ശമ്പളം തുച്ഛം! തിരക്കിനിടയിലും യോഗാ ഗുരുവിന്റെ കാല്‍തൊട്ട് വന്ദിക്കണം; കമ്പനി തൊഴിലാളികളെ വിശ്വസിപ്പിച്ചിരിക്കുന്നത് തങ്ങള്‍ ചെയ്യുന്നത് സേവനമെന്ന്; പതാഞ്ജലി മുന്‍ സിഇഒയുടെ വെളിപ്പെടുത്തല്‍

കുത്തക കമ്പനികളെ തോല്‍പ്പിച്ച് മുന്നേറുന്നു എന്നവകാശപ്പെടുമ്പോഴും പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡില്‍ അരങ്ങേറുന്നത് മനുഷ്യത്വരഹിതമായ ക്രൂരതകളാണെന്ന് റിപ്പോര്‍ട്ട്. യോഗ ഗുരു രാംദേവിന്റെ കാല്‍ തൊട്ട് വന്ദിക്കുന്നതു മുതല്‍, തൊഴിലാളികള്‍ തറയിലിരിക്കുകയും രാംദേവ് കസേരയിലിരിക്കുകയും ചെയ്തുകൊണ്ട് നടക്കുന്ന മീറ്റിംഗുകള്‍ വരെ. മാസം 6000 രൂപ ശമ്പളം വാങ്ങുന്ന ഒരു തൊഴിലാളി ദിവസം 12 മണിക്കൂര്‍ ആണ് തൊഴില്‍ ചെയ്യുന്നത്. ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് അവധി. പതാഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് രാംദേവിന്റെ തീവ്രദേശീയ അജണ്ട നടപ്പിലാക്കുന്ന സ്വദേശി കമ്പനി എന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

2016 സാമ്പത്തിക വര്‍ഷത്തില്‍ 5,000 കോടി വരുമാനം നേടിയ പതഞ്ജലി 2017 സാമ്പത്തിക വര്‍ഷത്തില്‍ നേടിയത് 10,561 കോടിയാണ്. ഇന്ത്യന്‍ വിപണിയില്‍ മുന്നിട്ടു നില്‍ക്കുന്ന ഹിന്ദുസ്ഥാന്‍ യൂനിലിവറിന് തൊട്ടുപിന്നിലാണ് പതഞ്ജലിയുടെ സ്ഥാനം. ഒരു വര്‍ഷം കൊണ്ട് പതഞ്ജലി പിന്നിലാക്കിയത് ഐടിസി, നെസ്ലേ, ഗോദ്‌റജ്, ഡാബര്‍, ടാറ്റ എന്നീ കമ്പനികളെയാണ്. രാംദേവിനെക്കുറിച്ച് പ്രിയങ്ക പതക് നരൈന്‍ എഴുതിയ ഗോഡ്മാന്‍ റ്റു ടൈക്കൂണ്‍, ദ അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് ബാബാ രാംദേവ് എന്ന പുസ്തകത്തിലാണ് പതഞ്ജലിയിലെ തൊഴില്‍ സംസ്‌കാരത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. രാംദേവിനെ തൊഴിലാളികള്‍ കാല്‍ തൊട്ട് വണങ്ങണം എന്നതാണ് ഇവയിലൊന്ന്. രാംദേവ് പ്രവേശിക്കുമ്പോള്‍, തൊഴിലാളികള്‍ ചെയ്തുകൊണ്ടിരിക്കുന്ന പണികള്‍ വിട്ടിട്ട് വന്ന് ക്യൂവില്‍ നിന്ന് രാംദേവിന്റെ കാല്‍തൊട്ട് വണങ്ങണം എന്നാണ് രീതി. രാംദേവിന്റെ സഹായിയും പതജ്ഞലിയുടെ ഷെയര്‍ ഹോള്‍ഡറുമായ ആചാര്യ ബാലകൃഷ്ണയെയും ഇതേപോലെ കാല്‍ തൊട്ട് വണങ്ങി ബഹുമാനമറിയിക്കണം. പതഞ്ജലിയുടെ 96% ഷെയറും ബാലകൃഷ്ണയുടെ പേരിലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പതഞ്ജലി ആയുര്‍വേദ ഹോസ്പിറ്റലിലെ സ്ഥിതിയും വ്യത്യസ്തമല്ല. പതഞ്ജലിയിലെ മീറ്റിംഗുകള്‍ മറ്റു കമ്പനികളിലെ മീറ്റിംഗുകള്‍ പോലെയല്ല. രാംദേവ് ഉയര്‍ന്ന ഒരു സീറ്റിലാണ് ഇരിക്കുക. അതിനു താഴെയായി, സിഇഒ മുതല്‍ തൊഴിലാളികള്‍ വരെയുള്ളവര്‍ തറയിലിരിക്കും. 2011 മുതല്‍ 2014 വരെ പതഞ്ജലിയുടെ സിഇഒ ആയിരുന്ന എസ്‌കെ പത്രയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പതഞ്ജലിക്കകത്ത് നിലനില്‍ക്കുന്ന ഈ ഗുരുഭായ് സംസ്‌കാരം സഹിക്കവയ്യാതെയാണ് ഐഐടി, ഐഐഎം വിദ്യാഭ്യാസമുള്ള പത്ര 2014ല്‍ കമ്പനി വിട്ടത്. പതാഞ്ജലി കമ്പനിയെ സംബന്ധിച്ചിടത്തോളം തൊഴില്‍ സേവനമാണ്. പ്രതിഫലം ചോദിക്കാന്‍ പാടില്ല. ഇവിടെ ഇതൊരു ‘ആത്മീയ സേവ’യാണ്. പതഞ്ജലി ഉത്പന്നങ്ങളുടെ വില കുറവാണെങ്കിലും, ഇത്രയധികം ലാഭമുണ്ടാക്കുന്നത് രാംദേവ് തൊഴിലാളികള്‍ക്കും മാനേജ്മെന്റിനും മതിയായ ശമ്പളം നല്‍കാതെയാണ്. ഇന്ത്യന്‍ പാരമ്പര്യത്തിനും യോഗയ്ക്കും ആയുര്‍വേദത്തിനും ഗുണം ചെയ്യുന്ന ദേശസ്‌നേഹ പ്രവൃത്തിയായാണ് ബാബാ രാംദേവ് തൊഴിലിനെ കാണുന്നത്.

ഇന്ത്യയില്‍ ആധിപത്യമുള്ള ബഹുരാഷ്ട്രക്കുത്തക കമ്പനികളോടുള്ള പോരാട്ടമായാണ് പതഞ്ജലി ഫാക്ടറിയിലെ തൊഴില്‍ എന്നും തൊഴിലാളികളെ ബോധ്യപ്പെടുത്താനാണ് ബാബാ രാംദേവ് ശ്രമിക്കുന്നത്. വെറും തൊഴിലാളികള്‍ മാത്രമല്ല തീവ്രദേശീയവാദികള്‍ കൂടിയാണ് തങ്ങള്‍ എന്ന ബോധമാണ് രാംദേവ് തൊഴിലാളികളില്‍ കുത്തിവെക്കുന്നത്. ഈ ബോധം ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെടാന്‍ തൊഴിലാളികളില്‍ മടിയുണ്ടാക്കുകയും ചെയ്യുന്നു. ആത്മീയ സേവയ്ക്ക് എങ്ങനെ ശമ്പളം അധികം ചോദിക്കും? സ്വാര്‍ത്ഥരായ ആളുകള്‍ മാത്രമേ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടൂ എന്ന ആശയവും തൊഴിലാളികളുടെ മനസില്‍ കുത്തിവയ്ക്കും. അതോടെ ചെയ്ത തൊഴിലിന് കൂലി ആവശ്യപ്പെടുന്നവര്‍ വില്ലന്മാരായി മാറും. വര്‍ദ്ധനവ് ആവശ്യപ്പെടാന്‍ ആരെങ്കിലും ധൈര്യപ്പെട്ടാല്‍ അവരെ എളുപ്പം പിരിച്ചുവിടുകയാണ് ചെയ്യാറ് എന്നും തൊഴിലാളികളില്‍ ഒരാള്‍ പറയുന്നു.

 

Related posts