തലശേരി: പാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ ഏറ്റുമുട്ടിയതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. എട്ട്, ഒന്പത് ക്ലാസുകളിലെ വിദ്യാർഥികളാണ് പാനൂർ ബസ് സ്റ്റാൻഡിന് സമീപം ഏറ്റുമുട്ടിയത്. ഇന്നലെ വൈകുന്നേരം 4.10 നാണ് സംഭവം. കൂട്ടത്തല്ലിൽ പാനൂരിലെ മുഹമ്മദ് സബദിയ എന്ന വിദ്യാർഥിക്കാണ് പരിക്കേറ്റത്.
തലക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പാനൂർ എസ്ഐ മരിയ പ്രിൻസിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. സംഘർഷത്തെ തുടർന്ന് പാനൂർ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിന് ഇന്ന് അവധി നൽകി. പരീക്ഷകളും മാറ്റിവച്ചു.
