തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫ് സർക്കാർ ആടിനെ പട്ടിയാക്കുന്നെന്ന് മുൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേരളം ഇതുവരെ പിഎം ശ്രീ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും, ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു നയാപൈസ പോലും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഈ പദ്ധതി വഴി ലഭിക്കേണ്ട ആനുകൂല്യങ്ങൾ സംസ്ഥാന ഖജനാവിൽ നിന്നാണ് നിലവിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നൽകുന്നത്. ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് അടിച്ചേൽപ്പിക്കാൻ ശ്രമം നടന്നപ്പോഴാണ് എൽഡിഎഫ് സർക്കാർ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രം മരവിപ്പിച്ചത്.
പ്രതിപക്ഷത്തിരിക്കുമ്പോൾ ഒരു നിലപാടും ഭരണപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നിലപാടുമാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയ വിദ്യാഭ്യാസ നയത്തിൽ നിരവധി പ്രശ്നങ്ങളുണ്ടെന്നും, അത് നടപ്പിലാക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
