പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചത് ബുദ്ധികൂര്‍മതയുടെ ദൃഷ്ടാന്തം ! ഫക്രിസദേയെ വധിക്കാന്‍ തയ്യാറാക്കിയത് വന്‍ പദ്ധതി;ഇറാനിയന്‍ ആണവശാസ്ത്രജ്ഞന്റെ കൊലപാതകം നടത്തിയത് മൊസാദ് തന്നെയെന്ന് റിപ്പോര്‍ട്ട്…

ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസദേയുടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രയേലാണെന്ന ആരോപണത്തെ സാധൂകരിക്കുന്ന ചില വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ടെഹ്‌റാനില്‍ നിന്നും 50 മൈല്‍ കിഴക്കുള്ള അബ്‌സാര്‍ദ് എന്ന നഗരത്തില്‍ വച്ചാണ് കാറിനു നേരെയുള്ള ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികളുടെ പിതാവ് എന്നറിയപ്പെടുന്ന ഫക്രിസദേ കൊല്ലപ്പെടുന്നത്.

ആദ്യം സ്‌ഫോടനം നടത്തിയ അജ്ഞാത സംഘം പിന്നീട് അദ്ദേഹത്തിനു നേരെ നിറയൊഴിക്കുകയായിരുന്നു.

എന്നാല്‍ ഈ ആക്രമണം നടത്തിയ ഇസ്രയേലിന്റെ ചാര സംഘടനയായ മൊസാദിന്റെ 12 അംഗ സംഘമാണെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന.

മൊസാദിന്റെ 62 അംഗ സംഘത്തിലെ അംഗങ്ങളാണ് ഇവര്‍. ഫക്രിസദേയുടെ അവസാന നിമിഷങ്ങളുടെ വിവരങ്ങള്‍ അധികാരികളില്‍ നിന്ന് ചോര്‍ന്നു കിട്ടിയെന്ന് അവകാശപ്പെടുന്ന ഒരു ഇറാനിയന്‍ പത്രപ്രവര്‍ത്തകനാണ് ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.

ഫക്രിസദേയുടെ കൊലപാതകികള്‍ക്ക് ഉചിതമായ മറുപടി നല്‍കുമെന്ന് രാജ്യത്തിന്റെ പരമോന്നത നേതാവായ ആയത്തോള്ള അലി ഖമേനി വ്യക്തമാക്കിക്കഴിഞ്ഞു.

പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് അബ്‌സാര്‍ദ് പട്ടണം. സമ്പന്നരുടെ വാസസ്ഥലമാണിവിടം. ഫക്രിസദേയ്ക്കും ഇവിടെ ഒരു വസതിയുണ്ട്.

മൊസാദിന്റെ 62 അംഗ സംഘത്തില്‍ 50 പേര്‍ ഫക്രിസദേയെ വധിക്കാനുള്ള സാഹചര്യമൊരുക്കി നല്‍കിയപ്പോള്‍ 12 അംഗ സംഘം കൃത്യം നടപ്പാക്കിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇവര്‍ അവിടെ എങ്ങനെ എത്തിപ്പെട്ടുവെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഒരു ഹ്യൂണ്ടായ് സാന്റാഫെ,നാല് മോട്ടോര്‍ സൈക്കിളുകള്‍, ഒരു നിസ്സാന്‍ പിക്കപ്പ് വാന്‍ എന്നിവയാണ് സംഭവസ്ഥലത്തുണ്ടായിരുന്നത്.

മൂന്നു ബുള്ളറ്റ് പ്രൂഫ് കാറുകളിലായി ഫക്രിസദേയും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും ഇവിടെ എത്തുന്നതിനു മുമ്പു തന്നെ കൊലയാളികള്‍ പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചിരുന്നു.

മൂന്നാമത്തെ കാര്‍ കടന്നുപോയതോടെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച നിസ്സാന്‍ പിക്ക് അപ്പ് വാന്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയത്ത് തന്നെ ഫക്രിസദേ സഞ്ചരിച്ചിരുന്ന രണ്ടാമത്തെ കാറിനു നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു.

ഫക്രിസദെയെ പുറത്തെടുത്ത് മരണം ഉറപ്പാക്കാനായി വീണ്ടും വെടിവെച്ചുവെന്നും സര്‍ക്കാരില്‍ നിന്നും ചോര്‍ന്നു കിട്ടിയെന്ന് അവകാശപ്പെടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫക്രിസദേയുടെ സുരക്ഷാ സൈനികള്‍ തിരിച്ചു വെടിവെച്ചുവെങ്കിലും ആക്രമികള്‍ ഞൊടിയിടയില്‍ സ്ഥലം വിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പിന്നീട് ഹെലികോപ്ടര്‍ എത്തിയാണ് ഫക്രിസദേയെയും സംഘത്തെയും ആശുപത്രിയില്‍ എത്തിച്ചത്. സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ എത്തിയപ്പോള്‍ അവിടെ വൈദ്യുതി ഇല്ലാത്തതിനാല്‍ ടെഹ്‌റാനിലേക്കു കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related posts

Leave a Comment