തിരുവനന്തപുരം: സർവീസിൽ നിന്ന് പടിയിറങ്ങുന്നതിന് തൊട്ടുമുമ്പ് എക്സൈസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര അഴിമതി ആരോപണങ്ങളും കണ്ടെത്തലുകളുമായി എക്സൈസ് കമ്മീഷണർ സീറാം സാംബശിവറാവുവിന്റെ റിപ്പോർട്ട്. ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ്, ഡെപ്യൂട്ടി കമ്മീഷണർ അജയ് എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്ന് ശിപാർശ ചെയ്താണ് ഇയാൾ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്.
ബാറുടമകളിൽ നിന്ന് കൈക്കൂലിയും മാസപ്പടിയും വാങ്ങൽ, അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകൾ എന്നിവയാണ് ഉദ്യോഗസ്ഥർക്കെതിരെ പ്രധാനമായും ചൂണ്ടിക്കാണിച്ചിട്ടുള്ളത്.ജോയിന്റ് എക്സൈസ് കമ്മീഷണർ എസ്. വിനോദ് മൂവാറ്റുപുഴയിലെ ഗംഗാ ബാർ ഉടമയുമായി വഴിവിട്ട ബന്ധം പുലർത്തുകയും ലൈസൻസ് സംബന്ധമായ കാര്യങ്ങൾക്ക് ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്തുവെന്നും ഇതിനായി 50,000 രൂപ കൈക്കൂലി വാങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.
കായംകുളം കട്ടച്ചിറയിലെ റോമാ ബാറിൽ പരിശോധനയ്ക്ക് എത്തുമ്പോൾ ബാർ ഉടമയിൽ നിന്ന് ഡെപ്യൂട്ടി കമ്മീഷണർ അജയ് സ്ഥിരമായി കൈക്കൂലി കൈപ്പറ്റിയെന്നും കായംകുളത്തെ റോമാ സെന്റർ ബാറുമായി എക്സൈസ് മന്ത്രിക്ക് അടുത്ത പരിചയമുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ആരോപണവിധേയരായ എസ്. വിനോദ്, അജയ് എന്നിവരെ ഉടനടി ഫീൽഡ് ചുമതലകളിൽ നിന്നും മാറ്റുക, അഴിമതി നിരോധന നിയമപ്രകാരം ഇരുവരുടെയും മാസപ്പടി, വരുമാനത്തിൽ കവിഞ്ഞ അനധികൃത സ്വത്ത് സമ്പാദനം, ബിനാമി ഇടപാടുകൾ എന്നിവയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുക എന്നീ ശിപാർശകളും മുൻ എക്സൈസ് കമ്മീഷണർ മുന്നോട്ടുവെച്ചിട്ടുണ്ട്.
എക്സൈസ് കമ്മിഷണർ സാംബശിവറാവു തെറിച്ചത് വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ മദ്യനയം വരുന്നതിനു മുൻപ് ബാർ ലൈസൻസ് അനുവദിക്കരുതെന്ന നിർദേശം മറികടന്ന് ലൈസൻസ് അനുവദിച്ച എക്സൈസ് കമ്മിഷണർ സീറാം സാംബശിവറാവു തെറിച്ചത് വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലെന്നാണ് സർക്കാർ നിലപാട്. പകരം എൻഫോഴ്സ്മെന്റ് വിഭാഗം അഡീഷണൽ എക്സൈസ് കമ്മിഷണർ ആർ. ജയശങ്കറിനു ചുമതല നൽകി. അടുത്ത മന്ത്രിസഭായോഗത്തിൽ പുതിയ എക്സൈസ് കമ്മിഷണറെ നിയമിക്കുന്നതു വരെ അഡീഷണൽ കമ്മിഷണർ എക്സൈസ് കമ്മിഷണറുടെ ചുമതലയിൽ തുടരും.
എക്സൈസ് കമ്മിഷണർ സ്ഥാനത്തിനു പുറമേ ഇലക്ട്രോണിക്സ് ആൻഡ് ഐടി വകുപ്പു സ്പെഷൽ സെക്രട്ടറി സ്ഥാനത്തുനിന്നും സീറാം സാംബശിവറാവുവിനെ മാറ്റി. പകരം പട്ടികജാതി-വർഗ വകുപ്പു സ്പെഷൽ സെക്രട്ടറിയായി നിയമിച്ചു. സർക്കാർ നിർദേശം മറികടന്ന് ബാർ ലൈസൻസുകൾ അനുവദിച്ച നടപടിയിൽ നികുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, സീറാം സാംബശിവറാവുവിനോടു വിശദീകരണവും തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണു നടപടി.
സർക്കാർ നിർദേശം ശ്രദ്ധയിൽപ്പെട്ടില്ല!
കഴിഞ്ഞ മേയിൽ വി.ഡി. സതീശൻ സർക്കാർ അധികാരത്തിൽ വന്നശേഷം ജൂണ് 22ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ രണ്ടു ബാർ ലൈസൻസുകൾക്ക് എക്സൈസ് കമ്മിഷണർ അനുമതി നൽകിയിരുന്നു. തുടർന്ന്, സർക്കാരിന്റെ പുതിയ മദ്യനയം വരുന്നതുവരെ പുതിയ ലൈസൻസ് അപേക്ഷകളിൽ തീരുമാനമെടുക്കരുതെന്ന് എക്സൈസ് ഉദ്യോഗസ്ഥർക്ക് അഡീഷണൽ ചീഫ് സെക്രട്ടറി വഴി ഓഗസ്റ്റിൽ സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ, നിർദേശം നിലനിൽക്കേ ഒക്ടോബർ 10ന് എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വഴി കൊച്ചി, കോട്ടയം എന്നിവിടങ്ങളിലെ ബിയർ-വൈൻ പാർലറുകൾക്ക് വിദേശമദ്യ വിൽപനയ്ക്കുള്ള എഫ്എൽ- 7 ലൈസൻസുകൾ അനുവദിച്ചു നൽകി. ചട്ടവിരുദ്ധ നടപടിയിൽ രണ്ട് ഡെപ്യൂട്ടി കമ്മിഷണറെ സർക്കാർ സസ്പെൻഡ് ചെയ്തു. എക്സൈസ് കമ്മിഷണറോടു സർക്കാർ വിശദീകരണം തേടിയപ്പോൾ, നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു കമ്മിഷണറുടെ വിശദീകരണം.
ഇതോടെ എക്സൈസ് മന്ത്രി എം. ലിജുവും കമ്മിഷണറും തമ്മിൽ ഇടഞ്ഞു. സർക്കാർ നിർദേശത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റണമെന്നു മന്ത്രി ലിജു, മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി തേടിയ വിശദീകരണത്തിനും കമ്മിഷണർ തൃപ്തികരമായ മറുപടി നൽകിയില്ല. നേരത്തെ സർക്കാർ നൽകിയ നിർദേശം എന്തുകൊണ്ടു മുഖവിലയ്ക്ക് എടുത്തില്ലെന്ന ചോദ്യത്തിന് ഇക്കാര്യം ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നായിരുന്നു കമ്മിഷണറുടെ മറുപടി. തുടർന്നാണ് ഇന്നലെ രാവിലെ സീറാം സാംബശിവറാവുവിനെ എക്സൈസ് കമ്മിഷണറുടെ ഉൾപ്പെടെയുള്ള നിലവിലുള്ള ചുമതലകളിൽ നിന്നു മാറ്റി സർക്കാർ ഉത്തരവിറക്കിയത്.
