തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പി.ജെ. ജോസഫിന് കാർഷിക വികസന സമിതി ചെയർമാൻ സ്ഥാനവും മാണി സി. കാപ്പൻ എംഎൽഎയ്ക്ക് നോർക്ക വൈസ് ചെയർമാൻ സ്ഥാനവും നൽകാൻ തീരുമാനം. കാബിനറ്റ് റാങ്കോടെയുള്ള പദവി നൽകാനുള്ള തീരുമാനത്തിന് അടുത്ത മന്ത്രിസഭാ യോഗത്തിൽ അംഗീകാരം നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ബോർഡ്-കോർപറേഷൻ നിയമനങ്ങൾ വൈകുന്നതു സംബന്ധിച്ച് യുഡിഎഫിലെ മറ്റ് പാർട്ടികൾക്ക് എതിർപ്പുണ്ടായിരുന്നു.
ഇതു തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് ചർച്ചകൾ വേഗത്തിലാക്കി തീരുമാനത്തിലെത്തിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിരന്തരമായ ആവശ്യത്തെത്തുടർന്നാണ് പി.ജെ. ജോസഫിന് പദവി നൽകാനുള്ള തീരുമാനം. പദവി വൈകുന്നതിൽ പാർട്ടിക്കുള്ളിൽ ശക്തമായ അതൃപ്തിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മന്ത്രി മോൻസ് ജോസഫ് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. അതിനിടെ മാണി സി. കാപ്പനും പദവി ലഭിക്കാത്തതിൽ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിച്ചിരുന്നു.
മറ്റു ഘടകകക്ഷികൾക്ക് പരിഗണന നൽകിയപ്പോൾ തന്നെ അവഗണിക്കുന്നുവെന്നായിരുന്നു കാപ്പന്റെ പരാതി. നോർക്ക വൈസ് ചെയർമാൻ സ്ഥാനത്തിനൊപ്പം കാബിനറ്റ് റാങ്കും വേണമെന്നായിരുന്നു ആവശ്യം. ബോർഡ്-കോർപറേഷൻ നിയമനങ്ങൾ വൈകുന്നതിനെച്ചൊല്ലി യുഡിഎഫിൽ നേരത്തേ തന്നെ അസ്വാരസ്യങ്ങൾ ശക്തമായിരുന്നു. ആർഎസ്പി ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
