ഇനി ഇവന്‍ വേണ്ട..! ആഘോഷവേളകള്‍ സന്തോഷമാക്കാന്‍ ഡിസ്‌പോസിബിള്‍ ഗ്ലാസും പ്ലേറ്റും ഉപേക്ഷിക്കുന്നു

KKD-DISPOSABLEപെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ ഗ്രീന്‍ പ്രോട്ടോക്കോളിനു വിവാഹാഘോഷ വേദിയില്‍ തുടക്കമായി. നഗരസഭ നടപ്പാക്കുന്ന ജീവനം പദ്ധതിയുടെ ഭാഗമായി ജനുവരി ഒന്നു മുതല്‍ നഗരസഭയില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നു കഴിഞ്ഞു. ഇതുപ്രകാരം നഗരസഭയില്‍പ്പെട്ടവരുടെ  വിശേഷ ദിവസങ്ങളിലെ സല്‍ക്കാരങ്ങളില്‍നിന്ന് ഡിസ്‌പോസിബിള്‍ ഗ്ലാസും പ്ലേറ്റും ഒഴിവാകും. പകരം നഗരസഭ തന്നെ ആവശ്യക്കാര്‍ക്ക് പൊട്ടുന്ന തരത്തിലുള്ള പ്ലേറ്റും ഗ്ലാസും എത്തിച്ചു നല്‍കും.

ഡിസ്‌പോസിബിള്‍ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്ന  പ്രവണത തടയുന്നതിനുമാണ് മാതൃകാപരമായ ഈ നയം നഗരസഭ നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ 12-ാം വാര്‍ഡില്‍ പാതാക്കര കുട്ടിപ്പാറയില്‍ പച്ചീരി ഹസന്റെ മകള്‍ ഷൈമയുടെ വിവാഹ വേദിയില്‍ നടന്നു. ഷൈമയ്ക്കും പിതാവ് പച്ചീരി ഹസനും വിവാഹദിന ഭക്ഷണത്തിനു ഉപയോഗിക്കാനുള്ള പ്ലേറ്റുകളും ഗ്ലാസുകളും കൈമാറി നഗരസഭാധ്യക്ഷന്‍ എം.മുഹമ്മദ് സലീം പദ്ധതി ഉദ്ഘാടനം ചെയ്തു.

നഗരസഭാ ഉപാധ്യക്ഷ നിഷി അനില്‍രാജ്, സ്ഥിരം സമിതി അധ്യക്ഷന്‍ പി.ടി ശോഭന, നഗരസഭാ സെക്രട്ടറി കെ.പ്രമോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി. കുഞ്ഞിമുഹമ്മദ്, ഉണ്ണികൃഷ്ണന്‍ നവവധു ഷൈമ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ നാസറുട്ടി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഇന്നലെ മുതല്‍ നഗരസഭയിലാകെ ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതിന്റെ ഭാഗമായി ആവശ്യക്കാര്‍ക്ക് നഗരസഭയുമായി ബന്ധപ്പെട്ടാല്‍ പ്ലേറ്റും ഗ്ലാസും എത്തിക്കുമെന്ന് ചെയര്‍മാന്‍ എം.മുഹമ്മദ് സലീം പറഞ്ഞു.

Related posts