കൊച്ചി: കുംഭമേള വൈറല്‍ പെണ്‍കുട്ടിക്ക് വീണ്ടും പോലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി. സംരക്ഷണം ഒരുക്കാന്‍ പാലാരിവട്ടം പോലീസിന് കോടതി നിര്‍ദേശം നല്കി. ഹര്‍ജിയില്‍ പാലാരിവട്ടം പോലീസിനെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.
തന്റെ ജീവന് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടി നേരത്തെ നല്കിയ ഹര്‍ജിയില്‍ സുരക്ഷ നല്കാന് എറണാകുളം സെന്‍ട്രല്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെയും ഭര്‍ത്താവിനെയും കണ്ടെത്താന്‍ കഴിയുന്നില്ലെന്ന് കാട്ടി പോലീസ് സുരക്ഷ പിന്‍വലിച്ചിരുന്നു.
പെണ്‍കുട്ടിയും ഭര്‍ത്താവും നല്കിയ മേല്‍വിലാസത്തിലോ നമ്പറിലോ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പെണ്‍കുട്ടിയുടെ പതിവ് രീതിയാണിതെന്നുമായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. പിന്നാലെ പെണ്‍കുട്ടി സംരക്ഷണം ആവശ്യപ്പെട്ടാല്‍ മാത്രം നല്കിയാല് മതിയെന്ന് പോലീസിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം സംരക്ഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി വീണ്ടും സെൻട്രല്‍ പോലീസിനെ സമീപിക്കുകയായിരുന്നു. തന്റെ പാസ്പോര്‍ട്ടും പണവും പിതാവും സംഘവും അപഹരിച്ചെന്നും പെണ്‍കുട്ടി പോലീസിനെ അറിയിച്ചു.
അതേസമയം മധ്യപ്രദേശ് പോലീസില്‍ പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പോക്സോ കേസ് പരാതിയില്‍ ഭര്‍ത്താവ് മുഹമ്മദ് ഫര്മാന് പ്രതിയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫര്ഹാന് തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
