നാണക്കേടായി പുതുവര്‍ഷം..! ബംഗളുരുവില്‍ വീടിനുമുന്നില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ടു; കാഴ്ചക്കാരായി നാട്ടുകാര്‍

l-peedanamബംഗളുരു: പുതുവര്‍ഷരാവില്‍ രാജ്യത്തിനു നാണക്കേടായി മാറിയ ബംഗളുരു കൂട്ടമാനഭംഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. പുതുവര്‍ഷം പിറന്നു കുറച്ചുസമയത്തിനുശേഷം ബംഗളുരുവില്‍ നടുറോഡില്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്കൂട്ടറിലെത്തിയ രണ്ടു യുവാക്കള്‍ ഒരു പെണ്‍കുട്ടിയെ അപമാനിക്കാനും കയറിപ്പിടിക്കാനും ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വഴിയിലൂടെ പോകുന്നവര്‍ ഇത് കാണുന്നുണ്ടെങ്കിലും ഒരാളും പെണ്‍കുട്ടിയുടെ സഹായത്തിനെത്തുന്നില്ല.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ഈസ്റ്റ് ബംഗളുരുവിലെ കമ്മനഹള്ളിയിലെ ഒരു വീടിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഓട്ടോറിക്ഷയില്‍നിന്നിറങ്ങി വീട്ടിലേക്കു നടന്നുപോകുന്ന പെണ്‍കുട്ടിയാണ് അപമാനിക്കപ്പെടുന്നത്. കയറിപ്പിടിക്കുന്ന യുവാക്കളെ പെണ്‍കുട്ടി അടിക്കുന്നതും ഉച്ചത്തില്‍ കരയുന്നതും ഇത് കണ്ടുകൊണ്ട് ആളുകള്‍ കടന്നുപോകുന്നതും വീഡിയോയില്‍ കാണാം. പെണ്‍കുട്ടി എതിര്‍പ്പ് തുടര്‍ന്നതിനാല്‍ ഒടുവില്‍ അക്രമികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു.

നേരത്തെ, പുതുവര്‍ഷരാവില്‍ ബ്രിഗേഡ് റോഡിലും എംജി റോഡിലും സ്ത്രീകള്‍ കൂട്ടമായി അപമാനിക്കപ്പെടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പോലീസുകാര്‍ നോക്കിനില്‍ക്കെയായിരുന്നു സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം.

Related posts