അച്ഛന്‍ എവിടെയെന്ന് മകള്‍ ചോദിച്ചപ്പോള്‍ അമ്മ വാടകയ്ക്ക് ഒരു അച്ഛനെ എടുത്തു ! പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ വാടക പിതാവിനോട് അമ്മയ്ക്ക് കടുത്ത പ്രണയം; ഒടുവില്‍ സംഭവിച്ചതോ…

ടോക്കിയോ: വാടകയ്ക്ക് ഒരു അച്ഛനെ എടുക്കുക ആളുകളെ അമ്പരപ്പിക്കുന്ന ഈ വാര്‍ത്ത വരുന്നത് ജപ്പാനില്‍ നിന്നുമാണ്. മകളുടെ ചെറുപ്രായത്തിലേ അച്ഛന്‍ മരിച്ചു. പിന്നീട് അച്ഛന്‍ എവിടെയെന്ന മകളുടെ ചോദ്യത്തിന് അമ്മയ്ക്ക് ഉത്തരം ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് മകള്‍ക്കായി അച്ഛനെ വാടകയ്ക്കെടുക്കാന്‍ അമ്മ തീരുമാനിച്ചത്. അസാകോ എന്ന യുവതിയാണ് മകള്‍ മെഗുമിക്കായി അച്ഛനെ വാടകയ്ക്കെടുത്തത്. അച്ഛനെ കാണാതായതോടെ അസാകോയോട് മിണ്ടാതിരിക്കുക, സ്‌കൂളില്‍ പോകാതിരിക്കുക, അച്ഛനെ കാണാത്തതിന് അസാകോയെ കുറ്റപ്പെടുത്തുക, സ്‌കൂളില്‍ പ്രശ്നമുണ്ടാക്കുക തുടങ്ങിയ മാറ്റങ്ങളായിരുന്നു മെഗുമിയില്‍ നിന്നുണ്ടായത്. ഇതോടെയാണ് അസാകോ വാടകയ്ക്ക് അച്ഛനെ ഒരുക്കിയത്.

വാടകയ്ക്ക് ആളുകളെ വിട്ടുകൊടുക്കുന്ന സ്ഥാപനത്തെ കുറിച്ച് അസാകോ കേട്ടിരുന്നു. ഇതോടെയാണ് വാടകയ്ക്ക് മെഗുനിക്ക് അച്ഛനായി അഭിനയിക്കാന്‍ ആളെ എടുത്താലോ എന്ന് അസാകോ ആലോചിക്കുന്നത്. ഇത്തരത്തില്‍ ഒരാളെ അസാകോ തിരഞ്ഞെടുത്തു. തകാഷിയെന്നയാളെയാണ് അസാകോ മെഗുനിയുടെ പിതാവായി തിരഞ്ഞെടുത്തത്. ആളുകളെ വാടകയ്ക്ക് വിട്ടുകൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെ മേധാവി കൂടിയായിരുന്നു അദ്ദേഹം. നേരത്തെ ബോയ് ഫ്രണ്ട്, ബിസിനസ് മാന്‍, സുഹൃത്ത്, അച്ഛന്‍, വരന്‍ തുടങ്ങിയ വേഷങ്ങളില്‍ തകാഷി അഭിനയിച്ചിട്ടുണ്ട്. ഇത്രയും കാലം വരാതിരുന്നത് എന്തുകൊണ്ടാണെന്ന് മകളെ ബോധ്യപ്പെടുത്തുക, അവളോട് മാപ്പ് പറയുക, മകള്‍ പറയുന്നത് ക്ഷമയോടെ കേള്‍ക്കുക എന്നീ നിര്‍ദേശങ്ങള്‍ അസാകോ തകാഷിയുടെ മുന്നിലേക്ക് വെച്ചു.

മറ്റൊരു സ്ത്രീയെ വിവാഹം ചെയ്ത അച്ഛന്‍ കഴിഞ്ഞ ദിവസം മകളെ കാണണമെന്ന് തന്നോട് ആവശ്യപ്പെട്ടുവെന്ന് അസാകോ മെഗുമിയെ അറിയിച്ചു. ആദ്യം അമ്പരന്ന മെഗുമി തന്നെ കാണാന്‍ വരുന്ന അച്ഛനെ കാണുവാന്‍ തയ്യാറായി. കുട്ടിയുടെ അച്ഛന്റെ പേരായ യാമാഡ എന്ന പേര് സ്വീകരിച്ച തകാഷി പിന്നെ മെഗുമിയുടെ അച്ഛനായി മാറുകയായിരുന്നു. ഇത്രയും കാലമായി തന്നെ കാണാന്‍ എന്താണ് വരാതിരുന്നതെന്ന മെഗുമിയുടെ ചോദ്യത്തിന് മുന്നില്‍ താന്‍ പതറിപ്പോയെന്ന് തകാഷ് വ്യക്തമാക്കുന്നു. പിന്നീട് മെഗുമിയെയും അസാകോയെയും കാണാനായി തകാഷി മാസത്തില്‍ രണ്ട് പ്രാവശ്യം എത്തും. ഇരുവര്‍ക്കുമൊപ്പം തകാഷി പാര്‍ക്കിലും സിനിമയ്ക്കും പോയി പിറന്നാള്‍ ആഘോഷിക്കുകയും ചെയ്തു. അച്ഛന്റെ സ്‌നേഹം ലഭിക്കാന്‍ തുടങ്ങിയതോടെ മെഗുമിയുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ വന്ന് തുടങ്ങി. അവള്‍ വളരെ സന്തോഷത്തിലായി. സ്‌കൂളില്‍ പോകാനുള്ള മടി മാറി.

കുട്ടിയുടെ പിതാവായി അഭിനയിക്കുന്നതിന് മാസം 90 ഡോളറായിരുന്നു അസാകോ തകാഷിക്ക് നല്‍കിയിരുന്നത്. സാമ്പത്തികപരമായി പിന്നോട്ട് ആയിരുന്നെങ്കിലും മകളുടെ സന്തോഷത്തിനായി ചിലവ് ചുരുക്കി പണം കണ്ടെത്തുകയായിരുന്നു അസാകോ. എന്നാല്‍ ഇതിനിടെ ചില പ്രശ്‌നങ്ങളും ഉണ്ടായി.വര്‍ഷങ്ങളായുള്ള പരിചയവും തകാഷിക്കൊപ്പം മകള്‍ സന്തോഷവതിയുമായതോടെ അസാകോയ്ക്ക് തകാഷിയോട് പ്രണയം മൊട്ടിട്ടു. ഇത് അസാകോ തകാഷിയോട് തുറന്ന് പറഞ്ഞു. എന്നാല്‍ തകാഷി ഇപ്രകാരം പറഞ്ഞു. ഞാന്‍ നിങ്ങളുടെ ജോലിക്കാരന്‍ മാത്രമാണ് ഇത്തരത്തിലുള്ള തോന്നലുകള്‍ ശരിയല്ല. തകാഷിയുടെ വാക്കുകള്‍ അസാകോ ഉള്‍ക്കൊണ്ടു.

ഈ ബന്ധം യാഥാര്‍ത്ഥ്യമായാല്‍ മെഗുമി എന്നും സന്തോഷവതിയായിരിക്കും എന്നതിനാലാണ് താന്‍ ഇത്തരത്തില്‍ ചിന്തിച്ചതെന്ന് അസാകോ പറഞ്ഞു. പണം നല്‍കി ഒരു പിതാവിനെ വാങ്ങിക്കുന്നത് വളരെ മോശമാണെന്ന് പലര്‍ക്കും തോന്നിയേക്കാം. എന്നാല്‍ തന്നെ സംബന്ധിച്ചിടത്തോളം മകളുടെ സന്തോഷമാണ് തനിക്ക് ഏറ്റവും വലുത്. എന്നെങ്കിലും ഒരു ദിവസം മെഗുമി സത്യമെല്ലാം അറിയുമ്പോള്‍ അവള്‍ തന്നെ വെറുക്കില്ല മറിച്ച് എന്നും കൂടെ നിന്നതിന് നന്ദി പറയുമെന്ന് ചിന്തിക്കാനാണ് തനിക്കിഷ്ടമെന്നും തകാഷി പറയുന്നു. ഈ അപൂര്‍വ സംഭവത്തിന്റെ കഥ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.

Related posts