നേപ്പാളിൽ കലിതുള്ളിപ്പായുന്ന പ്രളയജലത്തിൽ നിന്ന് തന്റെ രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് സുരക്ഷിത സ്ഥാനത്തേക്ക് ഓടിയെത്തിക്കുന്ന അമ്മയുടെ ഭീതിജനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
മിന്നൽ പ്രളയത്തിന്റെ ശക്തിയിൽ ഓടുന്നതിനിടെ അമ്മ നിലത്തുവീഴുന്നുണ്ടെങ്കിലും, സെക്കൻഡുകൾക്കുള്ളിൽ വീണ്ടും എഴുന്നേറ്റ് മക്കളുടെ കൈവിടാതെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുന്നത് ദൃശ്യങ്ങളിൽ കാണാം.
ഓഗസ്റ്റ് 26ന് നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ മഞ്ഞു മലയിടിച്ചിലിനെ തുടർന്ന് ഭോട്ടെകോശി നദിയിലുണ്ടായ വൻ മിന്നൽ പ്രളയത്തിലാണ് രാജ്യം നടുങ്ങിയത്. പ്രളയത്തിൽ വീടുകളും പാലങ്ങളും വാഹനങ്ങളും ഒഴുകിപ്പോയി.
വടക്കൻ, മധ്യ നേപ്പാളുകളിൽ ഉണ്ടായ പ്രളയത്തിൽ ഇതുവരെ 700ലധികം ആളുകൾ മരണപ്പെട്ടതായി സ്ഥിരീകരിച്ചു. 2,500ഓളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. 4,500ലധികം പേരെ രക്ഷാസേന സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ആയിരക്കണക്കിന് ആളുകൾ ഭവനരഹിതരായി. കുടിവെള്ളത്തിന്റെയും മരുന്നിന്റെയും കടുത്ത ക്ഷാമം അനുഭവപ്പെടുന്നു. ഭോട്ടെകോശി നദിയിൽ വീണ്ടും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ആയിരക്കണക്കിന് സുരക്ഷാ സേനാംഗങ്ങളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.
