നേപ്പാളിലെ പ്രളയജലത്തിലൂടെ നീന്തി അതിർത്തി കടന്ന് രണ്ട് ഗോൾഡൻ റിട്രീവർ നായകൾ ഉത്തർപ്രദേശിലെത്തിയെന്ന് അവകാശവാദം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. നേപ്പാളിലെ മഹാവെള്ളപ്പൊക്കത്തിനിടെ കാണാതായ നായകളാണിവയെന്നും ഉടമയെ കണ്ടെത്താൻ സഹായിക്കണമെന്നും വീഡിയോ പങ്കുവച്ചയാൾ അഭ്യർഥിക്കുന്നു.
ഇൻസ്റ്റഗ്രാം ഉപയോക്താവ് ഷഹ്സാദ് അഹമ്മദ് പങ്കുവച്ച വീഡിയോയിൽ രണ്ട് ഗോൾഡൻ റിട്രീവർ നായകളെയാണ് കാണുന്നത്. നേപ്പാളിൽ നിന്നുള്ള പ്രളയജലത്തിലൂടെ നീന്തിയെത്തിയ നായകൾ ഒടുവിൽ ഉത്തർപ്രദേശിലെ അതിർത്തി ജില്ലയായ മഹാരാജ്ഗഞ്ചിലെ ഒരു ഗ്രാമത്തിൽ എത്തിയെന്നാണ് ഷഹ്സാദിന്റെ അവകാശവാദം.
നായകളിലൊന്നിന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ടെന്നും മനുഷ്യരോട് സൗഹൃദപരമായ പെരുമാറ്റമാണ് കാണിക്കുന്നതെന്നും ഷഹ്സാദ് പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവ വളർത്തുനായകളായിരിക്കാമെന്നാണ് അദ്ദേഹത്തിന്റെ നിഗമനം. നദിയിലൂടെ നീന്തിയാണ് നായകൾ ഗ്രാമത്തിലെത്തിയതെന്നും തുടർന്ന് നാട്ടുകാർ അവയ്ക്ക് അഭയം നൽകിയെന്നും അദ്ദേഹം അവകാശപ്പെടുന്നു.
നായകളുടെ ഉടമയെ കണ്ടെത്തി അവയെ കുടുംബത്തോടൊപ്പം വീണ്ടും ചേർക്കുകയാണ് ലക്ഷ്യമെന്നും, അതിനായി വീഡിയോ പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്നും ഷഹ്സാദ് അഭ്യർഥിച്ചു.
വീഡിയോ ഇതിനോടകം ഇൻസ്റ്റഗ്രാമിൽ 10 ലക്ഷത്തിലധികം കാഴ്ചകൾ നേടി. പ്രളയത്തിൽ മനുഷ്യർക്കൊപ്പം മൃഗങ്ങൾക്കും സംഭവിച്ച ദുരിതത്തിന്റെ മറ്റൊരു മുഖമാണ് ഈ ദൃശ്യങ്ങളിലൂടെ പുറത്തുവരുന്നത്. എന്നാൽ നായകൾ നേപ്പാളിൽ നിന്നാണ് നീന്തിയെത്തിയതെന്ന അവകാശവാദം സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
