പുതിയ വനിതാ സിനിമ സംഘടനയിലേക്ക് മഞ്ജു വാര്യരും, ഡബ്ല്യുസിസിയുമായി കലഹിച്ച് നില്ക്കുന്ന ലേഡി സൂപ്പര്‍ സ്റ്റാറിനെ ഒപ്പംകൂട്ടിയതിന്റെ സന്തോഷത്തില്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും, മഞ്ജു പക്ഷ നേതൃത്വസ്ഥാനം ഏറ്റെടുത്തേക്കില്ല

വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് ബദലായി തുടങ്ങിയ ഫെഫ്കയുടെ വനിതാ സംഘടനയിലേക്ക് പ്രമുഖരായ നടിമാരെല്ലാം എത്തും. ഏവരും ആകാംക്ഷയോടെ കാത്തിരുന്ന മഞ്ജു വാര്യരും പുതിയ സംഘടനയുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഡബ്ല്യുസിസി അംഗങ്ങളെ ഇതിലേക്ക് ക്ഷണിച്ചതുമില്ല. കൊച്ചിയില്‍ ഇങ്ങനെയൊരു മീറ്റിംഗ് നടക്കാന്‍ പോകുന്ന കാര്യം വിമണ്‍ കളക്ടീവിലെ അംഗങ്ങള്‍ കുറച്ചു ദിവസം മുമ്പ് അറിഞ്ഞിരുന്നു.

മമ്മൂട്ടിയെ വിമര്‍ശിച്ച പാര്‍വതിയുടെയും റിമ കല്ലിംഗലിന്റെയും നീക്കത്തോട് മഞ്ജു മുഖംതിരിച്ചിരുന്നു. ഇതില്‍ മഞ്ജുവിന് അമര്‍ഷവും ഉണ്ടായിരുന്നു. ഡബ്ല്യുസിസിയുടെ ആദ്യ മീറ്റിംഗുകളില്‍ സജീവമായിരുന്ന ലേഡി സൂപ്പര്‍ സ്റ്റാര്‍ പിന്നീട് അവരുമായി ഒരകലം പാലിച്ചായിരുന്നു കഴിഞ്ഞിരുന്നത്. ഇതോടെ മഞ്ജുവിനെ മുന്നില്‍ നിര്‍ത്തി വനിതാ സംഘടന രൂപീകരിക്കാന്‍ താരസംഘടന അമ്മ തുനിഞ്ഞിറങ്ങിയിരുന്നു. എന്നാല്‍ വേണ്ടത്ര പിന്തുണ ലഭിക്കാതെ ഇരുന്നതോടെ ആ ഉദ്യാമം പാളി.

പുതിയ സംഘടന ഡബ്ല്യുസിസിക്ക് എതിരല്ലെന്നാണ് സംഘടനയ്ക്ക് നേതൃത്വം നല്കുന്ന ഭാഗ്യലക്ഷ്മി പറയുന്നത്. മലയാള സിനിമയില്‍ സ്ത്രീകള്‍ പ്രവര്‍ത്തിക്കുന്ന മേഖല എന്ന് പറഞ്ഞാല്‍ അഭിനയത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. സംവിധാനം, തിരക്കഥ, മേക്ക്അപ്പ്, ഡബ്ബിംങ്, ഹെയര്‍ ഡ്രെസ്സിംഗ്, എഡിറ്റിംങ്, കോസ്റ്റിയൂം ഡിസൈനിംങ് സഹസംവിധായകര്‍ എന്നിങ്ങനെ പോകുന്നു. നമുക്ക് കൂടുതല്‍ അറിയാവുന്നത് നടിമാരെയും അല്ലെങ്കില്‍ സംവിധായികമാരെയുമാണ്. ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വിഭാഗമുണ്ട്. അതായത് അവര്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തവര്‍. ഡബ്ബിംങ് ആര്‍ട്ടിസ്റ്റുകള്‍ പൊതുവേ സുരക്ഷിതരാണ്. പക്ഷേ മറ്റുവിഭാഗങ്ങളില്‍ പലരും സുരക്ഷിതരല്ല. സാധാരണ ജനറല്‍ ബോഡിയിലാണ് ഇവര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാറുള്ളത്. പക്ഷേ ഇവരില്‍ പലരും ഭയം കൊണ്ട് സംസാരിക്കാറില്ല. അവര്‍ക്ക് തുറന്ന് സംസാരിക്കാനുള്ള ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്.

ഒരിക്കലും ഡബ്ല്യൂസിസിയുമായി മത്സരിക്കാനൊന്നുമല്ല. അതെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ആ വിഷയത്തിലേക്ക് പോകുന്നില്ല. ഇത് ഫെഫ്കെയുടെ നേതൃത്വത്തിലുള്ള ഒരു ട്രേഡ് യൂണിയനാണ്. പുരുഷ സിനിമാ പ്രവര്‍ത്തകരുടെ പിന്തുണയുണ്ട്. സ്ത്രീകളും പുരുഷന്‍മാരും ഒരുമിച്ച് ജോലി ചെയ്യുന്ന മേഖലയാണ് സിനിമ. അതില്‍ പുരുഷന്‍മാരെ മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. എന്നാല്‍ സ്ത്രീകള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ കേള്‍ക്കാനും പറയാനും ഇടം വേണം. അതാണ് സംഘടനയുടെ ലക്ഷ്യം. സിനിമയിലെ വിവിധ മേഖലയില്‍ നിന്ന് അറുപതോളം പേര്‍ ഇന്ന് പിന്തുണ പ്രഖ്യാപിച്ച് മീറ്റിംങിന് എത്തിയിരുന്നു. നല്ല പ്രതികരണമാണ് ലഭിക്കുന്നത്- ഭാഗ്യലക്ഷ്മി പറയുന്നു.

Related posts