കൊച്ചി: മട്ടാഞ്ചേരിയിൽ നിയന്ത്രണം വിട്ട് അമിതവേഗത്തിൽ പാഞ്ഞ കാർ ഏഴ് വാഹനങ്ങളിൽ ഇടിച്ചുകയറി വൻ അപകടം. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഏഴ് വാഹനങ്ങൾ തകരുകയും ചെയ്തു. ചുള്ളിക്കലിൽ വെച്ച് ഇടിച്ച ബൈക്കിനെ ഒന്നര കിലോമീറ്ററോളം ദൂരം കാർ റോഡിലൂടെ വലിച്ചിഴച്ചതായാണ് ദൃക്സാക്ഷികൾ പറയുന്നത്.
പനയപ്പിള്ളി ഭാഗത്തുനിന്നാണ് ബൈക്കുമായി അമിതവേഗത്തിൽ കാർ വരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കപ്പലണ്ടിമുക്കിൽ വെച്ച് ഒരു സ്ത്രീയെ ഇടിച്ചുവീഴ്ത്തിയ കാർ, കൂനൻകുരിശ് പള്ളി എത്തുന്നതിനിടയിൽ റോഡരികിൽ നിർത്തിയിട്ടിരുന്നവ ഉൾപ്പെടെ ആറ് വാഹനങ്ങളെ കൂടി ഇടിച്ചുതെറിപ്പിച്ചു. വഴിയരികിൽ നിന്നിരുന്ന പലരും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ഒടുവിൽ ബസാർ റോഡിൽ കൂനൻകുരിശ് പള്ളിക്ക് സമീപം വെച്ച് നാട്ടുകാർ ചേർന്ന് കാർ തടഞ്ഞുനിർത്തുകയായിരുന്നു. പ്രകോപിതരായ നാട്ടുകാർ കാറിന്റെ ചില്ലുകൾ അടിച്ചുതകർത്തു. കാർ ഓടിച്ചിരുന്ന എറണാകുളം സ്വദേശി ഡാൽട്ടനെ പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. പ്രതിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയ പൊലിസ്, അപകടമുണ്ടാക്കിയ കാർ സ്റ്റേഷനിലേക്ക് മാറ്റി. തകർന്ന വാഹനങ്ങളുടെ ഉടമകളും പ്രദേശവാസികളും രാത്രി വൈകിയും പൊലിസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്നു.
