“പദ്മാവതി’ യിൽ കത്രിക വച്ചിട്ടില്ല; മാറ്റങ്ങൾ നിർദേശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രസൂൺ ജോഷി

മുംബൈ: പദ്മാവതി സിനിമയിൽ നിന്ന് രംഗങ്ങൾ മുറിച്ചുമാറ്റിയിട്ടില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്സി) തലവൻ പ്രസൂൺ ജോഷി. സഞ്ജയ് ലീല ബെൻസാലിയുടെ “പദ്മാവതി’ സിനിമയിൽ ഏകദേശം അഞ്ചോളം മാറ്റങ്ങൾ മാത്രം വരുത്തണമെന്നാണ് ഇതേക്കുറിച്ച് പഠിച്ച സമിതി നിർദേശിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

ചിത്രം തുടങ്ങുന്നതിനു മുൻപുള്ള അറിയിപ്പിൽ ചരിത്രം അതേപടി പകർത്തിയിരിക്കുന്നു എന്ന് കാണിക്കാതിരിക്കുക, സതി ആചാരത്തെ മഹത്വവത്കരിക്കുന്ന രംഗങ്ങൾ ഒഴിവാക്കുക, ചിത്രത്തിന്‍റെ പേര് പദ്മാവതി എന്നതിൽ നിന്ന് പദ്മാവത് എന്നാക്കി മാറ്റുക, ഘൂമർ എന്ന് തുടങ്ങുന്ന ഗാനത്തിലെ വർണനകൾ കഥാപാത്രത്തിനു ചേർന്നതാക്കി മാറ്റുക, ചരിത്രത്തെ അടിയാളപ്പെടുത്തുന്ന സ്ഥലങ്ങൾ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകുന്ന രംഗങ്ങൾ ഒഴിവാക്കുക തുടങ്ങിയ നിർദേശങ്ങൾ മാത്രമാണ് മുന്നോട്ട് വച്ചിട്ടുള്ളതെന്ന് പ്രസൂൺ ജോഷി വ്യക്തമാക്കി.

ഡിസംബർ 28നാണ് ഇത് സംബന്ധിച്ച് പരിശോധന നടത്താനുള്ള സമിതി ചിത്രം കണ്ടത്. ഇതിനു ശേഷം സമിതി അംഗങ്ങൾ ചിത്രത്തിന്‍റെ സംവിധായകനുൾപ്പെടെയുള്ള അണിയറ പ്രവർത്തകരുമായി ചർച്ച നടത്തിയിരുന്നു.

Related posts