ജനങ്ങള്‍ക്ക് ഇരുട്ടടി കൊടുത്ത് ബാങ്കുകള്‍; ഒരു മാസം ഇടപാടുകള്‍ നാലുതവണയില്‍ കൂടിയാല്‍ ‘150 രൂപ സര്‍വീസ് ചാര്‍ജ്’

bank600ന്യൂഡല്‍ഹി: ആളുകളെ കൂടുതല്‍ ദുരിതത്തിലാക്കാന്‍ വീണ്ടും ബാങ്കുകള്‍. ഒരു മാസത്തില്‍  നാല് ഇടപാടുകളില്‍ കൂടുതല്‍ നടത്തിയാല്‍ ഓരോ ഇടപാടിനും 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് എന്നീ സ്വകാര്യബാങ്കുകളുടെ തീരുമാനം. ഈ ബാങ്കുകളും ഈ രീതി പിന്തുടരാന്‍ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. സേവിംഗ്, സാലറി അക്കൗണ്ടുകള്‍ക്കും ഇത് ബാധകമാണ്. ഇതു സംബന്ധിച്ച് എച്ച്.ഡി.എഫ്.സി സര്‍ക്കുലര്‍ മാര്‍ച്ച് ഒന്നിനാണ്് പുറത്തിറക്കിയത്. മറ്റ് ബാങ്കുകള്‍ ജനുവരി മുതല്‍ ചാര്‍ജ് ഈടാക്കി തുടങ്ങിയിരുന്നു. നവംബര്‍ എട്ടിന് നോട്ട് പിന്‍വലിക്കല്‍ ഉത്തരവ് വന്നതിനു ശേഷം പല ബാങ്കുകകളും സാമ്പത്തിക ഇടപാടിന് ചെറിയ ചാര്‍ജുകള്‍ ഈടാക്കിയിരുന്നുവെങ്കിലും പിന്നീട് പരിധി വര്‍ധിപ്പിക്കുകയായിരുന്നു.

കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ചാര്‍ജുകള്‍ കൊണ്ടുവരുന്നതെന്നാണ് ബാങ്കുകള്‍ പറയുന്നത്. എച്ച്.ഡി.എഫ്.സി ബാങ്കില്‍ സര്‍ക്കുലര്‍ പ്രകാരം ഹോം ബ്രാഞ്ചില്‍ നിന്ന് മാസത്തില്‍ നാലു തവണ സൗജന്യമായി പണമിടപാട് നടത്താം. അതിനു ശേഷമുള്ള ഓരോ ഇടപാടിനും 150 രൂപ വീതം ചാര്‍ജ് നല്‍കണം. എന്നാല്‍ കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടേയും പേരിലുള്ള അക്കൗണ്ടുകള്‍ക്ക് ഈ നിബന്ധന ബാധകമല്ല.ഒരാള്‍ക്ക് സേവിംഗ്/സാലറി അക്കൗണ്ടുകളില്‍ നിന്ന് മാസത്തില്‍ രണ്ടു ലക്ഷം രുപ വരെ പിന്‍വലിക്കാം. ഇതില്‍ കൂടുതലായാല്‍ പിന്നീടു പിന്‍വലിക്കുന്ന ഓരോ 1000 രൂപയ്ക്കൂം അഞ്ചു രൂപ വീതം ചാര്‍ജ് ഈടാക്കും. തേര്‍ഡ് പാര്‍ട്ടി കാഷ് ട്രാന്‍സാക്ഷനുകള്‍ പ്രതിദിനം 25,000 രൂപയാണ്. നേരത്തെ 50,000 രൂപയ്ക്കായിരുന്നു ചാര്‍ജ് ഈടാക്കിയിരുന്നത്. മറ്റ് ബ്രാഞ്ചുകളിലെ ഇടപാടുകള്‍ക്ക് 25,000 രൂപവരെ ചാര്‍ജില്ല. 25000ല്‍ കൂടിയാല്‍ ചാര്‍ജ് ഉണ്ടാകും. ഐ.സി.ഐ.സി.ഐ ബാങ്ക് പുറത്തെ ഇടപാടുകള്‍ ദിവസം 50,000 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ആക്‌സിസ് ബാങ്ക് ഹോം ബ്രാഞ്ചില്‍ നിന്ന് മാസം ഒരു ലക്ഷം രൂപയുടെ ഇടപാടുകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്തായാലും ജനങ്ങള്‍ക്ക് ഇരുട്ടടിയാണ് സ്വകാര്യബാങ്കുകളുടെ പുതിയ നടപടി.

Related posts