കൊച്ചി: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് പിന്നിലെ സൗത്ത് സ്റ്റാര്‍ അപ്പാര്‍ട്ട്മെന്റില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. ഇന്ന് പുലര്‍ച്ചെ 4.15നാണ് സംഭവം. അഞ്ചു യുവതികള്‍ താമസിക്കുന്ന ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ച് കടന്നാണ് യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
യുവതി നിലവിളിച്ച് മുറിയില്‍ നിന്നും ഇറങ്ങി ഓടിയതോടെ അജ്ഞാതന്‍ ബാല്‍ക്കണി വഴി രക്ഷപ്പെടുകയായിരുന്നു. അപ്പാര്‍ട്ട്മെന്റിന്റെ മുന്‍ വാതിലും ബാല്‍ക്കണിയുടെ വാതിലും തുറന്നു കിടക്കുകയായിരുന്നു. എന്നാല്‍ ഫ്ളാറ്റില്‍ എവിടെയും മോഷണശ്രമത്തിന്റെ ലക്ഷണങ്ങളില്ല. ബെഡ്റൂമിന്റെ നിലത്ത് നിന്നു രക്തക്കറകള്‍ കണ്ടെത്തി.
അലമാരയുടെ വാതിലുകളും തുറന്നുകിടക്കുകയായിരുന്നു. എന്നാല്‍ മേശപ്പുറത്തുണ്ടായിരുന്ന പഴ്സ് സ്പര്‍ശിച്ചിരുന്നില്ല. പെണ്‍കുട്ടി കടവന്ത്ര പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. തറയില്‍ നിന്നും ലഭിച്ച രക്തതുള്ളികളുടെ സാമ്പിളുകളും പരാതിക്കൊപ്പം കൈമാറി.
