനിധികളെ ജയിപ്പിച്ചു വിടുന്നത്.

കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെ ജനപ്രതിനിധികളെ കാണാന്‍ കൂട്ടാക്കാത്ത പ്രധാനമന്ത്രി അഭിനയത്തിന്റെ മികവുകൊണ്ടുമാത്രം ഉന്നതങ്ങളിലെത്തിയ താങ്കളെ കാണാന്‍ അനുവാദം നല്‍കുന്നു. ജനാധിപത്യത്തെ ചവുട്ടിത്താഴ്ത്തുകയാണ് പ്രധാനമന്ത്രി ഇതിലൂടെ ചെയ്തത്.

താങ്കള്‍ ചെയ്തത് നല്ല കാര്യമായിരിക്കാം. പക്ഷേ, ഒരു ജനത്തിന്റെ മുഴുവന്‍ ആശകളെയും അവരുടെ പ്രതീക്ഷകള്‍ക്ക് ഉറപ്പ് കൊടുക്കാത്ത ഒരു പ്രധാനമന്ത്രിയെ ജനാധിപത്യ രീതിയില്‍ ചിന്തിക്കുന്നവര്‍ക്ക് അദ്ദേഹത്തെപ്പറ്റി നല്ലതു പറയാന്‍ പറ്റില്ല. അദ്ദേഹത്തെപ്പോലെയുള്ള ഒരാളില്‍ നിന്ന് താങ്കള്‍ക്ക് പോസിറ്റീവ് എനര്‍ജി കിട്ടിയെന്ന് പറയുമ്പോള്‍ പുച്ഛം തോന്നുന്നു.

നേരെ മറിച്ച് കേരളത്തിലെ ജനപ്രതിനിധികളെ കാണാനോ വ്യക്തമായ പുനരുദ്ധാരണ പാക്കേജോ നല്‍കാത്ത പ്രധാനമന്ത്രിയെക്കുറിച്ച് മൂന്നര കോടി ജനങ്ങള്‍ക്കുണ്ടാകുന്ന വിശ്വാസ്യത നഷ്ടപ്പെടും. അത് നെഗറ്റീവ് എനര്‍ജിയാണ്. മൂന്നര കോടി ജനങ്ങളുടെ നെഗറ്റീവ് എനര്‍ജി മാറ്റുന്നതിനു വേണ്ടി താങ്കള്‍ക്ക് അവിടെ നിന്നും എന്താണ് കിട്ടിയെന്ന് ചോദിച്ചാല്‍ ഒന്നും കിട്ടിയില്ലെന്നു തന്നെയാണ് താങ്കളുടെ ബ്ലോഗില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുക.

സ്വാഭാവികമായും താങ്കള്‍ ഒരു വ്യക്തിയാണ്. ഒരു സമൂഹത്തെ തഴഞ്ഞ ഒരു വ്യക്തിയെ പ്രോല്‍സാഹിപ്പിക്കുന്ന ഭരണാധികാരിയെ എന്താണ് ജനങ്ങള്‍ വിളിക്കേണ്ടത് എന്ന് പറഞ്ഞു തന്നാലും.

താങ്കള്‍ എഴുതിയത് വളരെ സദുദ്ദേശപരമായിരിക്കാം. കേരളത്തിലെ ജനങ്ങള്‍ക്ക് ആവശ്യം നല്ലവനായ പ്രധാനമന്ത്രിയെ പുകഴ്ത്തുന്ന വാക്കുകളല്ല. നേരെ മറിച്ച് പ്രളയത്തിലകപ്പെട്ട് എല്ലാം നഷ്ടപ്പെട്ട ജനതയുടെ മുന്നോട്ടുള്ള ജീവിതത്തിന് ആവശ്യമായവ സര്‍ക്കാര്‍ എന്താണ് ചെയ്തുകൊടുക്കുകയെന്നുള്ളതാണ്. ഇതൊക്കെയാണ് രാഷ്ട്രീയം.

പ്രളയത്തിലകപ്പെട്ട് ദുരിതാശ്വാസ ക്യാംപിലെ ജനങ്ങളുടെ ദുരിതസ്ഥിതി നേരില്‍ക്കണ്ട ആളാണ് ഞാന്‍ . ഇതെല്ലാം നേരില്‍ക്കാണുകയും അനുഭവിക്കുകുയം ചെയ്ത ആളെന്ന നിലയില്‍ എനിക്ക് പറയാനുള്ളത് വെള്ളപ്പൊക്കത്തില്‍ കൃഷി നശിച്ചവരും സ്വന്തം വ്യവസായ ശാലകളിലും വീടുകളിലും വെള്ളം കയറിയവരും ജീവനമാര്‍ഗമായ ടാക്സി വാഹനങ്ങളിലും വെള്ളം കയറി നശിക്കുകയും ചെയ്ത കരളലിയിപ്പിക്കുന്ന പല കാര്യങ്ങളും ഞാന്‍ കണ്ടിട്ടുണ്ട്. സ്‌കൂള്‍ തുറന്ന നാളു മുതല്‍ നോട്ട്ബുക്കുകളില്‍ എഴുതിവെച്ചവ വെള്ളത്തില്‍ നശിച്ചുപോവുകയും ചെയ്ത് ദുരിതത്തിലായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കു വേണ്ടി എന്തു ചെയ്തു.

താങ്കള്‍ പ്രധാനമന്ത്രിയെ പ്രൊമോട്ട് ചെയ്യുമ്പോള്‍ ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഞങ്ങള്‍ താങ്കളില്‍ നിന്നു പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ കേന്ദ്രസര്‍ക്കാരിനേതിരേയും പ്രധാനമന്ത്രിയ്ക്കെതിരേയും പ്രതികരിക്കുമ്പോള്‍ താങ്കളുടെ ഭാഗത്തു നിന്നു നോക്കിയാല്‍ അത് ശരിയാണെന്ന് തോന്നുന്നില്ലേ. താങ്കളൊഴിച്ച് ബാക്കി കേരളത്തിലുള്ളവര്‍ മുഴുവന്‍ ഇതിനെതിരാണ്.

എന്ന്,
അഡ്വ.ടി.ജി.സുനില്‍
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി.

Related posts