പരവൂർ: ആകർഷകമായ ഡിസ്കൗണ്ട് ഓഫറുകളുടെ മറവിൽ പൊതുജനങ്ങളെ കെണിയിൽ വീഴ്ത്തുന്ന ഓൺലൈൻ ഷോപ്പിംഗ് തട്ടിപ്പുകൾക്കെതിരെ രാജ്യവ്യാപക ജാഗ്രതാ നിർദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ വിഭാഗമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ.
വ്യാജ ഇ-കോമേഴ്സ് വെബ്സൈറ്റുകൾ, സോഷ്യൽ മീഡിയ പരസ്യങ്ങൾ, വ്യാജ പേയ്മെന്റ്് ലിങ്കുകൾ, സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ എന്നിവ വഴി വൻതോതിൽ പണം തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഓൺലൈൻ പണമിടപാടുകൾ നടത്തുന്നതിന് മുൻപ് ലിങ്കുകളുടെയും വിൽപനക്കാരുടെയും വിശ്വാസ്യത ഉറപ്പാക്കണമെന്ന് സൈബർ വിംഗ് ആവശ്യപ്പെട്ടു.
പ്രമുഖവും വിശ്വസ്തവുമായ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളോട് സാദൃശ്യമുള്ള വ്യാജ വെബ്സൈറ്റുകൾ നിർമിച്ചാണ് തട്ടിപ്പുകാർ പ്രധാനമായും രംഗത്തിറങ്ങുന്നത്. സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ, ബ്രാൻഡഡ് ഉത്പന്നങ്ങൾ എന്നിവ വളരെ കുറഞ്ഞ വിലയ്ക്ക് നൽകുമെന്നാണ് ഇവരുടെ വാഗ്ദാനം.
ഉപഭോക്താക്കൾ പണം നൽകിക്കഴിഞ്ഞാൽ ഉത്പന്നങ്ങൾ ഡെലിവറി ചെയ്യുകയേ ഇല്ല. ചില സാഹചര്യങ്ങളിൽ വെറും ശൂന്യമായ ബോക്സുകളോ ഗുണനിലവാരമില്ലാത്ത സാധനങ്ങളോ ആണ് ലഭിക്കുക. പണം തട്ടിയ ശേഷം ദിവസങ്ങൾക്കകം ഇത്തരം വെബ്സൈറ്റുകൾ ഇല്ലാതാകുന്നത് കൊണ്ട് പ്രതികളെ കണ്ടെത്തുകയോ പണം തിരികെ ലഭിക്കുകയോ പ്രയാസമാണ്.
ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് എന്നിവ വഴി വ്യാജ പരസ്യങ്ങൾ വൻതോതിൽ പ്രചരിപ്പിക്കുന്നുണ്ട്. 90 ശതമാനം ഡിസ്കൗണ്ട്, സ്റ്റോക്ക് ക്ലിയറൻസ് സെയിൽ, ഗവ. ലേലം തുടങ്ങിയ ആകർഷകമായ വാക്കുകൾ ഉപയോഗിച്ചാണ് ഉപഭോക്താക്കളെ ഇത്തരം വ്യാജ പോർട്ടലുകളിലേക്ക് ആകർഷിക്കുന്നത്.
അംഗീകൃത ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴിയോ ഔദ്യോഗിക ബ്രാൻഡ് വെബ്സൈറ്റുകൾ വഴിയോ മാത്രം ഷോപ്പിംഗ് നടത്താൻ അധികൃതർ നിർദേശിക്കുന്നു. വെബ്സൈറ്റ് യുആർഎല്ലുകൾ ശ്രദ്ധാപൂർവം പരിശോധിക്കുകയും, HTTPS സുരക്ഷയും പൂട്ടിന്റെ ചിഹ്നവും (Padlock symbol) ഉണ്ടെന്ന് ഉറപ്പാക്കുകയും വേണം. അക്ഷരത്തെറ്റുകളുള്ളതോ സംശയാസ്പദമായതോ ആയ ഡൊമെയ്നുകൾ ഒഴിവാക്കുക.
വാട്സ്ആപ്പ്, എസ്എംഎസ്, ഇമെയിൽ എന്നിവ വഴി വരുന്ന ലിങ്കുകളെക്കുറിച്ചും ജാഗ്രത പാലിക്കണം. യഥാർഥ ബാങ്കിംഗ് ലിങ്കുകളോട് സാദൃശ്യം തോന്നുന്ന ഇവയിലൂടെ ഉപഭോക്താക്കളുടെ ബാങ്ക് വിവരങ്ങൾ, ഡെബിറ്റ് കാർഡ് വിവരങ്ങൾ, യുപിഐ ക്രെഡൻഷ്യലുകൾ എന്നിവ തട്ടിയെടുക്കാൻ സാധിക്കും. അപരിചിതമായ പേയ്മെന്റ്ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ സാമ്പത്തിക വിവരങ്ങൾ പങ്കുവയ്ക്കുകയോ ചെയ്യരുത്.
സാധനങ്ങൾ ഡെലിവറി ചെയ്യുമ്പോൾ തട്ടിപ്പുകൾ തെളിയിക്കാൻ അൺബോക്സിംഗ് വീഡിയോ റെക്കോർഡ് ചെയ്യാനും അധികൃതർ നിർദേശിക്കുന്നുണ്ട്.സ്ക്രീൻ ഷെയറിംഗ് ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്കസ്റ്റമർ കെയർ എന്ന വ്യാജേന വിളിക്കുന്ന അപരിചിതരുടെ നിർദേശപ്രകാരം എനി ഡെസ്ക് , ടീം വീവർ ‘ തുടങ്ങിയ സ്ക്രീൻ ഷെയറിംഗ് ആപ്ലിക്കേഷനുകൾ മൊബൈലിൽ ഡൗൺലോഡ് ചെയ്യരുതെന്ന് സൈബർ വിംഗ് കർശനമായി വിലക്കുന്നു. ഇവയിലൂടെ ഫോണിന്റെയും ബാങ്കിംഗ് വിവരങ്ങളുടെയും നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തും.
വമ്പൻ ഡിസ്കൗണ്ടുകളും പരിമിത സമയ ഓഫറുകളും കാണിച്ച് ഉപഭോക്താക്കളെ സമ്മർദത്തിലാക്കി പെട്ടെന്ന് തീരുമാനമെടുപ്പിക്കുന്ന സോഷ്യൽ എൻജിനീയറിംഗ് തന്ത്രങ്ങളാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നതെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വ്യാജ റിവ്യൂകളും ക്ലോൺ ചെയ്ത ഇന്റർഫേസുകളും തിരിച്ചറിയാൻ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും, സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും സൈബർ വിംഗ് അഭ്യർഥിച്ചു.
