നിപ്പാ വൈറസ് പടരുന്നു, കൊച്ചിയില്‍ പതിനെട്ടുകാരി ചികിത്സയില്‍, ചികിത്സയിലുള്ളത് കോഴിക്കോട് മരിച്ച കുട്ടിയുടെ ബന്ധു, കാറ്റ് വര്‍ധിക്കുന്നതോടെ വൈറസ് കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിച്ചേക്കും

സംസ്ഥാനത്തു നിരവധിപേരുടെ ജീവന്‍ അപഹരിച്ച നിപ്പാ വൈറസ് ബാധിച്ച് പതിനെട്ടുകാരി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍. കോഴിക്കോട് സ്വദേശിനിയാണു ചികിത്സയിലുള്ളത്. കഴിഞ്ഞ 19നാണ് പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സതേടിയതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.കെ. കുട്ടപ്പന്‍ രാഷ്ട്രദീപികയോട് പറഞ്ഞു.

കോഴിക്കോട് നിപ്പാ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുമായി ബന്ധമുള്ള പെണ്‍കുട്ടിയാണു കൊച്ചിയില്‍ ചികിത്സയിലുള്ളത്. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ തേടുന്നുവെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി കുട്ടിയുടെ വിവരങ്ങള്‍ തേടിയതായും അദേഹം പറഞ്ഞു. അതേസമയം, ജില്ലയില്‍ ഇതുവരെ നിപ്പാ വൈറസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും എന്നിരുന്നാലും ഏവരും മുന്‍കരുതല്‍ സ്വീകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

ജില്ലയില്‍ നിരവധി ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചുവരുന്നതിനു പുറമെ വിവിധ സംസ്ഥാനങ്ങളിലൂടെയും ജില്ലകളിലൂടെയും സഞ്ചരിക്കുന്നവരും ഏറെയാണ്. അണ്ണാന്‍, വവ്വാല്‍ തുടങ്ങി പക്ഷികളും മൃഗങ്ങളും കടിച്ച പഴവര്‍ഗങ്ങള്‍ കഴിക്കാന്‍ പാടില്ല. രോഗങ്ങള്‍ക്കു സ്വയം ചികിത്സ പാടില്ല. ഏതു തരത്തിലുള്ള പനിയാണെങ്കിലും ഡോക്ടര്‍മാരെ സമീപിച്ചുമാത്രം ചികിത്സ തേടണം. കൈകളുടെ ശുചിത്വം പ്രധാനമാണെന്നും കൈകള്‍ കഴുകി സംരക്ഷിക്കണമെന്നും അദേഹം പറഞ്ഞു.

Related posts