പോർക്കളമായി യെമൻ; അടിയും തിരിച്ചടിയുമായി സൗദി സഖ്യസേനയും ഹൂത്തി വിമതരും
സന: സൗദി സഖ്യസേനയും ഹൂത്തി വിമതരും യെമൻ കേന്ദ്രീകരിച്ച് നടത്തുന്ന ഏറ്റുമുട്ടൽ രൂക്ഷമായി. സൗദിയുടെ തെക്കൻ മേഖല ലക്ഷ്യമാക്കി ഹൂത്തികൾ അയച്ച സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ആകാശത്തുവച്ച് തന്നെ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. ഇതിന് തിരിച്ചടിയായി യെമനിലെ വിവിധ കേന്ദ്രങ്ങളിൽ സൗദി സഖ്യസേന ശക്തമായ വ്യോമാക്രമണം നടത്തി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിൽ 67 വ്യോമാക്രമണങ്ങളും മിസൈൽ ആക്രമണങ്ങളും നടന്നതായി ഹൂത്തികൾ വ്യക്തമാക്കി. ഈ ആക്രമണങ്ങളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതായും ഹൂത്തി സൈനിക വക്താവ് ആരോപിച്ചു.
അതേസമയം, യെമൻ സർക്കാരിന്റെ ആസ്ഥാനമായ ഏദൻ നഗരം ലക്ഷ്യമാക്കി ഹൂത്തികൾ മിസൈൽ ആക്രമണം നടത്തിയതായി യെമൻ സർക്കാർ അറിയിച്ചു. എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് തന്നെ മിസൈൽ ദമാർ മേഖലയിൽ പതിക്കുകയായിരുന്നു. മേഖലയിൽ തുടരുന്ന സംഘർഷങ്ങൾ ആഗോള എണ്ണ വിപണിയെയും സുരക്ഷാ സാഹചര്യങ്ങളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മണിക്കൂറുകളുടെ വ്യത്യാസത്തിൽ കപ്പലുകൾ പൊട്ടിത്തെറിച്ചു; കടലിടുക്കിൽ കടുത്ത ആശങ്ക
സന: ഹോർമുസ് കടലിടുക്കിൽ സ്ഥിതി കൂടുതൽ മോശമാകുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോർമുസിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്ന് കപ്പലുകൾ സ്ഫോടനത്തിൽപ്പെട്ടതോടെ മേഖലയിൽ കടുത്ത ആശങ്ക ഉയർന്നിരിക്കുകയാണ്.
കടലിൽ സ്ഥാപിച്ച മൈനുകളിൽ തട്ടിയാണ് കപ്പലുകൾ പൊട്ടിത്തെറിച്ചതെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് സ്ഥിരീകരിച്ചു. സംഭവത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ, ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ നാലുപേരെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. അമേരിക്കയുടെ സഹായത്തോടെ രാജ്യത്ത് അട്ടിമറി പ്രവർത്തനങ്ങൾക്കായി എത്തിയ തീവ്രവാദ സംഘമാണിതെന്ന് റെവല്യൂഷണറി ഗാർഡ് ആരോപിച്ചു. അറസ്റ്റിലായവരിൽ നിന്ന് 52 കലാഷ്നിക്കോവ് റൈഫിളുകൾ ഉൾപ്പെടെയുള്ള വൻ ആയുധശേഖരം സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
ഭൂഗർഭ മിസൈൽ കേന്ദ്രം വീണ്ടും പ്രദർശിപ്പിച്ച് ഇറാൻ
ടെഹ്റാൻ: ആക്രമണങ്ങൾക്കും സാമ്പത്തിക ഉപരോധങ്ങൾക്കും തങ്ങളുടെ ആയുധശേഷിയെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഇറാന്റെ പ്രഖ്യാപനം.
നവീകരിച്ച മിസൈൽ സംവിധാനങ്ങളും ഭൂഗർഭ സൈനിക കേന്ദ്രങ്ങളും പുതിയ ഇരട്ട മിസൈൽ ലോഞ്ചറും ലോകത്തിനു മുന്നിൽ ഇറാൻ പ്രദർശിപ്പിച്ചു.
ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) കമാൻഡർ മേജർ ജനറൽ അഹ്മദ് വഹിദി ഭൂഗർഭ മിസൈൽ കേന്ദ്രം സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പുറത്തുവിട്ടു.
രണ്ടു ദ്രാവക ഇന്ധന മിസൈലുകൾ ഒരേസമയം വിക്ഷേപിക്കാൻ കഴിയുന്ന ഇരട്ട മിസൈൽ ലോഞ്ചർ ഇറാൻ പുറത്തിറക്കിയിട്ടുണ്ട്.
നവീകരിച്ച മിസൈലുകളുടെയും വിക്ഷേപണ സംവിധാനങ്ങളുടെയും നീണ്ടനിര ഭൂഗർഭ ആയുധപ്പുരയിലെ പ്രദർശനത്തിൽ കാണാം. കഴിഞ്ഞ ആഴ്ചയും ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ ദൃശ്യങ്ങൾ ഇറേനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു.
