ന്യൂഡൽഹി: പഹൽഗ്രാം ഭീകരാക്രമണത്തിൽ ഇന്ത്യയുടെ തിരിച്ചടി തുടങ്ങിയതിനു പിന്നാലെ കനത്ത രാഷ്ട്രീയപ്രതിസന്ധിയിൽ അകപ്പെട്ട് പാക്കിസ്ഥാൻ. രാജ്യത്തെ അസ്ഥിര രാഷ്ട്രീയ കാലാവസ്ഥ മുതലെടുത്ത് ബലൂചിസ്ഥാൻ വിഘടനവാദികളായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎസ്) ആക്രമണം കടുപ്പിച്ചു. ക്വറ്റ നഗരം പിടിച്ചെടുത്തതായി ബിഎൽഎസ് അവകാശപ്പെട്ടു.
തൊട്ടുപിന്നാലെ തെഹ്രികെ ഇൻസാഫ് പാർട്ടി നേതാവും പാകിസ്ഥാന്റെ മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാന്റെ മോചനം ആവശ്യപ്പെട്ട് അനുയായികൾ തെരുവിലിറങ്ങി. ഇമ്രാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതായാണ് റിപ്പോർട്ട്. രാജ്യത്തിനകത്ത് സായുധസംഘങ്ങൾ ശക്തി പ്രാപിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ബിഎൽഎസ് നടത്തിയ ആക്രമണങ്ങളിൽ 14 സൈനികരാണു മരിച്ചത്.
ബോളൻ, കെച്ച് മേഖലകളിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളുടെ ഉത്തരവാദിത്തം ബലൂച് ലിബറേഷൻ ആർമി ഏറ്റെടുത്തു. സ്പെഷൽ ഓപറേഷൻസ് കമാൻഡർ താരിഖ് ഇമ്രാൻ, സുബേദാർ ഉമർ ഫാറൂഖ് എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ബലൂചിസ്ഥാനിലെ മാത്രമല്ല, അഫ്ഗാൻ അതിർത്തിയിലെ അസ്വസ്ഥതകളും പാക്കിസ്ഥാന് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞയാഴ്ച ഏറ്റവും വലിയ സൈനിക നടപടിയാണ് അഫ്ഗാൻ അതിർത്തിയിൽ പാക് സൈന്യം നടത്തിയത്.