നോട്ടുകള്‍ നിരോധിച്ചതും അതേവേഗതയില്‍ പുതിയ നോട്ടുകള്‍ അവതരിപ്പിച്ചതും എന്തിനായിരുന്നുവെന്ന് മനസിലാവുന്നില്ല! നഗരത്തിലെ ബുദ്ധിജീവികളൊന്നും ഇതിനോട് യോജിച്ചിട്ടുമില്ല; ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തി പറയുന്നു

ബിജെപി സര്‍ക്കാര്‍ നോട്ട് നിരോധനം നടത്തിയത് എന്തിനാണെന്നും അതിന്റെ യുക്തി എന്താണെന്നും തനിക്ക് മനസിലാവുന്നില്ലെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എന്‍ ആര്‍ നാരായണമൂര്‍ത്തി. താനൊരു സാമ്പത്തിക വിദഗ്ധനല്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു നാരായണമൂര്‍ത്തിയുടെ ഈ പരാമര്‍ശം. നിരോധിച്ച നോട്ടുകളുടെ മൂല്യത്തിന് തുല്യമായ മൂല്യത്തില്‍ പുതിയ നോട്ടുകള്‍ വിപണിയിലെത്തിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാഗരിക ബുദ്ധിജീവികളെക്കാള്‍ ഗ്രാമീണ ജനതയാണ് നോട്ട് നിരോധനത്തെ ഏറ്റവും കൂടുതല്‍ സ്വാഗതം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരു വിദഗ്ധനൊന്നുമല്ല, ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ നോട്ടുകള്‍ നിരോധിച്ച് അതേ വേഗതയില്‍ സര്‍ക്കാര്‍ പുതിയ നോട്ടുകള്‍ അവതരിപ്പിക്കുമ്പോള്‍ കാരണം എന്തായിരുന്നു എന്ന് മനസ്സിലാകുന്നില്ല.

ഇതെന്തുകൊണ്ട് സംഭവിച്ചു എന്ന് ഒരു വിദഗ്ധന് മാത്രമേ ഉത്തരം നല്‍കാന്‍ കഴിയൂ. എനിക്ക് മനസിലാകുന്നില്ല, നിങ്ങള്‍ക്കറിയാന്‍ താത്പര്യമുണ്ടെങ്കില്‍ വിദഗ്ധരോട് ചോദിക്കാമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്‍സി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളുമായി നടത്തിയ ആശയസംവാദത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

 

Related posts