പരവൂർ: സംസ്ഥാനത്തെ നഴ്സറികളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും ജീവനുള്ള സസ്യങ്ങൾ തപാൽ വഴി സുരക്ഷിതമായി അയയ്ക്കുന്നതിന് ഇന്ത്യ പോസ്റ്റ് ആരംഭിച്ച പുതിയ സംവിധാനത്തിന് വൻ ജനപ്രീതി.ഗ്രീൻ എക്സ്പ്രസ് എന്ന് പേരിട്ടിരിക്കുന്ന ഈ നൂതന പരീക്ഷണ പദ്ധതിയിലൂടെ ആദ്യ മാസത്തിൽ തന്നെ 5.5 ലക്ഷം രൂപയുടെ വരുമാനമാണ് തപാൽ വകുപ്പ് നേടിയത്. തിരുവനന്തപുരം, കോഴിക്കോട്, വയനാട് ജില്ലകളിലെ പ്രമുഖ നഴ്സറികളും ചെറുകിട കച്ചവടക്കാരും നിലവിൽ ഈ പാഴ്സൽ സൗകര്യം വിപുലമായി പ്രയോജനപ്പെടുത്തുന്നുണ്ട്.
സംസ്ഥാനത്തുടനീളം 24 മുതൽ 48 മണിക്കൂറിനുള്ളിൽ ചെടികൾ കേടുപാടുകൾ കൂടാതെ നിശ്ചിത കേന്ദ്രങ്ങളിൽ എത്തിക്കുന്ന രീതിയിലാണ് ഈ സംവിധാനം ക്രമീകരിച്ചിരിക്കുന്നത്. ബുക്ക് ചെയ്യുന്ന ഉപയോക്താക്കൾക്ക് തങ്ങളുടെ പാഴ്സലുകൾ കൃത്യമായി ട്രാക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. കാർഷിക, ഹോർട്ടികൾച്ചർ മേഖലകൾക്ക് ശക്തമായ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ പോസ്റ്റ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.
വാണിജ്യ നഴ്സറികൾ, സ്വതന്ത്ര സസ്യ വിൽപനക്കാർ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ, ചെടികൾ അയയ്ക്കാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ എന്നിവർക്ക് ചെലവ് കുറഞ്ഞതും വിശ്വസനീയവുമായ ലോജിസ്റ്റിക്സ് പിന്തുണ നൽകാൻ ഇതിലൂടെ സാധിക്കുന്നുണ്ട്.തപാൽ ശൃംഖലയിലെ സോർട്ടിംഗ് സെന്ററുകൾ, ട്രാൻസിറ്റ് ഹബ്ബുകൾ, അന്തിമ വിതരണ കേന്ദ്രങ്ങൾ എന്നിവടങ്ങളിലെല്ലാം ഈ വിഭാഗത്തിൽപെടുന്ന പാഴ്സലുകൾക്ക് ഉയർന്ന മുൻഗണനയാണ് നൽകുന്നത്.
ചെടികളുടെ ഗുണനിലവാരം നഷ്ടപ്പെടാതെ വേഗത്തിൽ എത്തിക്കാൻ ഇത് സഹായിക്കുന്നു.സസ്യ പ്രേമികൾക്കിടയിൽ പ്രചാരണം ശക്തമായതോടെ കൂടുതൽ ആളുകൾ നിലവിൽ ഈ സേവനം തെരഞ്ഞെടുക്കുന്നുണ്ട്. തപാൽ വകുപ്പ് നേരിട്ട് വീട്ടുപടിക്കൽ ചെടികൾ എത്തിച്ചു നൽകുന്നതോടെ സസ്യ വ്യാപാര രംഗത്ത് വലിയ ചലനമുണ്ടാകുമെന്നാണ് കരുതുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങളോടെ പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
