തൃശൂർ: പത്മജ വേണുഗോപാൽ ബിജെപി അംഗത്വം രാജിവച്ചു. ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നുവെന്നും ആ തെറ്റ് ഇപ്പോൾ തിരുത്തുകയാണെന്നും അവർ പ്രതികരിച്ചു. പാർട്ടി നേതൃത്വത്തിന് രാജിക്കത്തും സമർപ്പിച്ചു. ബിജെപിയുടെ ആശയങ്ങള് പഠിക്കാതെ എടുത്തുചാടുകയായിരുന്നു. തന്റെ തീരുമാനം ആദ്യം അറിയിച്ചത് കെ. മുരളീധരനെയാണെന്നും പദവി കിട്ടാത്തതിനാലല്ല രാജിയെന്നും പത്മജ പറഞ്ഞു. ബിജെപി വാഗ്ദാനമൊന്നും നൽകിയിരുന്നില്ല.
ഞാനൊന്നും ആവശ്യപ്പെട്ടിട്ടുമില്ല. യുഡിഎഫ് അധികാരത്തിൽ വരുമെന്ന് അറിയാമായിരുന്നു. കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനം എടുത്തിട്ടില്ല. കോൺഗ്രസിലെ പദവി കണ്ടല്ല രാജിയെന്നും ആരുമായും തർക്കത്തിനില്ലെന്നും പത്മജ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ 2024 മാർച്ചിലാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്.
ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് മുതിർന്ന നേതാവ് പ്രകാശ് ജാവദേക്കറിൽനിന്നായിരുന്നു അംഗത്വം സ്വീകരിച്ചത്. ബിജെപിയിൽ ചേർന്ന് രണ്ടര വർഷത്തോളം പിന്നിടുമ്പോഴാണ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള പത്മജയുടെ തീരുമാനം. കോൺഗ്രസിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണം ഉന്നയിച്ചായിരുന്നു പത്മജയുടെ പാർട്ടി മാറ്റം. കെപിസിസി, എഐസിസി ഭാരവാഹിത്വങ്ങൾ ഉൾപ്പെടെ വഹിച്ചിട്ടുള്ള പത്മജ പാർട്ടിക്കുള്ളിലെ അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് കോൺഗ്രസ് വിട്ടത്.
2016ലും 2021ലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തൃശൂരിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായും 2026ൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2004ൽ മുകുന്ദപുരം ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ചപ്പോഴും പരാജയമായിരുന്നു ഫലം.
കോൺഗ്രസിലായിരിക്കെ കെടിഡിസി മുൻ ചെയർപേഴ്സൺ, ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ, ഐഎൻടിയുസി വർക്കിംഗ് കമ്മിറ്റി അംഗം തുടങ്ങി വിവിധ ചുമതലകൾ പത്മജ വഹിച്ചിട്ടുണ്ട്. പ്രിയദർശിനി ആൻഡ് രാജീവ് ഗാന്ധി സ്റ്റഡി സെന്റർ, എച്ച്.എം.ടി എംപ്ലോയീസ് യൂണിയൻ, തഴപ്പായ എംപ്ലോയീസ് യൂണിയൻ, ടെക്നിക്കൽ എജ്യുക്കേഷണൽ സൊസൈറ്റി ഓഫ് ഇന്ത്യ തുടങ്ങിയ സംഘടനകളിലും ഭാരവാഹിയായിരുന്നു.
